2016, മേയ് 4, ബുധനാഴ്‌ച

ഡിലൈല .......
.
നിന്റെ കാമമോഹിത കരവലയങ്ങളിൽ
മയങ്ങിയുറങ്ങി ഞാൻ ...
സാംസൺ വിശ്വത്തിലെ ഏറ്റവും ശക്തിയാർന്നവൻ ...
കാമം .........
ഉന്മാദ കാമം ...
മനസ് മയങ്ങിയ നേരം ...
എന്റെ .. മുടിയിഴകളിൽ ഒളിപ്പിച്ച ശക്തിയുടെ
സ്രോതസുകളെ നീ ശത്രുവിന് ഒറ്റിയത് ആ ഇരവിലാണ് !!
നിന്റെ ചതിയുടെ ചങ്ങലപ്പൂട്ടുകൾ
എന്നെ അവരണിയിക്കുമ്പോൾ .....
നീ ശത്രുവിന്റെ കിടക്കവിരി നിവർത്ത് വിരിച്ചിരുന്നു ..
എന്റെ മുടിയിഴകൾ വെട്ടി മാറ്റി
അവരെന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച നേരം
ഞാൻ അവസാനമായി കണ്ടത് നിന്റെ
പരിഹാസം നിറഞ്ഞൊരു ചിരിയായിരുന്നു ..
.
ഡിലൈല .........
.
എന്റെ കണ്ണുകൾ അവരു ചൂഴ്ന് എടുത്തു
നിറങ്ങളെല്ലാം കട്ടെടുത്തു ......
നാല് തണുത്ത ചുവരുകളും ....
ചങ്ങലക്കിലുക്കവും മാത്രമായി .......
തടവറ !!
അട്ടയും പഴുതാരയും എന്നിലൂടെ ഇഴഞ്ഞു
തണുത്ത മരണം നാവു നുണഞ്ഞു കാത്തിരുന്നു ..
അകലെ ഏതോ അന്തപ്പുരത്തിൽ ..
ആരുടെയോ കരവലയത്തിൽ .......
നിന്റെ പൊട്ടിച്ചിരിയും കിണുങ്ങലും .........
താഴ്വാരത്തെങ്ങൊ എന്റെ കുതിരയും അനാഥം !!
.
ഡിലൈല .........
.
സൂര്യനെ ഞാൻ അറിഞ്ഞില്ലാ
അമ്പിളി അറിഞ്ഞില്ലാ
ഇടയ്ക്കൊരു വസന്തം മണത്തും ഇല്ലാ ....
പക്ഷെ ............
മുടിയിഴകൾ വീണ്ടും ഇടതൂർന്നു ..........
ചതിയുടെ ഇരുണ്ട ഗഹ്വരത്തിൽ .......
സാംസൻ വീണ്ടും ഉണർന്നു ..............
ചങ്ങലകൾ ഭേദിച്ച് ......
ചുരുകൾ പൊളിച്ചു ...........
നിന്റെ മണം ഞാൻ തേടി .........
ദേവാലയ മുട്ടത്തു നിന്റെ മൊഴിക്കിലുക്കം !!!
.
ഡിലൈല .............
.
അവസാനിക്കുന്നോക്കെയും ..........
ഈ തൂണുകൾ തകരട്ടെ ......
കാപട്യത്തിന്റെ ഈ മേൽക്കൂരകൾ ഒടുങ്ങട്ടെ ......
എനിക്ക് മണം അറിയാം നിന്റെ മണം ...
ഈ ദേവാലയത്തിന്റെ മേൽക്കൂര താഴേക്കു പതിക്കുമ്പോൾ ...
ഞാനും നീയും അവസാനിക്കും .......
കാപട്യത്തിന്റെ ഈ താങ്ങ് തൂണുകൾ ഞാൻ ഭേദിക്കുന്നു ...
.
ഡിലൈല ......................
.
എന്റെ കരവലയത്തിലേക്ക് വരിക .........
നീ മോഹിപ്പിച്ച ഈ ഉടലിലേക്ക് വരിക .........
നീ കുടിയിരുന്ന ഈ ഹൃദയത്തിന്റെ മിടിപ്പ് നീ കേൾക്കുക ...
ഇനി നേരമില്ലാ .......
തൂണുകൾ ഇളകുന്ന ശബ്ദം നീ കേൾക്കുന്നുവോ ?
ഉയരത്തിൽ നിന്നെ കാത്തു വച്ചതൊക്കെ
നിലം പതിക്കുവാൻ സമയം തീരെയില്ല അറിയണം നീ
എന്നിലേക്ക്‌ വരിക ............
ഞാൻ എല്ലാം നശിപ്പിച്ചു സ്വയം ഒടുങ്ങുംപോൾ .......
അവസാന കേൾവി നിന്റെ ചിരിയാവണം ......
കിണുങ്ങി കിണുങ്ങി നീ പറയണം ..........
സാംസൻ ഞാൻ നിന്റെ എന്ന് .........
അതോടെ നിശബ്ദയാവുന്ന നിന്നെ ചേർത്തു വച്ചു
ഈ മേല്കൂരയ്ക്കു സാംസൻ കീഴടങ്ങും ........
.
ഡിലൈല............
.
ഡിലൈല ............
[ഗ്രീക്ക് പുരാണത്തിലെ ഒർഫിയൂസിന്റെയും യൂറിദീസിന്റെയും കഥയെ ഉപജീവിച്ചു എഴുതിയതാണ് .. വായിച്ചു ദയവായി അഭിപ്രായം എഴുതുക ]
---------------------------------------------------------------------------------------
ഗന്ധർവ ഗായകൻ
=========================================
ഒർഫിയൂസ് .....
ഗന്ധർവ ഗായകാ ... നീ ഇനിയും പാടുക .....
വിഷാദാത്മകമെങ്കിലും ....
ഹൃദയമുരുകി നീ പാടുമ്പോൾ .....
ഞങ്ങൾക്ക് മൌനമായിരിക്കാൻ ആവുന്നില്ലല്ലോ ..
ഒർഫിയൂസ് ....
നിന്റെ പ്രിയപ്പെട്ടവളുടെ ജീവൻ ...
അധോലോകത്തിന്റെ കാവലാളുകൾ ...
കടത്തി കൊണ്ട് പോയിരിക്കുന്നു ......
അന്ന് നിങ്ങളുടെ വിവാഹ നാളിൽ ......
നിന്റെ സംഗീതത്തിന് ചുവടൊപ്പിച്ചു ...
നിന്റെ പ്രിയപ്പെട്ടവൾ യൂറിദീസ് നൃത്തം ചവുട്ടിയത്‌ ....
അസൂയാലുക്കളെ ഭ്രാന്തു പിടിപ്പിച്ചിരുന്നു ഒർഫിയൂസ് ...
ഒർഫിയൂസ് ഗന്ധവ ഗായകാ നീ ഇനിയും പാടുക ...
മരിച്ചവരുടെ ലോകത്തേക്ക് നീ പോകണം ......
നിന്റെ ഈ മനോഹരമായ സന്ദേശം കൊണ്ട് ...
അവിടെ ഉള്ള കരി പിടിച്ച മനസുകളെ നീ ആർദ്രമാക്കുക ...
എന്നിട്ട് നീ അവളെ തിരികെ കൊണ്ട് വരിക ....
നിനക്കതിനാവും ഒർഫിയൂസ്...
നിന്റെ സംഗീതം നിന്നെ സഹായിക്കും ...
ജീവിക്കുന്നവരുടെ ഈ ലോകത്ത് ഞങ്ങൾ നിങ്ങളെ കാത്തിരിക്കാം ..
-----------------------------------------------------------------------------
ഒർഫിയൂസ് എന്റെ പ്രിയപ്പെട്ടവനെ .........
ആരും വന്നെത്താത്ത ഈ ലോകത്ത് .....
നീ എന്നെ തേടി വന്നുവല്ലോ ....
കാരിരുമ്പിന്റെ മനസുള്ള .....
മരിച്ചു പോയവരുടെ ലോകത്തെ ദേവതകൾ ...
അവരെ ആ മനസുകളെ നിന്റെ സംഗീതം ആർദ്രമാക്കി ...
ഇന്നേ വരെ ആർക്കും ആവാത്ത വിധം നീ എന്നെ മോചിപ്പിച്ചു ....
ഒർഫിയൂസ് എന്റെ പ്രിയപ്പെട്ടവനെ ......
എങ്കിലും ഹേയ്ട്സിന്റെ ചതി .......
എനിക്ക് നിന്നോടൊപ്പം പോരാൻ ആവുന്നില്ലല്ലോ ഒർഫിയൂസ് ...
തിരിഞ്ഞു നോക്കാതെ വേണം ...
മരിച്ചവരുടെ ലോകത്തിന്റെ അതിർത്തി ...
നീ കടന്നു പോകേണ്ടതെന്ന കരാർ അവൻ ചതിച്ചു തെറ്റിച്ചു ....
ഒർഫിയൂസ് പ്രിയപ്പെട്ടവനെ എനിക്ക് മടങ്ങിയെ പറ്റൂ ....
മരിച്ചവരുടെ ലോകത്തിലെ ഇരുളിലേക്ക് എനിക്ക് പോയെ മതിയാവൂ ....
കാത്തിരിക്കും ഒർഫിയൂസ് ..........
പ്രിയപ്പെട്ടവനെ എന്നെ ഞാനാക്കിയ നിന്റെ സംഗീതം ....
എന്നെ നിന്നിൽ അലിയിച്ച നിന്റെ പ്രണയം ......
ഇരുണ്ട ഈ ലോകത്തെ എന്റെ തടവ്‌ പോലും ....
നിന്റെ ഓർമകളിൽ എനിക്ക് മധുരതരം ആയി മാറും ......
ഒർഫിയൂസ് പ്രിയപ്പെട്ടവനെ .......
ഞാൻ കാത്തിരിക്കാം ....
ഞാൻ കാത്തിരിക്കാം ......
മരിച്ചവരുടെ ഈ ലോകത്ത് മരിക്കാത്ത മനസും .......
നിന്നോടുള്ള മരിക്കാത്ത പ്രണയവുമായി ഞാൻ കാത്തിരിക്കാം ...
---------------------------------------------------------------------
ദയൊനീഷ്യസ് .........
നീ എനിക്ക് വിധിച്ച മരണം .......
മീനാട്സിന്റെ ഘട്ഗം ......
എന്റെ ഹൃദയം കീറി അകത്തു കയറുമ്പോൾ ഞാൻ സന്തുഷ്ടനായിരുന്നു ..
ദയൊനീഷ്യസ്.........
ഒർഫിയൂസ് ഒരു ഭീരുവായിരുന്നു .....
ഞാൻ എന്നേ മരിക്കേണ്ടവനായിരുന്നു ........
എന്റെ യൂറിദീസ് ....
അവളോടൊപ്പം അന്നേ മരിച്ചിരുന്നു എങ്കിൽ ...
എനിക്കിന്ന് അധോലോകത്ത് അവളോടൊപ്പം കഴിയാമായിരുന്നു ..
ഒർഫിയൂസ് ഒരു ഭീരുവായിരുന്നു .......
രണ്ടു വട്ടം എനിക്ക് അവസരം കിട്ടിയതാ ദയൊനീഷ്യസ് ....
എന്നിട്ടും എനിക്കതിനായില്ല .......
ഇപ്പൊ നീ ഈ മരണത്തിലൂടെ ....
എനിക്കെന്റെ പ്രിയപ്പെട്ടവളെ തിരികെ നൽകിയിരിക്കുന്നു ...
ദയൊനീഷ്യസ് .......
ഞാൻ യാത്രയാവട്ടെ .........
എനിക്ക് അവളോട്‌ ഒത്തു ചേരാൻ ധൃതിയായി ....
എന്റെ വീണ എനിക്ക് തിരികെ നല്കുക .......
ജീവനുള്ളവരുടെ ലോകത്തിനു ഞാൻ ....
എന്റെ അവസാന ഗാനം സമർപ്പിക്കട്ടെ ...
ഇനി ഞാനും എന്റെ സംഗീതവും ....
മരിച്ചു പോയവരുടെ ലോകത്ത് എന്റെ പ്രിയപ്പെട്ടവളോട് ഒപ്പം ..
ഇനി ഞാനും എന്റെ സംഗീതവും ....
മരിച്ചു പോയവരുടെ ലോകത്ത് എന്റെ പ്രിയപ്പെട്ടവളോട് ഒപ്പം ......
...................................................................................
ഒരു താബോർ വീണ ജീവനുള്ളവരുടെ ലോകത്തെ ...
അവന്റെ അവസാന ഗാനം പാടിയിരുന്നു ...
മരിച്ചവരുടെ ലോകത്ത് യൂറിദീസ് തന്റെ പ്രിയനെയും കാത്തിരുന്നു .....
ഒരു ചെറിയ കാറ്റ് ഒർഫിയൂസിനെ തഴുകി കടന്നു പോയി .....
അവൻ മെല്ലെ കണ്ണുകളടച് അവളിലേക്ക്‌ ഒഴുകി പോയി ....
-------------------------------------------------------------------------------
[ കൂട്ടുകാരോട് ഒരു വാക്ക്....തികച്ചും സ്വതന്ത്രമായ ഒരു രചനായണിത് ...ദയവായി വായിക്കണം നിങ്ങള്‍ ... എന്നിട്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത് ]
തലയോട്ടിയുടെ ഇടങ്ങളില്‍ ..............
============================
.
ː- ഇമ്മാനുവേല്‍ ... എന്റെ പ്രിയ സ്നേഹിതാ
ː- എന്താണ് ജുദാ ...
ː- ഇമ്മാനുവേല്‍ നാം പരാജയപ്പെട്ടു എന്നുറപ്പാണോ ?
ː- അതെ ജുദാ നാം പരാജയപ്പെട്ടു .. നമ്മുടെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയി ജുദാ ... നോക്ക് പന്ത്രണ്ട് ഗോത്രങ്ങള്‍ അയി പിരിഞ്ഞു നിന്ന് ഇപ്പോഴും പോരടിക്കുന്ന ഈ ജനത്തിനെ ഒന്നിച്ചു നിര്‍ത്താന്‍ നമുക്കാവില്ല ... നാം അവരുടെ ഇടയില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ ഒക്കെയും കഴിവ് കുറഞ്ഞവരോ ആത്മവിശ്വാസം ഇല്ലാതെ പോയവരോ ആയിരിക്കുന്നു .. അവര്‍ക്ക് നാളെയെ കുറിച്ചു പ്രതീക്ഷ നഷ്ടമായിരിക്കുന്നു ജുദാ ...
ː- ഇമ്മാനുവേല്‍ നീ എന്താണ് ഉദ്ദേശിക്കുന്നത് ...
ː- ജുദാ നീ അറിയുന്നില്ലേ വിവരങ്ങള്‍ അസാമാന്യ ശേഷിയോടെ പുറപ്പെട്ടു വരുന്ന പടയുടെ കാലടിയോച്ചകള്‍ നീ കേള്‍ക്കുന്നില്ലേ ജുദാ ? അവര്‍ നമ്മോടുള്ള ശത്രുത ഈ ജനത്തിന്റെ മേല്‍ ചൊരിയും ... ഇവരുടെ കഷ്ടതകള്‍ ഇരട്ടിക്കും ജുദാ തെരഞ്ഞെടുക്കപ്പെട്ടവരെ ഒക്കെ അവര്‍ കൊന്നൊടുക്കും .. നമ്മുടെ സാധ്യതകള്‍ അവസാനിച്ചിരിക്കുന്നു ജുദാ നമുക്ക് മുന്നില് അധികം വഴികള്‍ അവശേഷിക്കുന്നില്ല തന്നെ .. ഒരു ചെറുത്തു നില്‍പ്പ് പ്രായോഗികം അല്ലാ ജുദാ നിനക്ക് മനസിലാകുന്നുണ്ടോ ...
ː- അറിയാം ഇമ്മാനുവേല്‍ ... നാം ചെറുത്തു നില്ക്കാന്‍ ശ്രമിച്ചാല്‍ കുറെ അധികം ആളുകള് നമ്മോടൊപ്പം ഉണ്ടാവും ഉറപ്പ് പക്ഷെ ശരിയായ പരിശീലനവും ശക്തമായ ആയുധ സന്നാഹങ്ങളും ഉള്ള സൈന്യത്തോട് എതിരിടാന്‍ അത് മതിയാവില്ല ... ഫലത്തില്‍ നമ്മെ അനുകൂലിക്കുന്നവര്‍ നാം ബലി കൊടുക്കുന്നതിനു തുല്യം ആവും അത് .. പക്ഷെ ഇമ്മാനുവേല്‍ നമുക്കെന്തു ചെയ്യാന്‍ ആവും ?
ː- സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു ... ഒഴിഞ്ഞു പോകാന്‍ നമുക്കാവില്ല ജുദാ ഈ നഗരം വളയപ്പെട്ടു കഴിഞ്ഞിരിക്കുന്നു ചാരന്മാര്‍ എങ്ങും ഉണ്ട് .. എന്താണ് വേണ്ടതെന്നു എനിക്ക് ഒരു വഴിയും തോന്നുന്നില്ല ജുദാ ...
ː- ഇമ്മാനുവേല്‍ ... നമുക്കൊരു ഒത്തു തീര്‍പ്പിന് ശ്രമിക്കരുതോ ? ഈ ജനത്തിന്റെ ജീവനെങ്കിലും നമുക്ക് രക്ഷിക്കാന്‍ ആയേക്കും ...
ː- ജുദാ നീ എന്താണ് ഉദ്ദേശിക്കുന്നത് പ്രിയ സ്നേഹിതാ ....
ː- ഇമ്മാനുവേല്‍ പീലാത്തോസ് ഒരു നല്ല മനുഷ്യനാണ് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ കഴിയുന്ന ആള് തന്നെ ആണ് ... അയാളുടെ പിന്തുണ കിട്ടിയാല്‍ നമുക്കൊരു പക്ഷെ നമ്മുടെ ശത്രുക്കളും ആയി ഒരു ഒത്തു തീര്‍പ്പില്‍ എത്താന്‍ ആയേക്കും .....
ː- പക്ഷെ എങ്ങനെ ആരു സംസാരിക്കും ജുദാ .... നമുക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലല്ലോ ... ഇനി അഥവാ സംസാരിച്ചിട്ടു ഫലവത്തായില്ലെങ്കില്‍ ഈ സംസാരിക്കുന്ന ആളിനെ ഒറ്റുകാരന്‍ എന്ന് വിളിക്കില്ലേ നമ്മുടെ കൂട്ടത്തില്‍ ഉള്ളവര്‍ ? .. അതൊരു വലിയ സാഹസം ആവില്ലേ ജുദാ ആരു ശ്രമിച്ചാലും ..
ː- ഇമ്മാനുവേല്‍ .... മാറ്റാരെയും ഇതില്‍ ഇടപെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല ... ഞാന്‍ പോകും ഇമ്മാനുവേല്‍ ... എന്ത് തന്നെ വന്നാലും ഞാന്‍ സഹിക്കാന്‍ തയാറാണ് ...
ː- ജുദാ ..... നീയോ .... അത് വേണ്ടാ
ː- വേണം ഇമ്മാനുവേല്‍ ....... ഈ നന്ദികെട്ട ജനത്തിന്റെ ജീവന്‍ രക്ഷിക്കണം .. ഒരായിരത്തിന്റെ ബലി ഒഴിവാക്കാന്‍ ഒരു അവസാന ശ്രമം ..
ː- ജുദാ .... ബാല്യകാലം മുതല്‍ തന്നെ നാം ഒന്നിച്ചുണ്ട് ... ജുദാ നമുക്ക് പരസ്പരം അറിയാവുന്നത് പോലെ മാറ്റാര്‍ക്കും നമ്മെ അറിയാന്‍ ആവുകയും ഇല്ലാ .. സുഹൃത്തെ ഇനിയുള്ള വഴികളില്‍ നീ ഒപ്പം ഇല്ലാതെ എനിക്കെങ്ങനെ ചലിക്കാന്‍ ആവും ജുദാ ... ഒരുവേള നിന്റെ ശ്രമം പരാജയം ആയാല്‍? ... ഈ ജനതയുടെ മുന്നില്‍ നീ ഒറ്റുകാരനാവും ... അവര്‍ നിന്നെ പുച്ഛിക്കും ജുദാ .. തലമുറകളോളം ശാപമായി അവശേഷിക്കും ... വേണ്ട ജുദാ നമുക്ക് മറ്റു വഴികള്‍ നോക്കാം സുഹൃത്തെ ... ജന്മം മുതല്‍ ആരോരും ഇല്ലാതെ പോയവനാണ്‌ ഈ ഇമ്മാനുവല്‍ ... എനിക്കാകെ ഉണ്ടായിരുന്നത് നീ മാത്രമാണ് ജുദാ നീ പോകരുത് ...
ː- ഇമ്മാനുവേല്‍ നീ പറഞ്ഞതാണ് സത്യം ... നമുക്ക് പരസ്പരം അറിയും പോലെ ആര്‍ക്കും നമ്മെ അറിയില്ലാ ഇമ്മാനുവേല്‍ ... അത് കൊണ്ട് തന്നെ ഈ വിഷയം സംസാരിക്കാന്‍ മറ്റൊരാളെ ഇടപെടുത്തുവാന്‍ എനിക്ക് കഴിയില്ല ... സുഹൃത്തേ ... എനിക്ക് മറ്റാരെയും വിശ്വാസമില്ല എന്നതാണ് സത്യം .. നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കണം ഇമ്മാനുവേല്‍ .. ഞാന്‍ കൃത്യമായ ഒരു ഉടമ്പടി ഉണ്ടാക്കി തിരികെ വരും .. ഇല്ലെങ്കില്‍ ജുദാ ജീവിച്ചിരിപ്പില്ലാ എന്ന് കരുതണം ഇമ്മാനുവേല്‍ .. പിന്നെ കുറ്റപ്പെടുത്തലുകളും ചീത്തപ്പേരും .. അത് ഞാന്‍ കാര്യമാക്കുന്നില്ല ഇമ്മാനുവേല്‍ .. ഈ നന്ദികെട്ട ജനതയുടെ ആക്രോശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല തന്നെ .... നമ്മുടെ ലക്‌ഷ്യം വലുതാണ്‌ .. ഈ ജനതയുടെ .. ആയിരക്കണക്കിന് നിസഹായരായ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ ഇമ്മാനുവല്‍ അതിനു വേണ്ടി ഞാന്‍ ബലിയാടായാലും എനിക്ക് അതില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ .. ഞാന്‍ വരട്ടെ ...
---------------------------------------------------------------------------------------------------
തലയോട്ടികളുടെ ഇടത്തേക്ക് ഇമ്മലുവല്‍ കുരിശു ചുമന്നു നടന്നു പോയി .... ജുദായുടെ പ്രിയ തോഴന്‍ ... അവന്‍ അവന്റെ അവസാന പൊതുയാത്ര നടത്തുന്ന നേരം അരിമാത്യക്കാരന്‍ ജൊസഫ് ജുദായുടെ നിര്‍ദേശം അനുസരിച്ചു കാത്തിരുന്നു ... കല്ലറയില്‍ വിശേഷപ്പെട്ട രഹസ്യ മരുന്നുമായി വൈദ്യന്മാരും കാത്തിരുന്നു .. പീലാത്തോസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു ആശങ്കയോടെ അതിന്റെ പൂര്‍ണത കാത്തിരുന്നു ... ഇടിവെട്ടി മഴ പെയ്തു ..... ഭൂകമ്പം ഉണ്ടായി ... പ്രകൃതി ഇമ്മാനുവേലിന്റെ വിപ്ലവത്തിന് അവസാന രംഗം കുറിച്ചു
.
നിഗൂഡമായ ഒരിടത്ത് ഇരുന്നു ജുദാ പുഞ്ചിരിച്ചു ...... തന്റെ പ്രിയ സ്നേഹിതനെ തന്നെ കൂടെപ്പിറപ്പിനെക്കാളും സ്നേഹിച്ച ഇമ്മാനുവേല്‍ മൂന്നു ദിവസത്തിനകം സുഖം പ്രാപിക്കും എന്നും അതിനു ശേഷം തങ്ങളുടെ യാത്ര തുടങ്ങാം എന്നും അയാള്‍ കണക്കു കൂട്ടി ....... വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി ... അവസാനമായി യാത്രാമൊഴി ചൊല്ലുവാന്‍ അമ്മയെ ഒന്ന് കാണാന്‍ അനുവദിക്കണം എന്ന ഇമ്മാനുവേലിന്റെ ആവശ്യവും അവന്‍ സാധ്യമാക്കാന്‍ വേണ്ടത് ചെയ്തിരുന്നു ... എല്ലാം തന്റെ പദ്ധതി പ്രകാരം നടക്കണേ എന്ന് തന്നെ അവന്‍ ആഗ്രഹിച്ചു .....
------------------------------------------------------------------------------------------------
ː- ജുദാ പ്രിയ കൂട്ടുകാരാ ..........
ː- ഇമ്മാനുവേല്‍ .............
ː- നീ ഒക്കെ ഭംഗിയാക്കി ജുദാ ..... എങ്ങും ഒരു പിഴവും സംഭവിച്ചില്ല പക്ഷെ .....
ː- എന്ത് പക്ഷെ ഇമ്മാനുവേല്‍ ?
ː- എല്ലാവരും നിന്നെ ചതിയന്‍ എന്നും ഒറ്റുകാരന്‍ എന്നും വിളിക്കുന്നു ജുദാ ... തലമുറകളോളം ആ ശാപം നിലനില്ക്കും നിന്റെ കുടുംബത്തിന്റെ പേരിനൊപ്പം .......എനിക്ക് വേണ്ടി നീ തലയെറ്റിയ ഈ ശാപം ..
ː- ഇമ്മാനുവേല്‍ ഇത് നിനക്ക് വേണ്ടി അല്ലാ കൂട്ടുകാരാ ...... നാമിത് ചെയ്തിരുന്നില്ലാ എങ്കില്‍ ഈ ജനത ഒട്ടാകെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തേനെ ജുദാ ... റോമന്‍ സൈനിക ശക്തി നമുക്കറിയുന്നതല്ലേ ...... പിന്നെ എന്റെ കാര്യം ... ഇന്നത്തോടെ ജുദാ അവസാനിച്ചു പോകും ....... ചരിത്രം ജുദായെ ചതിയനെന്നോ ഒറ്റുകാരന്‍ എന്നോ കുട്ടപ്പെടുത്തിയെക്കാം ഒരായിരം ശവശരീരങ്ങളെക്കാലും വലുതല്ലല്ലോ ഇമ്മാനുവേല്‍ ഈ ചീത്തപ്പേര് ...... പിന്നെ ആരും ഇനി മേല്‍ ജുദായെ അന്വേഷിക്കയില്ല ... പീലാത്തോസ് എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ... ജുദാ ഇന്ന് കൊല്ലപ്പെടും .... പീലാത്തോസ് അത് ഔദ്യോഗികമായി സ്ഥിരീകരിക്കും .... ഈ ജനത ജുദായെ മറക്കും ഇമ്മാനുവേല്‍
ː- ജുദാ നീ എല്ലാം ആലോചിച്ചിരിക്കുന്നു കൂട്ടുകാരാ .....
ː- ഇമ്മാനുവേല്‍ ......... ഇന്നല്ലെങ്കില്‍ നാളെ ജനത നിന്റെ വാക്കുകള തിരിച്ചറിയും .. അന്ന് അവര്‍ നിന്നെ കേള്‍ക്കാതെ ഇരുന്നതിനു സ്വയം ശപിക്കും ഇമ്മാനുവേല്‍ ........ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒച്ചകള്‍ ആദ്യമാദ്യം നിഷേധിക്കപ്പെടും എങ്കിലും പിന്നെയത് ജനം നെഞ്ചിലെറ്റും ഇമ്മാനുവേല്‍ നമുക്ക് കാത്തു നില്കാന്‍ സമയമില്ല ....... ഒത്തിരി ഒത്തിരി ദൂരമുണ്ട് ....... ഹിന്ദുക്കുഷ് പര്‍വത നിരകടന്നു ഹിമാലയത്തിലേക്ക് ആയിരക്കണക്കിന് കാതം ദൂരമുണ്ട് ഇമ്മാനുവേല്‍ ...... നമുക്ക് പോകാം സുഹൃത്തെ ഇനി ശാന്തതയുടെ നാളുകള്‍ ... ഇനി ശാന്തതയുടെ നാളുകള്‍

ː- അന്നാ .....
ː- ജിയോണീസ് നീ വന്നുവോ ǃ
ː- എനിക്ക് വരാതിരിക്കാൻ ആവില്ലല്ലോ അന്നാ ...
ː- എനിക്കറിയാം ജിയോണീസ് .. പക്ഷെ ഇത്രയധികം വൈകിയപ്പോൾ ...
ː- വൈകിയപ്പോൾ ? ....... പറയൂ അന്നാ ഞാൻ വരില്ലാ എന്ന് കരുതിയോ നീ ?
ː- അങ്ങനെ അല്ലാ ജിയോണീസ് ... ഞാൻ ഭയന്നിരുന്നു ... ജിയോണീസ് ഈ ലോകം ക്രൂരമാണ് ... ചുറ്റും അപകടങ്ങൾ പതിയിരിക്കുന്നു ജിയോണീസ് ... ഞാൻ ശരിക്കും ഭയന്നു ... ദിയോജനീസിന്റെ കാലാളുകളെ ഇന്നും ഞാൻ കണ്ടിരുന്നു പൂന്തോട്ടത്തിൽ വച്ച് .. അവരെങ്ങും പതിയിരിക്കുന്നു ..
ː- അറിയാം അന്നാ ... ദിയോജനീസ് എന്നും നാം ഒന്നിക്കുന്നതിനു എതിരായിരുന്നു ... പക്ഷെ അന്നാ ഇനി നമ്മെ വേര്പെടുത്താൻ ഈ ലോകത്തൊരു ശക്തിക്കും ആവില്ല ... നീയും ഞാനും എന്നതിൽ നിന്ന് നാമെന്ന അവസ്ഥയിലേക്ക് എത്രയോ മുന്നേ നാം കടന്നിരുന്നതാണ് ...
ː- ജിയോണീസ് .........
ː- അതെ അന്നാ ... ഈ ലോകം നമുക്ക് വേണ്ടാ ... നമ്മെ സമാധാനമായി ജീവിക്കാൻ ഇവർ അനുവദിക്കയില്ല അന്നാ ... എനിക്കും യുദ്ധങ്ങൾ മടുത്തിരിക്കുന്നു ... ചോരപ്പുഴകളും കബന്ധങ്ങളും മുറിവുകളും രോദനങ്ങളും എനിക്ക് മടുത്തിരിക്കുന്നു .....
ː- നാം എന്ത് ചെയ്യും ജിയോണീസ് ... ഈ യാഥാർത്ഥ്യം നിഷേധിച്ചു മുന്നോട്ടു പോകാൻ നമുക്കാവില്ലല്ലോ ?
ː- ആവും അന്നാ ആവണം ....
ː- നാം എന്ത് ചെയ്യും ജിയോണീസ് ? ..
കരച്ചിലിന്റെ വക്കോളം എത്തിയ അന്ന ജിയോണീസിനെ കെട്ടിപ്പിടിച്ചു നിന്നു ...
ː- നാം എന്ത് ചെയ്യും ജിയോണീസ് ?
ː- നീ വിഷമിക്കേണ്ടതില്ല അന്നാ .... അങ്ങകലെ നമ്മുടെ കിനാവിടത്തു ഞാൻ മേഘങ്ങൾ കൊണ്ടൊരു കൊട്ടാരം ഒരുക്കിയിട്ടുണ്ട് ... അവിടെയ്ക്ക് പോകണം നമുക്ക് ... അവിടെ ഏറ്റവും മുകളിലായി നമ്മുടെ സ്വപ്‌നങ്ങൾ കൊണ്ട് അലങ്കരിച്ച അറയിലാണ് നമുക്ക് പോകേണ്ടത് ... അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യം നമുക്ക് തൽക്കാലം മറക്കാം .. എന്നിട്ട് അവിടെ ആ മേഘക്കൊട്ടാരത്തിലെ ഏറ്റവും മനോഹരമായ ഇടത്ത് പ്രണയം മാത്രം നിറയുന്ന ഇടത്ത് നീയും ഞാനും ..
ː- എന്നിട്ട് ?
ː- എനിക്ക് നിന്നിലലിഞ്ഞ് ചേരണം അന്നാ ..... നീയെന്നോ ഞാനെന്നോ വേർതിരിച്ചറിയാൻ ആവാത്ത വണ്ണം എനിക്ക് നിന്നിൽ ലയിക്കണം ...
ː- വേണ്ടാ ജിയോണീസ് ... എനിക്ക് നിന്നിലാണ് ലയിച്ചു ചേരേണ്ടത് ...
ː- അതിൽ വ്യത്യാസമില്ല അന്നാ ... നീ എന്നിലെന്നോ ഞാൻ നിന്നിലെന്നോ അല്ലാ ... നാം എന്നതിലാണ് കാര്യം ....
ː- ശരിയാണ് ജിയോണീസ് ...
ː- അതെ അവസാനം ജീവിതം സ്വപ്നത്തെക്കൾ മനോഹരമായിരിക്കുന്നു അന്നാ .....
ː- പ്രണയം പ്രണയമാണ് ജിയോണീസ് ... അമൂല്യമായ പ്രണയം ǃǃ
ː- അന്നാ ... ഒരു വേള ... ഇനിയും തടസ്സങ്ങൾ ഉണ്ടായേക്കാം ... ഈ ലോകം പിന്വിളികൾ കൊണ്ട് നമ്മെ തടഞ്ഞേക്കാം ... ദിയോജനീസിന്റെ കാലാളുകൾ നമുക്കിടയിലേക്ക്‌ ചാടിവീണെക്കാം ... എന്നാലും ... നമുക്കവിടെ എത്തിയെ പറ്റൂ അന്നാ ...
ː- എനിക്ക് ഭയമില്ല ജിയോണീസ് ....... തെല്ലും ഭയമില്ല ... നിന്റെ ഒപ്പം ഉള്ളപ്പോൾ എനിക്കൊന്നിനെയും ഭയമില്ല ..... പോകാം നമുക്ക്
=======================================================
അനന്തരം
മഴത്തുള്ളികൾ തമ്മിൽ എന്നത് പോലെ
അലിഞ്ഞലിഞ്ഞു ........
മേഘങ്ങളുടെ കൊട്ടാരത്തിൽ ഇന്നും അവരുണ്ട് .....
ഒന്നായി ...

ഒരുപാട് കല്ലെറിയപ്പെട്ട ....
ചില മനുഷ്യരുണ്ട് ǃǃ
പ്രതികരണത്തിന്റെ ഓരോ വഴിയും ..
നിസ്സംഗതയോടെ ഒഴിവാക്കിയവർ ..
എന്നുമെന്നും ഭൌതിക ഘോഷങ്ങളുടെ ..
പിന്നാമ്പുറത്തു കൂടി നടന്നു പോയവർ ..
അവരെ ആരും ശ്രദ്ധിച്ചിരിക്കയില്ല ...
ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിലേയ്ക്കു ..
കടന്നു വന്നപ്പോഴൊക്കെ ..
രൂപത്തിന്റെ ഭാവത്തിന്റെ പ്രവൃത്തിയുടെ ..
ചെറു പിഴവുകൾ കാട്ടി അവരെ നിങ്ങൾ കല്ലെറിഞ്ഞു ..
ചോര ചിന്തുന്ന ഉടലുമായവരോതുങ്ങി പോയിരുന്നു ..
ആരും ശ്രദ്ധിക്കാതെ ആർക്കും വേണ്ടാതെ ...
അങ്ങനെ സ്വയം ഒതുങ്ങി സ്വയം ഒതുങ്ങി ...
..
ഇനിയില്ലാ കണ്ണുനീർ ..
ഇനിയില്ല നേരവും ...
പാഴ്‌നിഴൽ പാടുകൾ ..
പിന്തുടരാൻ ഇനി
വയ്യാ ......
ഞാൻ നടക്കട്ടെ ...
എന്റെ കൈകൾ ..
മറ്റൊരു കൈ പിടിച്ചിരിക്കുന്നു ..
എന്റെ കാലുകൾ മറ്റൊരു കാല്പാടു പിന്തുടരുന്നു ..
എന്റെ കദനങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റപ്പെട്ടിരിക്കുന്നു
എന്റെ മനസ്സിൽ വീണ്ടും നിറങ്ങള നിറഞ്ഞിരിക്കുന്നു ...
ഞാൻ ഒരു മായാ വയലത്തിലാണ് ....
ഇനി മടക്കം ഇല്ലാ ......
ഉറപ്പ് ǃǃ
..
നിങ്ങളുടെ കല്ലേറുകൾ
ഇനി എന്നെ നോവിക്കില്ലാ
നിങ്ങളുടെ പരിഹാസം
ഇനി എന്നെ ബാധിക്കയില്ല
എന്തെന്നാൽ
ഞാൻ രക്ഷിക്കപ്പെട്ടവനാണ് ..
മോചിപ്പിക്കപ്പെട്ടവൻ ...
എനിക്ക് ലയിച്ചു ചേരേണ്ട ഒരു മഴത്തുള്ളിക്ക് സമർപ്പണം
+++++++++++++++++++++++++++++++++++++
ഭൂപടത്തിലെങ്ങും ഇല്ലാതെ പോയ ഒരിടത്താണ് .... സമയസൂചികൾക്ക് ഒട്ടും അറിയാതെ പോയ ഒരു സമയത്താണ് ..... രണ്ടു മഴത്തുള്ളികൾ പരസ്പരം കാണുന്നത് ... പ്ലവക്ഷമ ബലം അടുപ്പിക്കുന്നത് ... ഭൌതിക ശാസ്ത്ര നിയമങ്ങൾ എന്ത് തന്നെ പറഞ്ഞാലും ... മനശാസ്ത്ര നിയമങ്ങൾ അതിനെ മറികടക്കുവാൻ ശ്രമിക്കുന്നത് ...
.
അത്തരം ഒരിടത്ത് .......
അങ്ങനെ ഒരു സമയത്ത് ......
രണ്ടു മഴത്തുള്ളികൾ ......
കണ്ടു മുട്ടും ......
പിന്നെ ഒന്നിച്ചൊന്നായി ഒരു വലിയ ജലകണീകയാവും ...
ഒന്നിൽ നിന്നൊന്നിനെ വേർതിരിച്ചു അറിയാൻ ആവാതെ ആവും ...
ഒഴുകുകയായി .......
നീർച്ചാലുകളിലൂടെ ........
അരുവികളിലൂടെ ......
പുഴയിലൂടെ ........
ആഴിയെത്തും ...........
ആഴിപ്പരപ്പിൽ ആരും തിരിച്ചറിയാതെ .....
ഓളങ്ങളിൽ തുള്ളിക്കളിച്ചും ......
ആഴക്കടലിലെ മുത്തുകൾ പരസ്പരം അണിയിച്ചും ...
ആർക്കും തിരിച്ചറിയാൻ ആവാതെ .....
ആർക്കും പിരിക്കാൻ ആവാതെ .......
വേനല തിമിർക്കുമ്പോൾ ......
ആവിയായി ഒരുമിച്ചൊരു മേഘമാകും ......
എന്നിട്ട് മഴയായി പെയ്തു ......
പൂക്കളിൽ നിന്നും സുഗന്ധവും .....
തളിരിലകളിൽ നിന്നും നൈർമല്യവും നേടി ....
വീണ്ടും ഒഴുകും ...........
ഈ ലോകമുള്ള കാലത്തോളം ഒഴുകും ........
.
വൈദ്യുത വിശ്ലേഷണ സാധ്യതകൾ തേടുന്നവരോട്‌ .....
വിഭജിക്കാൻ ശ്രമിക്കരുത് ......
എന്തെന്നാൽ .......
ഈ വിഭജനത്തിന്റെ ഫലം ....
അഗ്നിസാധ്യവും അഗ്നിപ്രേരകവും ആയി വിഘടിക്കുക എന്നതാവും .....
അതിന്റെ അനന്തര ഫലം അഗ്നി തന്നെ ആണ് .....
സർവം നശിപ്പിക്കുന്ന അഗ്നി ......
മഴത്തുള്ളികളെ ഒഴുകാൻ അനുവദിക്കുക .......
അവയോഴുകട്ടെ എന്നേയ്ക്കും എന്നേയ്ക്കും .......
.
എന്റെ മഴത്തുള്ളിക്കൊപ്പം ചേരാൻ ....
ഞാനും കാത്തിരിക്കുന്നുണ്ട് .....
ഒരു മഴത്തുള്ളിയായി തന്നെ ......
ഞാന്‍ വരും ഉറപ്പ് !!
-----------------------
ഇരുട്ടില്‍ നിന്ന് ---
നിന്റെ ജനാലയിലൂടെ വരുന്ന ചെറു കാറ്റില്‍ --
നിറഞ്ഞു ഒഴുകുന്ന നിലാവില്‍ ---
രാപ്പാടിയുടെ പാട്ടില്‍ -----
പ്രഭാതത്തിന്റെ നനുത്ത ചിരിയില്‍ --
ഒരു പൂവിന്റെ തെളിമയില്‍ --
വെള്ളമേഘതിന്റെ അലസതയില്‍ --
പൂമ്പാറ്റയുടെ ചിറകടിയില്‍ ---
നീ എന്നെ തിരയുക ---
ജീവിച്ചിരിക്കുന്നവനൊ
മരിച്ചു പോയവണോ അല്ലാ ഞാൻ !!
.
എന്നെ അറിയാന്‍ --
നീ നിന്റെ മനസിന്റെ ചുവരിലെ നിഴലുകളിലേക്ക് നോക്ക് --
നീ നിന്റെ മുന്നിലെ പൂന്തോട്ടത്തിലെ പൂക്കളോട് ചോദിക്ക് --
നീ ഇന്നത്തെ ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളോടും -
ഇന്നത്തെ ചന്ദ്രക്കലയോടും ചോദിക്ക് --
വര്‍ണ്ണ ചിറകുകള്‍ വിടത്തി അലസമായി പറക്കുന്ന
ചിത്രശലഭങ്ങളും, വെന്മേഘങ്ങളും എനിക്ക് സാക്ഷ്യം !!
ഞാന്‍ അവസാനിക്കുന്നില്ല -----
നിന്നിലൂടെ തുടരുന്നവന്‍ ഞാന്‍ --
ആദിയോ അന്തമോ ഇല്ലാതവന്‍ --
ഒരു ചങ്ങലയിലെ വെറും കണ്ണി !!
നിനയ്ക്കാതെ വന്ന കാട്ടു തീയിൽ
സർവവും ചാരം മൂടിയെക്കും .........
ഋതുക്കൾ മാറി വരും ......
ചാരത്തിൽ പുതഞ്ഞ വിത്തുകളിൽ നിന്നും
വസന്തം തെളിഞ്ഞു വരും ...
അത് പ്രകൃതിയുടെ ചാക്രികത ...
.
പക്ഷെ മനസ് !!
ഒരിക്കൽ ഒന്ന് തീയേറ്റു പിടഞ്ഞു പോയാൽ ...
ഒരു പൂച്ചെടി പോലും വളർന്നേക്കില്ല ......
പിന്നെ ഒരു പൂവും പോലും വിടർന്നേക്കില്ല !!
.
അത്ഭുതം
ഒരു പൂച്ചെടി !!
ഒരു പൂമൊട്ടു !!
ഞാൻ കാവലിരിക്കയാണ്
എന്റെ കാഴ്ചയിൽ നിറഞ്ഞു വേണം
ആ പൂവ് ആദ്യം വിടരേണ്ടത് !!
എന്റെ വസന്തം ആ പൂവിൽ ആരംഭിക്കുന്നു
എന്ന് എനിക്കറിയാം !!
ചിന്തകളിൽ .......
കയറൂരി വിട്ട ചിന്തകളിൽ ....
അല്ലാതെ എവിടെ ആണ്
എന്റെ കിനാവുകളെ ഞാൻ കണ്ടെത്തുക ?
എനിക്ക് ചിറകുകൾ ഉണ്ടാകുന്നതും
മോഹദൂരങ്ങൾ താണ്ടി
ഞങ്ങൾ ഒരുമിച്ചു ചേരുന്നതും അപ്പോഴാണ്‌ ...
അത് കൊണ്ട് തന്നെ
എന്റെ ചിന്തകളെനിക്ക് പ്രിയപ്പെട്ടവയാകുന്നു !!
കടന്നു പോകുക വഴിയാത്രക്കാരാ
നിനക്ക് പങ്കുവയ്ക്കാൻ ......
ഇനി ഒന്നും ഇല്ലാ എന്റെ പക്കൽ !!
മുറിച്ചു വീഴ്തപ്പെട്ട കാടും
മാന്തി മറച്ചു കളഞ്ഞ പുഴയും
നാട് വിട്ടു പോയനേരം
മഴയും അവർക്കൊപ്പം പോയി
മഴയുടെ വിരഹത്തിൽ
ജ്വലിക്കുന്ന സൂര്യന്റെ
പ്രതികാരം
തിളയ്ക്കുന്ന ഭൂമി കേണപേക്ഷിക്കുന്നു
മനുജ സൃഷ്ടിക്കു വേണ്ടി മാപ്പ് !!
അങ്ങനെ ഒടുവിൽ പെയ്തു തുടങ്ങുകയായി !!
മേഘങ്ങൾ വന്നു ചേർന്നതും ...
വേനൽ അറുതി ആയതും .......
ഞാനും അറിഞ്ഞിരുന്നില്ലാ ......
നനവ്‌ പറ്റി തുടങ്ങിയപ്പോഴാണ് ..
മഴയെ അറിഞ്ഞത് ......
ഞാനൊന്ന് നനയട്ടെ
ഞാൻ ഒന്ന് നന്നായി നനയട്ടെ ..
:- അന്നാ ............
:- ജിയോനീസ് !!
:- നീ എവിടെ ആയിരുന്നു അന്നാ ഇത്രയും നാൾ ..... ചോര മണക്കുന്ന യുദ്ധ തറകളും ... മരണം പതിയിരിക്കുന്ന ഇടുങ്ങിയ മലഞ്ചെരിവുകളും അലഞ്ഞു അലഞ്ഞു ഞാൻ തളർന്നു അന്നാ ... നിന്നെ തിരഞ്ഞിരുന്നു അന്നാ ...... ഓരോ പ്രഭാതത്തിലും ഞാനുണർന്നത് നിന്നെ കാണാൻ ആയിരുന്നു ... ഓരോ ഇരവിലും ഞാൻ ഉറങ്ങിയത് നിന്നെ കിനാവ്‌ കണ്ടായിരുന്നു ... എന്നിട്ടും അന്നാ ......
:- ജിയോനീസ് ... മുന്തിരി പാടങ്ങളിൽ നീ എന്നെ തിരഞ്ഞിരുന്നുവോ ?..... സൂര്യകാന്തി പൂവുകൾ പുഞ്ചിരിച്ചു നില്ക്കുന്ന പൂന്തോട്ടങ്ങളിലെ ശലഭങ്ങളോടു നീ എന്നെ തിരഞ്ഞിരുന്നുവോ ...
:- ഇല്ലാ അന്നാ ഞാൻ കരുതിയത്‌ ഇത്തരം ഇടങ്ങളിൽ നീ ഉണ്ടാവില്ല എന്നാണു ...
:- എന്ത് കൊണ്ട് ?
:- അന്നാ പ്രണയത്തിന്റെ ലോലഭാവങ്ങൾ നിറഞ്ഞ ഒരു വെറും കാമുകിയാവാൻ നിനക്കാവുമോ? ക്ലാവ് പിടിച്ച ജീവിതങ്ങളിൽ വെളിച്ചം തൂകുന്ന നിന്റെ ചിരിവെട്ടം ... ഇരുളിന്റെ ദേശങ്ങളിൽ പെയ്തിറങ്ങുന്ന നിന്റെ കാരുണ്യം ... അന്നാ ..... നീ വെറും ദൗർബല്യങ്ങളുടെ നായികയായിരുന്നില്ലല്ലോ .... ശക്തിയുടെ ദേവതയെ പോലും അതിശയിപ്പിച്ചവൾ അല്ലെ നീ ?
:- പക്ഷെ ...... എന്റെ ഉള്ളിലും ഒരു കാമുകിയുണ്ട് ജിയോനീസ് ...... എന്റെ ഉള്ളിലും സ്നേഹം ദാഹിക്കുന്ന ഒരു മനസുണ്ട് ജിയോനീസ് .. ശരിയാണ് ..... എന്റെ കർത്തവ്യ ബോധം ആ എന്നെ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട് ...പക്ഷെ എത്ര ഒളിച്ചാലും നിനക്കതു കാണാൻ ആവും എന്ന് ഞാൻ കരുതി ..
:- അന്നാ ഒരുപാടു തവണ ഒരു മിന്നായം പോലെ ഞാൻ അത് കണ്ടിരുന്നു ... പക്ഷെ തൊട്ടടുത്ത നിമിഷം നീ അതെന്നിൽ നിന്ന് പോലും മറച്ചു പിടിച്ചു ..... ഞാൻ അറിഞ്ഞിരുന്നില്ല എന്നല്ലാ ... എനിക്ക് പക്ഷെ ഭയമായിരുന്നു അന്നാ ....... ഒരു വേള ഞാൻ അത് അറിയുന്നത് പോലും നീ ഇഷ്ടപ്പെട്ടെക്കില്ല എന്ന് ഞാൻ ഭയന്നു ..
:- ഭയമോ ജിയോനീസ് ? നിനക്കോ !! അതും എന്നെയോ ....... ഞാൻ അത് വിശ്വസിക്കുന്നില്ല
:- എനിക്കറിയില്ല അന്നാ ..... പക്ഷെ എനിക്ക് തോന്നുന്നത് എനിക്ക് നിന്നെ ഭയം ആയിരുന്നു എന്ന് തന്നെ ആണ് ....
:- ജിയോനീസ് .........
:- അന്നാ .......
:- ജിയോനീസ് നമുക്കീ സംഭാഷണം ഇവിടെ വിടാം ...വരിക ..... നമുക്കൊന്ന് നടന്നു വരാം ...
:- പോകാം അന്നാ പക്ഷെ ....... എനിക്കിപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലാ ......
:- എന്തിനാണ് ജിയോനീസ് വാക്കുകൾ കൊരുത്തു ഞാൻ നിനക്ക് ഉത്തരം തരേണ്ടത്‌ ? ഭാഷയറിയുന്ന ആർക്കും അങ്ങനെ ചെയ്യാൻ ആവും ..... എനിക്കങ്ങനെ അല്ല നിനക്ക് ഉത്തരം തരേണ്ടത്‌ .... എന്റെ മൌനം പോലും നിന്നോട് സംവദിക്കും പ്രണയത്തിന്റെ ഭാഷയിൽ ...നീ വരിക നമുക്ക് നടക്കാം ..... ഈ പാടം കടന്നു പോകേണ്ടതുണ്ട് ... ഒരു പൂവാടി നിനക്കായി ഞാൻ നാട്ടു പിടിപ്പിച്ചിട്ടുണ്ട് ..... പിങ്ക് നിറത്തിൽ പൂവുകൾ നിന്നോട് എന്റെ മനസ് പറയും ... ജിയോനീസ് നമുക്ക് നടക്കാം ...
----------------------------------------------------------------------------------------------
അനന്തരം ................
താഴ്വാരത്തു മഴ പെയ്തു തുടങ്ങി !!!
വരണ്ടു വിണ്ടു കീറിയ ഭൂമിയിലെ ചാലുകളിലൂടെ ജീവജലം നിറഞ്ഞൊഴുകി ...
മണ്ണിനടിയിൽ സുഖ സുഷുപ്തിയാണ്ട് കിടന്ന വസന്തം സൂര്യനെ നോക്കി പുഞ്ചിരിച്ചു ...
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ
വെട്ടം !!
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ നിന്നും
മോചനം !!
വേനലുകളിൽ മഴയായും
നോവുന്ന മുറിവുകളിൽ
അമൃതായും !!
ഒരു തുളസിക്കതിരും
ഒരു മഞ്ഞുതുള്ളിയും
ഒരു തുണ്ട് മേഘവും
ചേർത്തു വയ്ക്കും
മഴവില്ല് കൊണ്ട് നിറം കൊടുത്ത്
മനോഹരമായ ഒരു ചിത്രം വരയ്ക്കും
എന്നിട്ട്
എന്നിട്ട്
.
.
.
അല്ലെങ്കിൽ വേണ്ടാ എല്ലാമങ്ങനെ
പറഞ്ഞു തീർക്കാൻ പാടില്ല .......
ഒഴുകുന്ന പുഴയൊരു നിമിഷം നിലച്ചു
വീശി അടിച്ച കാറ്റും
വെട്ടവും .........
ഒരു ഫ്രീസ് ഇമേജ് എന്ന പോലെ ...
പിന്നെ ഒക്കെ
വീണ്ടും ......
മനസൊരു വല്ലാത്ത യന്ത്രമാണ്
സന്തോഷം കൊണ്ട്
ഇടയ്ക്കിടെ സ്നേഹനം ചെയ്യണം
ഇല്ലെങ്കിൽ
എന്തോ ഇടയ്ക്ക് കേറി കുടുങ്ങിയപോലെ
ഒറ്റ നിൽപ്പങ്ങു നില്ക്കും !!!
ആശ്വാസം !!
അത് വീണ്ടും ചലിക്കുന്നുണ്ട്
കാറ്റടിക്കുന്നുണ്ട്
പുഴ ഒഴുകുകയും ചെയ്യുന്നുണ്ട് ഇപ്പൊ ...
ഒരു പുഞ്ചിരി ...
ഒരു വാക്ക് ...
ഒരു വിളി .......
.
എന്നാലും
സ്നേഹത്തിനും ചുംബനത്തിനും ഇടയ്ക്കെന്തോ ഉണ്ടത്രേ !!
ഇനി ഈ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ
ഈ പ്രഹേളിക കുരുങ്ങുമോ ?
സമയത്തിന്റെ ഒഴുക്കിനെതിരെ
ഞാൻ തിരികെ നടക്കട്ടെ ......
വലിയൊരു മരച്ചുവടിൽ
ഇലകളും ചുള്ളിയും കൊണ്ട്
നിർമിച്ച ...
കളിവീടുണ്ട് ....
കാട്ടുപൂക്കൾ കൊണ്ട് കെട്ടിയ
മാല ചാർത്തി
കൂട്ടിക്കൊണ്ടു വന്നൊരു പെണ്ണും
മണ്ണപ്പം ചുട്ടു കുടുംബം നടത്തിയ ഓർമയുണ്ട് ...
അവിടെ എങ്ങോ കളഞ്ഞു പോയ
നിഷ്കളങ്കമായ ഒരു പ്രണയം ഉണ്ട്
അതിനെ കണ്ടെത്തണം .........
എന്നിട്ട് .......
എന്റെ ആ പിഞ്ഞിക്കീറിയ
നിഘണ്ടുവിന്റെ താളുകളിൽ
''പ്ലേറ്റൊണിക് ലവ്'' എന്ന്
എഴുതി ചേർക്കണം ....
അതിനും ശേഷം മാത്രമേ
നിന്നോടുള്ള എന്റെ പ്രണയം
ഞാൻ നിന്നെ അറിയിക്കുകയുള്ളൂ !!
ആകാശത്തിലെ
പറവയെ പോലെ
വിതച്ചില്ലാ ഞാൻ
കൊയ്തില്ലാ
കളപ്പുരയിൽ ശേഖരിച്ചും ഇല്ലാ
ഒരു ഇരവു കൊണ്ട്
തെരുവിലായവൻ ........
ഒരു വെള്ള ഉടുപ്പിൽ
ഉറങ്ങുന്ന ഓർമകളെ
നെഞ്ചോട്‌ ചേർത്ത്
ഇനിയും പ്രഭാതം കൊതിക്കുന്നവൻ
ഒടുവിൽ വെള്ള ഉടുപ്പിട്ട്
മടങ്ങേണ്ടവാൻ
പക്ഷെ ഇല്ലാ
സമയം ആയിട്ടില്ലാ
സമയം ആയിട്ടില്ലാ
ആരും കണ്ടിട്ടില്ലാത്ത .......
ഉൾക്കാടുകളിൽ പൂത്ത ഒരു പൂവും
ആരും കണ്ടിട്ടില്ലാത്ത ........
തെളിനീർ ഉറവയിൽ നിന്നൊരു ...
തുടം വെള്ളവും ..
എന്റെ ഹൃദയത്തിൽ അവശേഷിക്കുന്ന ...
ഇറ്റു നന്മയും ..
ഒരു തുള്ളി കണ്ണ് നീരും ..
ഇതൊക്കെ ആണ് ..
എനിക്ക് നിനക്കായി നല്കാൻ ആവുന്നത് ........
വെറും കാല്പനികതയുടെ ..
വില കുറഞ്ഞ സമ്മാനങ്ങൾ !!
എന്നാലും എനിക്കുറപ്പുണ്ട് .......
ഉപേക്ഷിക്കപ്പെട്ട
വസ്തുക്കളുടെ കൂട്ടത്തിലേക്ക്
നീയതു വലിച്ചെറിയില്ലാ എന്ന് !!
അങ്ങനെ ആയിരുന്നു എങ്കിൽ
എന്നെ നീ കണ്ടെത്തിയ ഇടത്ത്
തന്നെ ഉപേക്ഷിച്ചു പോയേനെ അല്ലെ !!
ഇടറി വീണ പാതയിൽ നിന്ന് തന്നെ
യാത്ര തുടരണം .........
കൊഴിഞ്ഞു വീണ പൂക്കളിൽ നിന്ന് തന്നെ
വസന്തം നേടണം ...
മഷി തീർന്ന തൂലിക കൊണ്ട് തന്നെ ഇതിഹാസവും
പൊയ്പ്പോയ കാലത്ത് നിന്ന് സമയവും നേടണം
എന്നിട്ട്
എന്നിട്ട്
എയ്തു കൊള്ളിച്ച അമ്പുകൾ പിഴുതെറിഞ്ഞു ...
മുറിവുണക്കി ഞാൻ വരും .....
നിന്നെ തിരഞ്ഞല്ല ........
എന്റെ വസന്തം തിരഞ്ഞു ......
എന്റെ ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതും .....
എന്റെ ചിറകിലെ തൂവൽ പൊഴിയുന്നതും കണ്ടു ...
നീ ചിരിക്കരുത് .....
എന്തെന്നാൽ ..............
എനിക്കായി പെയ്യാൻ ഒരു മഴ ഒരുങ്ങുന്നു എന്നും ......
എന്റെ ചിറകിൽ വർണ്ണ തൂവലുകൾ നിറയാൻ പോകുന്നു ......
എന്നും തന്നെ ആണ് അതിന്റെ അർഥം .......
നീ ഇനിയെങ്കിലും അറിയേണ്ടതുണ്ട് .......
രാവണന് എതിരെ പട പൊരുതി തോറ്റ 'ജടായു' അല്ലാ ഞാൻ എന്ന്..
ചാരത്തിൽ നിന്നും അഗ്നിചിറക് വീശി ഉയരുന്ന ഫീനിക്സ് ആണ് എന്ന് ...
നിന്റ പക്കലുള്ള കൂർത്ത കല്ലുകൾ മിനുക്കുക
എല്ലാമെന്നെ ലക്ഷ്യമാക്കി എറിയാം
പക്ഷെ
ഏറിയും മുന്നേ അതിലൊന്ന് ചുംബിക്കുക
എന്തെന്നാൽ
എന്റെ മുറിവുകളിൽ നിന്ന് നിണം ഒഴുകുന്നത്‌
കണ്ടെന്നെ ഈ ലോകം പരിഹസിക്കുമ്പോൾ
അതൊക്കെയും നിന്റെ ചുംബനങ്ങൾ ആയിരുന്നു
എന്ന് എനിക്ക് വൃഥാ എന്നെ തന്നെ
പറഞ്ഞു വിശ്വസിപ്പിക്കാൻ ആയേക്കും ...
അവസാന കല്ലും നീ എറിഞ്ഞു കഴിയുമ്പോൾ
ഒരു നിമിഷം ....
എന്റെ അരികത്തേക്ക് വരിക
അതിനോടകം നിലച്ചു പോയിട്ടില്ല എങ്കിൽ
എന്റെ ഹൃദയതാളം ഒന്ന് കൂടി നീ കേൾക്കണം
എന്റെ ഹൃദയസ്പന്ദന താളം
നിന്റെ നാമം ആണെന്ന് നീ അറിയണം
അതെന്നും അങ്ങനെ ആയിരുന്നു എന്ന്
ഞാൻ പറഞ്ഞത് കളവായിരുന്നില്ല എന്ന്
അറിയണം നീ ..........
എന്നിട്ട് നിനക്ക് തിരിച്ചു പോകാം
എന്നിട്ട് നിനക്ക് തിരിച്ചു പോകാം
മറ്റൊന്നും ഇല്ല എന്റെ പക്കൽ
എന്റെ ഈ ഹൃദയതാളം മാത്രം ബാക്കി
എടുത്തു കൊള്ളുക അതും
എനിക്കിനി അതാവശ്യമില്ല
.
തിരിച്ചു വരവുകൾ ഇല്ലാത്ത ഇടത്തേക്ക്
ഞാനും ഒഴിഞ്ഞു പോകും .....
നിന്നെ അലോസരപ്പെടുത്താൻ ആവാത്ത
അത്രയും അകലങ്ങളിലേക്ക്
ഞാനും കടന്നു പോവും
ചീട്ടുകൊട്ടാരങ്ങൾ കെട്ടിപ്പൊക്കി
കിനാവിന്റെ ലോകത്ത് ജീവിക്കുന്നവർ അറിയുന്നില്ല
ചീഞ്ഞു പോകുന്ന ചിന്തകളുടെ കൂമ്പാരം
വളം ആകുന്നതെന്തിനെന്നു ..........
പിന്തിരിഞ്ഞു നടക്കാൻ ആവാത്തവണ്ണം
ചതിയുടെ ആഴത്തിലേക്ക് നടക്കുന്നവർ
വിശ്വസിക്കാവുന്ന കരങ്ങളെ ഒക്കെ വെട്ടി നീക്കി
നിങ്ങളെ ഒറ്റപ്പെടുത്തുന്ന തന്ത്രവും തിരിച്ചറിയില്ല
അനാവശ്യ വിദ്വേഷങ്ങൾ കുത്തി വയ്ക്കുന്ന അനുചരവ്രുന്തം
അവരുടെ മേലാലരുടെ കൌടില്യമാണ് നടപ്പാക്കുക
ഇനിയും വൈകിയിട്ടില്ല വളരെ കുറച്ചു സമയം ബാക്കിയുണ്ട്
====================================
കല്ലുരുട്ടി മലകയറട്ടെ
താഴേക്കിട്ടു ചിരിക്കാൻ
എന്റെ വാക്കിനു കിട്ടുന്ന വില !!!!
മരണത്തോളം പോന്ന
ഒഴിഞ്ഞു പോകലുകളിൽ
ഒരു വിരാമ ചിഹ്നം കൊണ്ടല്ല
നീ എന്നെ അടയാളപ്പെടുത്തെണ്ടത് !!
.
ഏറ്റവും അഗാധമായ ഇരുളിന്റെ ഗഹ്വരങ്ങളിൽ
പുനർജനിച്ച ഫീനീക്സ് പക്ഷിയുടെ വിടർന്ന
ചിറകുകളിലെ വർണ്ണത്തൂവൽ ?
.
ഏതോ ജലാശയത്തിനുള്ളിൽ മറഞ്ഞു
ശരിയായ കാലം കാത്തിരിക്കുന്ന
അഗ്നി പടർത്തുന്നൊരു വ്യാളി ?
..
മനോഹരമായ ഒരു കിനാവിന്റെ തോട്ടം
അലയുന്ന ഒറ്റക്കൊമ്പൻ കുതിരയുടെ
അഴകുള്ള അലസത ?
.
അതൊന്നും അല്ലാ ......
ഒരു ആലിംഗനത്തിലും .....
ഒരു ചുംബനത്തിലും ......
ഒരു നല്ലവാക്കിലും ....
വിടർന്നു പോകുന്ന വസന്തം ...
എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ..
ഏറ്റവും സാധാരണമായൊരു കിനാവിന്റെ
കാവൽക്കാരനാണ് ഞാൻ .....
.
കത്തിപ്പോയ ഒരു നിഘണ്ടു ....
തേഞ്ഞു പോയൊരു തൂലികത്തുമ്പ്‌ ...
കൈകാലുകളിലെ ചോരയിറ്റുന്ന ചങ്ങലപ്പാട് ..
അമാവാസിയിൽ ഒരു അമർത്തിയ തേങ്ങൽ ..
ഇങ്ങനെ ഒക്കെ വേണം നിങ്ങളെന്നെ
രേഖപ്പെടുത്തേണ്ടത് .....
എന്തെന്നാൽ രേഖപ്പെടുത്തലുകൾ ..
സത്യസന്ധം ആയിരിക്കണം !!
വെള്ള മൾബെറിയുടെ ഇലകൾ
ആവേശത്തോടെ കരണ്ട് തീർത്ത്‌
ഉറങ്ങാൻ പോയ പുഴുക്കളുണ്ട് ......
കൊക്കൂണുകൾക്കുള്ളിൽ വെന്തു മരിച്ചു പോയവ ..
ബോംബിക്സ് മോറിയുടെ നൂറ്റാണ്ടുകൾ
നീണ്ട ആ ത്യാഗമാവണം .....
പട്ടുടയാടകൾ ഇത്രയും നേർത്തതായതിനു കാരണം !!!
ഞാനും മടങ്ങട്ടെ
എന്റെ കൊക്കൂണിലേക്ക് ...
നാളെ എനിക്കും ചിറകുകൾ മുളയ്ക്കും
എന്റെ ആകാശം എനിക്ക് തിരികെ കിട്ടും
അതോ ?
തിളയ്ക്കുന്ന ജലത്തിലെ സമാധിയാവുമൊ ?
സ്വയം എരിഞ്ഞു വിളക്കാവാൻ
പോന്ന വലുപ്പം മനസിനില്ലാത്തത് കൊണ്ടാവാം
അല്ലെങ്കിൽ ....
ഞാൻ മാത്രം ഇരുളിലാവുന്നത് എന്തിനു ?
.
ഉയരങ്ങളെ പേടിക്കുന്നത് കൊണ്ടാവാം
എന്റെ ചിറകുകൾ വിടരാതെ പോകുന്നതും
എന്റെ ആകാശം എനിക്ക്
കിനാവായി അവശേഷിക്കുന്നതും !!
.
മനസൊരു ആയുധപ്പുരയാവുന്നത്
അമർഷം നിയന്ത്രിക്കാൻ ആവാതെ പോകുന്നത്
എന്റെ നിയോഗം എന്ന് ഞാൻ അറിയാഞ്ഞല്ല
എന്നാലും യുദ്ധഭൂവിൽ എന്റെ കൈ വിറയ്ക്കുന്നതെന്തു?
.
തൂലികയുടെ മഷി വറ്റിപ്പോയി ...
ഇനിയൊരു അക്ഷരവും തെളിവോടെ എഴുതാൻ
അതിനാവുകയില്ല ......
വേനലാണ് മനസ്സിൽ കൊടും വേനൽ ..
.
.

[ ഇനിയില്ല നേരമെൻ പകലസ്തമിക്കുന്നു
ഇനിയില്ലെനിക്കൊരു രാവും ..........
നിറയുന്ന മൌനം നിറച്ച ചഷകങ്ങളിൽ
നിന്നും വിഷം കുടിച്ചേ പോണം ....
ചതിയും വഞ്ചനയും ഇല്ലാത്ത .....
മനുഷ്യരുള്ള ഒരു കാലത്തേക്ക് ..
മനുഷ്യരുള്ള ഒരു ലോകത്തേക്ക് പിൻവാങ്ങണം ..
ഉണ്ടായിരുന്നില്ല ഒരിക്കലുമെന്ന വണ്ണം
അഴിഞ്ഞു അഴിഞ്ഞങ്ങു പോകണം ....]
ഞാനും കൊതിക്കുന്നുണ്ട് ....
നിനക്കും എനിക്കും ഇടയിലെ ആ നിശബ്ദ ദൂരം ..
ഇല്ലാതെ പോകണം എന്നും ...
നമുക്ക് നാമായി മാറാൻ ആവണം എന്നും ...
ഞാൻ ആഗ്രഹിക്കുന്നുണ്ട് ...
.
നിലാവ് പൂത്തു നിന്ന നേരത്ത് ...
ഒരു നനുത്ത സ്പർശമായി .....
നിന്നെ ഞാൻ അറിഞ്ഞിരുന്നു സെലീനിയ ...
സെലീനിയ ചാന്ദ്രദേവതേ .......
നിനക്കും എനിക്കും വേണ്ടി മാത്രം ആയിട്ടൊരു ഭ്രമണ പഥം ?
.
സെലീനിയ ...
നിന്നിലേക്ക്‌ എത്താൻ എനിക്ക് വഴികൾ അറിയാതെ പോകുന്നു
നിന്നെ അറിയാനും ...
എന്നാലും സെലീനിയ ...
നിന്നിൽ നിന്നടരാൻ എനിക്കാവുകയില്ല ...
.
സെലീനിയാ ...
ഒടുങ്ങാത്ത പ്രണയവും ......
അനന്ത വിഹായസിൽ ആവോളം പറന്നു നടക്കാൻ ചിറകും ..
ഞാൻ നിനക്ക് നൽകും
എന്റെ പക്കൽ നിനക്കായി തരാൻ അത് മാത്രമേ ഉള്ളൂ സെലീനിയ ..
.
ഞാൻ കാത്തിരിക്കാം ....
നീയെന്നും ഞാനെന്നും ഉള്ളതിനപ്പുറം ...
നാമെന്നു നാം തിരിച്ചറിയുന്ന ആ നിമിഷത്തിനു
ജീവന്റെ നിറങ്ങൾ തെളിയുന്ന നാളിൽ
നാം നമ്മെ കണ്ടെത്തും എന്ന് തന്നെ കിനാവ്‌ കണ്ട് ...
എനിക്കൊന്നും നഷ്ടമായില്ല !!
========================
എന്റെ ചിറകുകളും ...
ഞാൻ പറന്ന ആകാശവും ...
എന്റെ കിനാക്കളും ..
ഞാൻ കണ്ട ആഴിയുടെ ആഴങ്ങളും ..
എന്റെ നിറങ്ങളും എന്റെ പൂക്കളും ..
എന്റെ ശലഭങ്ങളും ..
ഈണവും ഗാനവും ....
എനിക്കൊന്നും നഷ്ടമായില്ല !!
ഇത്തിരി നേരം കാഴ്ച മങ്ങിയിരുന്നു ..
ഞാൻ ഒന്നും കണ്ടിരുന്നില്ല ...
ഒക്കെ നഷ്ടമായെന്നു കരുതിയതും നേര് ...
.
നീ അറിയുക ....
============================
എന്റെ വസന്തം തിരികെ വന്നിരിക്കുന്നു ..
എന്റെ കിനാവിടങ്ങളിൽ ....
ഇന്നും മനോഹരമായൊരു ഗാനം കേട്ടിരുന്നു ..
എന്നെ പൊതിഞ്ഞു നില്ക്കുന്ന ...
സുഗന്ധ പൂരിതമായ ഒരു സ്നേഹവും ..
അതിന്റെ കുളിരും .....
.
ഇല്ലാ .....
===============================
എനിക്കൊന്നും നഷ്ടമായിട്ടില്ല .....
നഷ്ടമായത് നിനക്കല്ലേ ?
നിന്റെ ചിറകുകൾ എവിടെ ?
നിന്റെ ആ നീലാകാശം എവിടെ ?
നിന്റെ നിരഭംഗിയുള്ള വാടിയെവിടെ ?
നിന്റെ ചിരിയെവിടെ ?
നിന്റെ മൊഴിയെവിടെ ?
നിന്റെ ചുറ്റും ചിറകടിച്ചിരുന്ന വാക്കുകളെവിടെ ?
നിന്റെ ഭൂമി ചുട്ടു പൊള്ളി ഒരു മരുഭൂമി ആയിരിക്കുന്നു !!
നിന്റെ ആകാശം ശൂന്യമായിരിക്കുന്നു ...
നഷ്ടമായതെല്ലാം നിനക്കല്ലേ ?
.
നീ അറിയണം .....
===================================
എന്റെ കിനാവിടത്തിൽ ...
എനിക്കായി അവൾ പാടുന്നുണ്ട് ....
ചിറകടിക്കുന്ന വാക്കുകളും ..
ചിരിയുടെ മുത്തുകളും .....
കൊണ്ടവൾ വിരിയിക്കുന്ന വസന്തമുണ്ട്...
എന്റെ ആകാശം ശൂന്യമല്ലാ .....
ഒരായിരം പക്ഷികൾ ചിറകടിക്കുന്ന ..
എന്റെ ആകാശമോ .....
മുത്തും പവിഴവും നിറഞ്ഞ എന്റെ ആഴിപ്പരപ്പോ ..
നിനക്കിനി മേൽ കാണാൻ ആയെന്നു വരില്ല ..
എന്തെന്നാൽ ...
ഇടുങ്ങിയ മനസുകളിൽ തടവിലായവർക്ക് ..
വിശാല ലോകം എന്തെന്നറിയാൻ ആവില്ല ...
വാഗ്ദെവത ശപിച്ചവർക്ക് ..
ഗാനം മെനയാനാവില്ല .....
=================================
എന്നാലും നിന്നോട് എനിക്ക് സഹതാപം മാത്രം ...
ചിറകു മുളച്ചൊരു ശലഭമായി എന്നെങ്കിലും
നിനക്കും പറക്കാൻ ആകട്ടെ വീണ്ടും ..
എന്റെ എന്റെ എന്ന് കരുതിയ ഒരു ഇന്നലെയുടെ ...
മൃത്യുവിധിക്കപ്പെട്ട ഓർമകളുടെ നന്ദി ....
മൃത്യുവിധിക്കപ്പെട്ട ഓർമകളുടെ നന്ദി ....
[ശബരി എന്ന നിഷാദ സ്ത്രീയുടെ പുത്രന്റെ കഥയാണിത്
നായാട്ടിന്റെ ഇടവേളയിൽ രാജാവിനാൽ ഭൊഗിക്കപ്പെട്ട്
നിഷാദ യുവതിക്ക് ജനിച്ച പുത്രൻ ...
നിഷാദ രക്തത്തിന്റെ അശുദ്ധി ദേവരക്തം എന്നൊരു കളവു പറഞ്ഞു മറച്ചു പിതാവ് കൂട്ടിക്കൊണ്ടു പോയെങ്കിലും .. സത്യം വെളിപ്പെട്ട നേരം
വര്ണ വിശ്വാസത്തിന്റെ ഭ്രാന്തിൽ ഏറ്റവും വിശ്വസ്തർ ആയിരുന്ന മൂന്നു സ്നേഹിതരോടൊപ്പം കാടിന്റെ നടുവിൽ ചതിയിൽ കൊല്ലപ്പെട്ടു പോയ നിഷാദൻ ......
തന്റെ ഗുരുപുത്രി കാത്തിരിക്കുന്നു എന്ന് അറിയുമ്പോ അവള്ക്കുള്ള സന്ദേശവും
അവൻ അമ്മയോട് പറഞ്ഞുപോകുന്നു ...... ഇതവന്റെ മരണത്തിനു
തൊട്ട് മുൻപ് അമ്മയോട് പറയാൻ ആഗ്രഹിച്ചതാവാം ]
===============================================
.
അമ്മേ ശബരീ .......
തോറ്റു പോയമ്മേ ഈ നിഷാദൻ ..
രക്തശുദ്ധി അളക്കുന്ന മനുവിന്റെ മാപിനിയിൽ ..
എന്നും നിഷാദ രക്തം അശുദ്ധം തന്നെ ...
ഈ കൊടും വനത്തിൽ ശത്രുവിന്റെ ഒളിയമ്പാൽ ..
ഒഴുകിപ്പരക്കുന്നതു എന്റെ രക്തം ....
.
അമ്മേ ശബരീ ...........
കാടിന്റെ ശീതള ഛായ വിട്ടു ..
കൊട്ടാരക്കെട്ടിലെ കെട്ടിമൂടിയ ഇരുളിലേക്ക്
എന്നെ കൂട്ടുന്ന നേരം ..
അവരെന്നിലെ നിഷാദ രക്തത്തിന് ..
പകരം ദേവരക്തം എന്ന് കളവു ചൊല്ലി ..
അമ്മയില്ലാത്തവനായമ്മേ ഞാൻ ..
സ്വവർഗഭോഗ സന്തന്തിയെന്നവർ !!
.
അമ്മേ ശബരീ .........
സ്നേഹത്തിന്റെ തേനും ...
ഒരുമയുടെ വയമ്പും കൂട്ടിയരചൂട്ടിയ ..
അമ്മയുടെ മുലപ്പാലിന്നും മധുരിക്കുന്നു നാവിൽ ...
അതിരിലെ വേലിക്കെട്ടുകൾ മാത്രം ഉണ്ടാക്കുന്ന..
കൊട്ടാരക്കെട്ടിലെ ഇരുണ്ട കോണുകൾ ..
അവർക്ക് വേണ്ടത് പുലിപ്പാല് മാത്രം ..
തോറ്റു പോയമ്മേ ഈ നിഷാദൻ ....
.
അമ്മേ ശബരീ ....
കണ്ണായി കരളായി കാത്തവർ ...
അവരെ നീ കാണുന്നുണ്ടോ അമ്മേ .....
എന്നുടലിലേക്ക് വന്ന അമ്പുകളെല്ലാം ...
വീണു പോവും വരെ അവരുടലിൽ കൊരുത്തെടുത്തു ..
വലതു വന്നവന്റെ മെയ്വഴക്കവും ...
ഇടതു വന്നവന്റെ മന്ത്രങ്ങളും ...
കൂട്ട് നിന്നവന്റെ നാലാം വേദവും ...
പിന്നിൽ നിന്ന് വന്ന അമ്പുകള് കാണാതെ പോയമ്മേ ...
എനിക്കും മുന്നേ അവര് പോയമ്മേ .....
അവരെനിക്കു വേണ്ടി മരിച്ചിട്ടും ...
നിഷാദൻ വീണു പോയമ്മേ .......
.
അമ്മേ ശബരീ ..............
ശാസ്ത്രമോതി തന്നവന്റെ ആലയം വരെ ഒന്ന് പോണം ...
ചങ്കു നീറി കാത്തിരിക്കുന്നോളോട് നീ പറയണം അമ്മേ ...
നിഷാദൻ വീണു പോയെന്നു ....
നിഷാദൻ തോറ്റു പോയെന്നു .......
നിഷാദൻ ഇനി വരില്ലെന്ന് ........
മനുവിന്റെ മാപിനിയിൽ ആശുദ്ധരക്തം പൂണ്ടു പോയതിനു ..
മനുഷ്യ ജന്മങ്ങളിൽ അശുദ്ധി കാണാതെ പോയതിനു ...
ഒളിയമ്പുകളാൽ അവസാനിച്ചു പോയി നിഷാദൻ ....
.
അമ്മേ ശബരീ ഞാൻ മടങ്ങട്ടെ .........
അവരെന്നെ കാത്തിരിക്കുന്നുണ്ട് ......
ഇടവും വലവും ഒപ്പവും കാത്ത എന്റെ കൂട്ടുകാർ ..
എന്നാലും അമ്മേ .......
രാജരക്തത്തിൽ കാമം തിളച്ച നായാട്ടിടവേളയിൽ ..
വഴിപ്പെട്ടു പോയതിനു ഞാൻ കുറ്റം പറയില്ല ....
പക്ഷെ .......
ജനനവേളയിലെന്നെ കൊല്ലാതെ വിട്ടത് ......
ഔദാര്യമായിരുന്നമ്മേ ഉതകാതെ പോയ ഔദാര്യം ...
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........

2016, മാർച്ച് 9, ബുധനാഴ്‌ച

ഭ്രാന്ത് ......
======================
സ്വന്തം ചെവി മുറിച്ചു നല്കിയ മണ്ണെണ്ണ വിളക്കില്‍ സ്വന്തം കൈ എരിച്ചു കളയാന്‍ ശ്രമിച്ച വാന്‍ഗോഗ് ..... നിന്റെ ഭ്രാന്തൊരു ഭ്രാന്തായിരുന്നില്ല എന്ന് ലോകം പറയാന്‍ ഒത്തിരി ഒത്തിരി കാലം എടുത്തിരുന്നു .. ലോകം അങ്ങനെ ആയിരുന്നു എന്നും ..
അങ്ങനെ പ്രണയവും ഭ്രാന്തും ഇടകലര്‍ന്നൊരു ചിന്തയുടെ ഇടനാഴിയിലേക്ക്‌ എത്തിപ്പെട്ടത് ''സുന്ദരിച്ചെല്ലമ്മ '' യുടെ ഓര്‍മ മനസ്സില്‍ വന്നപ്പോള്‍ ആണ് ...
ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ .. തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു അവരെ അറിയുന്നവര്‍ക്ക് ... കൌതുകമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തായിരുന്നു കുസൃതിക്കാരായ കുട്ടികള്‍ക്ക്!
സുന്ദരിയും വിദ്യാസമ്പന്നയും ആയിരുന്നു അധ്യാപികയായ ചെല്ലമ്മ .. സ്ത്രീകള് നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാളിന്റെ മുന്നില് അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തില്‍ അഭിനയിച്ചു .. നാടകാനന്തരം നാടക പ്രവര്‍ത്തകര്‍ക്ക് മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ കസവു നേരിയതു സമ്മാനം നല്കി ഒപ്പം ചെല്ലമ്മയ്ക്കും കിട്ടി ഒന്ന് .. ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു പോയി ചെല്ലമ്മയുടെ മനസിനെ .. താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി ആ മനസ് ... രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ .... കൊച്ചു കുട്ടികളുടെ കല്ലേറും ഭൂരിപക്ഷത്തിന്റെ '''ഭ്രാന്തിച്ചെല്ലമ്മ '' എന്ന വിളിപ്പേരും അവരുടെ പ്രണയഭക്തി നിറഞ്ഞൊഴുകിയ മനസിനെ അലട്ടിയിരുന്നോ .. ഇടയ്ക്ക് മനസിന്റെ സമനില്ല തെറ്റി ആളുകളോട് വഴക്കടിക്കുന്ന ശകാരിക്കുന്ന ചെല്ലമ്മയെ കണ്ട ഓര്‍മയുണ്ട് ... ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വണ്ണം ......
.
പറഞ്ഞു വന്നത് പ്രണയം അങ്ങനെ ഒക്കെ ആണ് എന്ന് പറയാനാണ് .. സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം എങ്കിലും രാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല ... അവരോടുള്ള വികാരം എന്തായിരുന്നു എന്നും അറിയില്ലാ ... ഉത്സവ ദിവസങ്ങളില്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ഏറെ അകലേക്ക്‌ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ചെല്ലമ്മ ആ വിഷയത്തിലേക്ക് ചില വെളിച്ചം തരുന്നുണ്ട് .. തെരുവില്‍ അലഞ്ഞ പ്രണയം മാത്രമായിരുന്നുവോ ചെല്ലമ്മയുടെ ഭ്രാന്ത് .... എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞ ''സുന്ദരിച്ചെല്ലമ്മ '' .......
കൈ നിറയെ കുപ്പിവള ചാര്‍ത്തി .. വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു ... തന്നെ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം .....
.
പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടും ഇല്ലാ ആരും ......... ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും ... മറ്റു അസംഘ്യം പ്രണയ കഥകളും അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും ....... പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ..... ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണ്നീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ ആ പ്രണയത്തിനു വേണ്ടി ......
ഇതൊക്കെ ആര്‍ക്കറിയാം ......
ചെല്ലമ്മയും ചിത്തിര തിരുനാളും പോയി ........
മരണാനന്തര ജീവിതം എന്നൊന്ന് ശരിക്കും ഉണ്ടായിരുന്നു എങ്കില്‍ എന്നാശിച്ചു പോകുന്നത് ഈ സമയത്താണ് ..........
അങ്ങനെ ഒന്നുണ്ടെങ്കില്‍ അവിടെയും ഇത് പോലെ ഒരു ലോകമെങ്കില്‍ ചെല്ലമ്മ അവിടെയും അവഗണിക്കപ്പെട്ടു തെരുവില്‍ കാത്തു നില്‍ക്കുകയാകുമൊ ?
.
[ഇന്ത്യ ടുഡേ ന്യൂസ്‌ ഇങ്ങനെ ആയിരുന്നു ]
July 31, 1996 | UPDATED 10:20 IST
Kerala: Sundari Chellamma's story is the stuff romance is made of. The aged woman who lived outside the Padmanabha Swamy temple in Thiruvananthapuram died unlamented last fortnight.
Nearly five decades ago, she worked as a school teacher, but an encounter with the Maharaja of Travancore, Chithira Thirunal, changed her life forever.
For Chellamma, it was love at first sight, but her obsession cost Chellamma her job and family. Driven to madness by her unrequited love, she died with the king's name on her lips - and his picture in her rag bag.
ഉപേക്ഷിക്കപ്പെട്ട മനസുകളിൽ നിന്ന്
ഉറപൊട്ടുന്ന സ്നേഹമുണ്ട് .......
ആർക്കെന്നൊ എന്തിനെന്നോ അറിയാതെ
ഒഴുകി പടരുന്ന ആർദ്രമായ സ്നേഹം ....
അതിലൊന്ന് മറ്റൊന്നിനെ കണ്ടു മുട്ടിയാൽ
പിന്നെ ഒഴുക്കിന്റെ നേരമാണ് .....
ക്ഷമിക്കുക .........
നീ എന്ന ശിഥില ചിന്തയ്ക്കോ ....
പൊട്ടിപ്പോയ എന്റെ കിനാവുകൾക്കോ നല്കാൻ ..
എന്റെ പക്കൽ സമയമില്ല ....
കാലം എന്നെ ഏല്പിച്ച ഒരു നിധിയുണ്ട് .......
ഉന്മാദിക്കു മാത്രം കാവലാകാൻ ആവുന്ന ഒന്ന് .....
എന്റെ കണ്ണുകൾ നിറയുകയോ ...
എന്റെ ചുവടുകൾ പതറുകയൊ ഇല്ലിനി .......
വീണ്ടെടുപ്പിന്റെ കാലമാണ് .......
ഈ ചിതറിയ തുണ്ടുകളിൽ നിന്നും എന്നെ വീണ്ടെടുക്കുന്ന കാലം .....
അലോസരപ്പെടുത്തുന്ന ഓർമകളുമായി ആരും വരരുത് .......
എനിക്കിതു പുനർ ജന്മ കാലം
ഒറ്റക്കുതിരയെ കെട്ടിയ വണ്ടി ആ മലനിരയിലെ പാതയിലേക്ക് പ്രവേശിക്കുമ്പോ അവൾ പിന്നിൽ മൌനിയായിരുന്നു .... കുതിരയെ നിയന്ത്രിക്കുന്ന തിരക്കിൽ തിരക്കിൽ അവനും .........
ഓർമകളുടെ കുത്തൊഴുക്കിൽ അവൾ സ്വയം നഷ്ടപ്പെടുത്തിയിരുന്നു .. പെരുവഴിയിൽ തനിച്ചാക്കി ഉപേക്ഷിച്ചു പോയ തന്റെ പഴയ സാരഥി .... അവനെ എന്ത് മാത്രം ഞാൻ വിശ്വസിച്ചിരുന്നു ... അവനായി മാത്രം മനസർപ്പിച്ചു ....... എന്നിട്ടും ഹിംസ്ര മൃഗങ്ങള വേട്ടയാടുന്ന ആ ഘോര വനത്തിൽ അവനെന്നെ തനിയെ ഉപേക്ഷിച്ചു പോയി ... അവനു അവന്റെ വാഹനത്തിൽ പുതിയ പുതിയ യാത്രികർ വേണം ..... മദം, ഉന്മാദം കാമം, ലഹരി .... അവളറിയാതെ അവളുടെ തൊണ്ടയിൽ നിന്നും ഒരു ഗദ്ഗദ ശബ്ദം ... വണ്ടിയോടിച്ചിരുന്നവൻ തിരിഞ്ഞു നോക്കി ... അവൾ കരയുകയാണോ അതോ പണിപ്പെട്ടു കണ്ണുനീര് പിടിച്ചു നിർത്തുകയാണോ ... അവൻ മൌനിയായി ഇരുന്നു ... എന്ത് പറയും ഇവളോട്‌ ... എങ്ങനെ ആശ്വസിപ്പിക്കണം ... അറിയാൻ ആവുന്നില്ലല്ലോ എന്നോർത്തു അവനും ദുഖിച്ചു ... പക്ഷെ ഈ കണ്ണുനീർ അത് തന്നെ വല്ലാണ്ട് തളർത്തുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു ... അവൾ തനിക്കാരാണ് ... അവളോട്‌ തനിക്കുള്ള വികാരം എന്താണ് .. പ്രണയമാണോ?
അല്ലാ തനിക്കാരെയും ഇനി പ്രണയിക്കാൻ ആവില്ലല്ലോ ... ഒരായുസ്സിന്റെ പ്രണയം മുഴുവനും നല്കി താനും പ്രണയിച്ചിരുന്നു ..... ഈ വണ്ടിയിൽ അവളായിരുന്നു അന്ന് യാത്രക്കാരി കളിച്ചും ചിരിച്ചും ... യാത്രക്കിടയിൽ അവളിറങ്ങി പോയത് സത്യത്തിൽ എന്തിനായിരുന്നു എന്ന് ഇന്നും തനിക്കറിയില്ല എന്ന് മാത്രം അവനോർത്തു അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു ... തനിക്കു തന്റെ ഈ യാത്രക്കാരിയെ സമാധാനിപ്പിക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞു അവൻ മൂകനായി തല കുമ്പിട്ടു കുതിരയെ നിയന്ത്രിച്ചു കൊണ്ടേയിരുന്നു ...
മലയോരം വിട്ടു മനോഹരമായ താഴ്വാരത്തെ പച്ചപ്പ്‌ വകഞ്ഞു കീറിയ പോലെ ഉള്ള ആ പാതയിലായിരുന്നു അപ്പോൾ അവർ ഇരുവശത്തും പൂത്തു നില്ക്കുന്ന മരങ്ങളോ പാടുന്ന പക്ഷിയോ ഇരുവരും ശ്രദ്ധിച്ചിരുന്നില്ല .. മനസ്സിൽ കദനം തൂങ്ങിയ വിരഹവും പേറി രണ്ടു പേര് ...
അവൾ ഇടയ്ക്കൊന്നു അവനെ നോക്കി .. ആരാണിവൻ? എന്തിനാണ് ഇവൻ ആ വഴിയെ വന്നത് ? സാരഥി ഉപേക്ഷിച്ച താൻ ഇനി എന്ത് എന്നാലോചിച്ചു നിന്ന നിമിഷത്തിൽ ഇവനെന്തിനാ വഴി വന്നു ? ഒന്നുകിൽ ഇവന് ഭ്രാന്താണ് അല്ലെങ്കിൽ ഇവനൊരു ഒറ്റുകാരനാണ്!! ആ ചിന്ത അവളുടെ മനസ്സിൽ ഒരു ഭീതി ഉണർത്തി .. അവളവനെ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി ... തല കുമ്പിട്ടു കുതിരയെ നിയന്ത്രിക്കുന്ന അവന്റെ മുഖം തനിക്കു കാണാൻ ആവുന്നില്ലല്ലോ .. ഇവൻ മിത്രമാണോ ശത്രുവോ .. അറിയാൻ ആവുന്നില്ലല്ലോ ...
പുഴയോരത്തെ വന്മരത്തിന്റെ ചുവട്ടിൽ പൂക്കളും ഇലകളും വീണു കിടന്നു .. അവിടെ തണലിൽ ആണ് കുതിരവണ്ടി നിർത്തി അവർ ഇറങ്ങിയത്‌ .. അവൻ ചുള്ളിയും മറ്റും പെറുക്കി ഒരു അടുപ്പ് കൂട്ടി എന്തോ തിളപ്പിക്കുന്ന തിരക്കിലായിരുന്നു അവളാകട്ടെ വെറുതെ ആ പുഴയുടെ ഒഴുക്കും നോക്കി മിണ്ടാതെ ..... അവളുടെ മനസ്സിൽ ഭീതിയും സങ്കടവും അലയടിചിരുന്നത് ഇപ്പൊ ഒരു വിധം ശാന്തമായി കഴിഞ്ഞു .. അവൾ തിരിഞ്ഞു അവനെ നോക്കി അവൻ ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധിച്ചിരിക്കുന്നു അവളെ നോക്കുന്നു പോലും ഇല്ലാ ..... അവൾ തിരിഞ്ഞു വീണ്ടും പുഴയിലേക്ക് നോക്കി .. അവളുടെ തലയ്ക്കു മുകളിൽ മരച്ചിലയിൽ ഇണക്കിളികൾ കൊക്കുരുമ്മി പ്രണയിച്ചു ...
.
ഇതാ ഇത് കഴിക്കു ... ഒരു കോപ്പയിൽ പകർന്ന പാനീയം വച്ച് നീട്ടി അവൻ പറഞ്ഞു .. അവളതു വാങ്ങി എങ്കിലും അവളുടെ മനസ്സിൽ ആശങ്ക ഉണ്ടായിരുന്നു ഇതെന്താവാം ഇനി മയക്കി കിടത്തി ........ അത് അറിഞ്ഞ പോലെ അവൻ അവളോട്‌ പറഞ്ഞു .. വേണ്ടാ സംശയം വേണ്ടാ .. നിനക്കെന്നെ വിശ്വസിക്കാം ഞാൻ പകുതി വഴിയിൽ യാത്രികരെ ഇറക്കി വിടില്ലാ എന്റെ ഒപ്പം ഉള്ള യാത്ര ഒരു വാക്കാണ്‌ .. അവസാന ശ്വാസം വരെ ഒപ്പം ഉണ്ടാകുമെന്ന വാക്ക് .. അവൾ പെട്ടെന്ന് പ്രതികരിച്ചു .. വേണ്ടാ എന്റെ യാത്ര ഇവിടെ ഈ പുഴയോരത്ത് അവസാനിക്കുന്നു .. ഇനി നിനക്ക് പോകാം നിന്റെ വഴികളിലേക്ക് ...
അവനൊന്നു ചിരിച്ചു ......നോക്കൂ യാത്രക്കാരീ ഞാൻ നിങ്ങളെ ഒപ്പം കൂട്ടിയത് എനിക്ക് പോകാൻ ഇടങ്ങളില്ല എന്നത് കൊണ്ടാണെന്ന് നിങ്ങൾ ഇനിയെങ്കിലും അറിയണം ... ഈ കുതിരവണ്ടിയും ഞാനും ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു നടക്കുന്നതിലും ഭേദം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കാൻ എനിക്കായാൽ അതൊരു സൗഭാഗ്യം ആവും എന്ന് കരുതിയാണ് നിങ്ങളെ ഞാൻ ഒപ്പം കൂട്ടിയത് ... സംശയം വേണ്ടാ എനിക്ക് ഭ്രാന്ത് ഉണ്ട് പക്ഷെ അത് ആരെയും ഉപദ്രവിക്കാൻ പാകത്തിൽ ഉള്ളതല്ല ...... അതെനിക്ക് കിട്ടിയ ഒരു പ്രണയ സമ്മാനമാണ് അവളെ മറക്കാതെ ഇരിക്കാൻ അവളുടെ ഓർമ്മകൾ എന്നിൽ എന്നും നിറഞ്ഞു നിൽക്കാൻ ഞാൻ ഈ ഭ്രാന്തു സൂക്ഷിക്കുന്നു എന്ന് മാത്രം ...... പിന്നെ നിങ്ങൾക്ക് തോന്നാം ഞാൻ ഒരു ഒറ്റുകാരനോ മാംസദാഹിയൊ ആണെന്ന് അതും വേണ്ടാ ...... കാമവും പ്രണയവും മരിച്ച മനസിനെ ഇന്നലെ ഈ പുഴയോരത്ത് വച്ച് ദഹിപ്പിച്ചു ഒഴുക്കി വിട്ടു തിരികെ വന്നതാണ് ... എനിക്ക് നിങ്ങളോട് പ്രണയമോ കാമമോ ഒന്നും ഇല്ലാ നിങ്ങൾ എന്റെ ലക്‌ഷ്യം ആകുന്നതു പോലും അവസ്തകളിലെ സമാനതകൾ കൊണ്ടാണ് എന്ന് അറിയണം .. എനിക്കറിയാം ഉപേക്ഷിക്കപ്പെട്ട യാത്രക്കാരിയുടെ മനസ് ... കാരണം ഞാനും ഒറ്റപ്പെട്ടു പോയവനാണ് ..
അവൾ കോപ്പയിലെ പാനീയം കുടിച്ചു കൊണ്ട് മൌനം അണിഞ്ഞിരുന്നു .. അവളുടെ മനസ്സിൽ കദനം നിറഞ്ഞു കണ്ണുകള ഈറനായി .. ദൂരെ നോക്കി അവന്റെ കാഴ്ചയിൽ നിന്നും കണ്ണ് നീര് മറച്ചു വച്ച് അവൾ . അവൻ മെല്ലെ എഴുന്നേറ്റു വണ്ടിക്കരികിലേക്ക് പോയി .. കരയട്ടെ ഒക്കെ പെയ്തൊഴിയട്ടെ .. തറയിലെ പൊഴിഞ്ഞു കിടന്ന പൂവുകൾ എടുത്തു അവൻ മല കോർത്ത്‌ കൊണ്ട് ഇരുന്നു ......
എത്ര നേരം അങ്ങനെ പോയി എന്നറിയില്ല ..
അവളുടെ അടുത്തേക്ക്‌ വീണ്ടും അവൻ വന്നു ..... എഴുന്നേല്ക്കുക ..വരിക ആ പുഴയിലെ വെള്ളത്തിൽ നീ മുഖം കഴുകി വെടിപ്പാക്കണം മനസിലെ ദുഖങ്ങളെ ഈ മാല അണിയിച്ചു ഒഴുക്കി വിടണം ....... ഇവിടെ നിന്നും വീണ്ടും നമ്മുടെ യാത്ര പുനരാരംഭിക്കുമ്പോൾ നിന്റെ മനസ്സിൽ ദുഃഖങ്ങൾ ഉണ്ടാവരുത് .അവൾ അവനെ നോക്കി മെല്ലെ പറഞ്ഞു ...എനിക്കാവുന്നില്ല ...... ഒന്നും മറക്കാൻ എനിക്കാവുന്നില്ല ... എനിക്കതിനാവുമെന്നു തോന്നുന്നില്ല .......
അവൻ പെട്ടെന്ന് പ്രതികരിച്ചു ...അങ്ങനെ അല്ല .. ഓർമകളിൽ നിന്നും ചോര ചിന്തുന്നതിനെ ഒഴിവാക്കണം കൂട്ടുകാരീ .. എനിക്കറിയാവുന്ന ഇടത്തോളം നീ പ്രണയം ഉപയോഗിച്ച് തീർന്നു പോയ ഒരു മനസിന്റെ ഉടമയാണ് .. എനിക്കത് മനസിലാകും ഞാനും അതെ അവസ്ഥയിലുള്ള മനസ് സൂക്ഷിക്കുന്നവനാണ് ...... ഒരിക്കൽ ഒരിക്കൽ ആ ചോര ചിന്തുന്ന ഓർമകളെ ഈ പുഴയിൽ അർപ്പിച്ചു പോകാൻ നിനക്ക് ആയാൽ ... നിനക്കും ഈ ലോകം മനോഹരമായി തോന്നും ... നിനക്കും അവകാശങ്ങളുണ്ട് കൂട്ടുകാരീ ..... ഈ മനോഹാരിത ആസ്വദിക്കാൻ നിനക്കും അവകാശമുണ്ട് ..... കദനത്തിന്റെ കയങ്ങളിൽ ചുറ്റി തിരിഞ്ഞു സ്വയം അവസാനിക്കാതെ വരിക ......... എനിക്ക് പ്രണയം ഇല്ല കാമവും ..... പക്ഷെ എന്റെ ബാക്കി ഉള്ള ജീവൻ കൊണ്ട് നിനക്കൊരു താങ്ങായി സഹയാത്രികനായി തുടരാൻ എനിക്കാവും ഉറപ്പ് ..... വരിക ...... ഈ യാത്ര അവസാനിക്കരുത് ..... വരിക ഈ യാത്ര തുടരേണ്ടതുണ്ട് ............
.
താഴ്വാരത്തെ പച്ചപ്പും പൂക്കളും ശലഭങ്ങളും കണ്ടു അവൾ അത്ഭുതപ്പെട്ടു ഈ ലോകത്തിനു ഇത്രേം മനോഹാരിത ഉണ്ടെന്നു വീണ്ടും അവൾ കണ്ടെത്തുന്ന ആ നിമിഷങ്ങളിൽ അവളുടെ മുഖം അവന്റെ ചുമലിൽ വിശ്രമിച്ചു അവൾക്കറിയാമായിരുന്നു ആ നിമിഷങ്ങളിൽ അവർക്ക് ഇരുവർക്കും ബാല്യമെന്നും ബാല്യത്തിന്റെ നിഷ്കളങ്ക ഭാവം അല്ലാതെ മറ്റൊന്നും അവരിൽ അവശേഷിച്ചിരുന്നില്ല എന്നും .........................
.
ചുവന്ന മാലയണിയിച്ചു ഒഴുക്കി വിട്ട കദനത്തിന്റെ ഓർമ്മകൾ അപ്പോൾ ആ പുഴയിലെ കയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരുന്നു ...... ഇനി ഒരിക്കലും പൊന്തി വരാത്ത വണ്ണം ........
രണ്ടു കൊച്ചു കുട്ടികൾ കലപിലാ ശബ്ദിച്ചു കൊണ്ട് കുതിരവണ്ടിയിൽ മലയിറങ്ങി പോയത് കണ്ടവരുണ്ട് ......... അവരിന്നും അത് പറഞ്ഞു ചിരിക്കാരും ഉണ്ടത്രേ !!

ചില്ല് പൊട്ടിയ മണൽ ഘടികാരം പോലാണ് ജീവിതം ..
ഊർന്നു പോയ്ക്കൊണ്ടേ ഇരിക്കുന്നുണ്ട് ...
ഒക്കെ പോട്ടെ നോക്കാം എന്ന് കരുതാൻ ആവില്ലല്ലോ ..
സെക്കണ്ടുകൾ ചെരുമ്പോ മിനിട്ടുകളാവും ..
മിനിട്ടുകൾ മണിക്കൂറും മണിക്കൂറുകൾ ദിവസവവും ..
ദിവസങ്ങൾ മാസങ്ങളും മാസങ്ങൾ വർഷങ്ങളും ...
ഓരോ നിമിഷവും ഊർന്നു പോകുന്ന മണൽതരികൾപോലെ ..
ജീവിതം അങ്ങ് പോയോഴിയും .......
ഞാൻ ഞാൻ എന്ന് കരുതി മറ്റൊന്നും കാണാതെ..
അറിയാതെ ജീവിച്ചു പോകാം അതും ഒരു വഴിയാണ് ..
എന്നാൽ നാളെ ഈ മണലു മൊത്തം ചോർന്നു പോയി കഴിയുമ്പോ ..
നമ്മളൊക്കെ ഒരു ചില്ലിട്ട ചിത്രം ആയി അവശേഷിക്കുമ്പോ ..
മറ്റുള്ളവരുടെ ഓർമകളിൽ നാം പുനർ ജനിക്കും..
അവിടെ നാം എന്താവും എന്ന് മാത്രം ഓർക്കുക ..
എങ്ങനെ ആവും ആളുകൾ നമ്മെ അടയാളപ്പെടുത്തുക ..
'''എന്നെ എങ്ങനെ ആവും നിങ്ങൾ അടയാളപ്പെടുത്തുക?''
'''അഥവാ എങ്ങാനും ഞാൻ നിങ്ങളുടെ ഓർമയിൽ ഉണ്ടെങ്കിൽ ?''

2016, മാർച്ച് 7, തിങ്കളാഴ്‌ച

ആദി വേടൻ

''കാട്ടിൽ ഇരിക്കണ കരിമൂർക പാമ്പിനേം തച്ചും കൊന്നങ്ങു വേടൻ''
ഡും ഡും ......... ഡും ഡും ............ ഡും ഡും ...............
.
ആദി വേടൻ തെയ്യം നാട് തീണ്ടാൻ ഇറങ്ങിയതാണ് ഉറഞ്ഞാടി ഗുരുസി എടുത്ത് ...
.
ഇടതൂർന്ന മരങ്ങൾക്കിടയിലെ കരിയിലകളെ ചവുട്ടി ഒതുക്കി ... ശിഘരമൊടിച്ചു വഴിവെട്ടി വെട്ടി വേടൻ ... പാലപൂക്കുന്ന കാട്ടിനുള്ളിൽ അവൾ .....
'ചോര' 'ചോര' 'ചോര' ....... അവളുറഞ്ഞു ...
''നിന്നിലേക്കായിരുന്നു എന്റെ യാത്ര '' വേടൻ അവളെ നമസ്കരിച്ചു ....
''ചാവ് വേണം ചവം വേണം '' ...... അവളുടെ കണ്ണിൽ രൗദ്ര ഭാവം !
'' ആരുടെ ? '' ..... വേടനു ജിജ്ഞാസ ...
'' നിന്റെ ..നിന്റെ ..നിന്റെ '' .......
'' എന്റെയോ ! നിന്നെ മാത്രം ഉപാസിക്കുന്ന എന്റെയോ ?'' .. വേടൻ അമ്പരന്നു ..
'' അതെ നിന്റെ തന്നെ എന്നാലേ എന്റെ കലിയടങ്ങൂ ''' ...അവളുറഞ്ഞു വീണ്ടും
'' എന്തിനു .. എന്തിനു ... ഞാൻ എന്ത് തെറ്റ് ചെയ്തു ''' .. വേടന്റെ ദൈന്യം ..
പൊട്ടിച്ചിരിച്ചവള് മറഞ്ഞു .............
.
ഒരു സീല്ക്കാര ശബ്ദത്തോടെ കൂർതൊരമ്പു അവന്റെ നെഞ്ച് തുളച്ചു പോയി ...
കരിയിലകളുടെ മേലെ നിണം പടർത്തി വേടൻ ..........
.
.
'' എഴുന്നേൽക്ക് ............ '' വേടൻ കണ്ണ് തുറന്നു ....അമ്പു കൊണ്ട മുറിവിൽ നിന്നും അപ്പോഴും നിണം ഒഴുകുന്നുണ്ടായിരുന്നു ...
'' എഴുന്നേൽക്ക് ............'' വീണ്ടും അതെ സ്വരം .....
'' എന്തിനു ?'' .... ഇടറി പൊളിഞ്ഞ ഒച്ചയിൽ വേടൻ ..
'' വരിക എന്റെ ഒപ്പം .. എനിക്ക് വേണം നിന്നെ '''
'' എന്തിനു ? ... എന്തിനു ? ... '''
'' എന്റെതാക്കാൻ എന്റെ സന്തോഷം ഇനി നീയാവട്ടെ ''
'' അപ്പോൾ എന്റെ നിയോഗം എന്ത് ?''
'' ഒന്നുമില്ല ഇടവേളകളിൽ ഞാൻ വരും .. നീ കാത്തിരിക്കണം നിനക്ക് എന്നൊരു നിയൊഗമില്ല ഉണ്ടാവില്ലാ എല്ലാം എന്റെ എന്റെ എന്റെ മാത്രം '''
'' വേണ്ടാ വയ്യാ ... ഇനിയും ഉരുകാൻ എനിക്കാവില്ലാ എന്നെ ഒഴിവാക്കുക '''
'' ഈ മുറിവ് തനിയെ ഉണക്കി വരിക നീ ... എന്റെ സന്തോഷം എന്റെ എന്റെ എന്റെ എന്റെ എന്റെ ......''
വേടൻ തിരിഞ്ഞു നടന്നു വേച്ചു വേച്ചു ....... ഇടറിയ പാദങ്ങളോടെ അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു .........
'' നിനക്ക് വേറെ വഴികളുണ്ടാകാതെ പോട്ടെ ..... ഞാൻ കൊതിച്ചതെല്ലാം ഞാൻ നേടിയിട്ടുണ്ട് ...... നീയും വരും ഒരു നാൾ ''' പിന്നിൽ ആരുടെയോ ശാപം .. നിറഞ്ഞ കണ്ണുകളോടെ വേടൻ ഇടയ്ക്ക് വീണും ഇഴഞ്ഞും മുന്നോട്ടു തന്നെ പോയി ...
വീണ്ടും ഒരമ്പിന്റെ സീൽക്കാരം .......
.
.
ചിലമ്പിളകുന്ന ശബ്ദം .... ഒരു കൊച്ചു കാറ്റിന്റെ തലോടൽ ... ദള മർമരം പോലെ ശബ്ദം .....മോക്ഷം മോക്ഷം മോക്ഷം ....... വേടൻ വീണു കിടന്നു ... പക്ഷെ എന്തോ എവിടെയോ ഒരു നേരത്ത വെട്ടം അടഞ്ഞ കണ്ണുകളിലേക്കു മെല്ലെ മെല്ലെ .....
''' നീ അവസാനിക്കുന്നില്ല '' വേടൻ കണ്ണ് തുറന്നു ശബ്ദത്തിന്റെ ഉറവിടം തേടി ....
വെട്ടം നിറഞ്ഞ വെട്ടം മാത്രം ..... കണ്ണ് നീരിന്റെ ദേവത !!
'' വീണു പോകരുത് നീ ... എഴുന്നേൽക്ക് ഈ പാതയിൽ ഞാനും ഉണ്ട് ''' വേടൻ അത്ഭുതത്തോടെ നിന്നു .....
'' എനിക്കെന്തിനു പാത ? കാണുക ശരം ഏറ്റു മുറിഞ്ഞ എന്റെ ഹൃത്തിനെ .. അതിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലല്ലോ '' വേടൻ ചോദിക്കുന്നുണ്ട് ...
ദേവത പൊട്ടിച്ചിരിച്ചു ..... '''ഹൃദയമേ കളവു പോയവൾ ഞാൻ..... കുറഞ്ഞ പക്ഷം മുറിവെററതൊന്നു നിനക്ക് സ്വന്തം ആയി ഉണ്ടല്ലോ ''' ദേവത വീണ്ടും ചിരിച്ചു ...
വേടനും ദേവതയും മൂന്നിരവും മൂന്നു പകലും സംസാരിച്ചു കൊണ്ടേയിരുന്നു ...
.
തന്റെ കൂരയ്ക്ക് ചുറ്റും പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്ന ആ ദേവതയ്ക്ക് വേണ്ടി വേടൻ തന്റെ ഹൃദയം വരിഞ്ഞു മുറുക്കി കെട്ടി ............
കാട്ടുപാതയിൽ കാറ്റു കുണ്ങ്ങുന്നുണ്ട് .......
അമ്പേന്തി വില്ലേന്തി വേടനുണ്ട് ........ അവന്റെ പക്കലാ തിളങ്ങുന്ന മഴുവുണ്ട്
അവന്റെ കൂരയ്ക്ക് ചുറ്റും പൂക്കാലം വീണ്ടും വിരുന്നു വരുന്ന നേരത്തും അവൻ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കരുതലോടെ സൂക്ഷ്മതയോടെ .......
വനദേവതയുടെ ഹൃദയം വീണ്ടെടുക്കണം .... തനിക്കു വേണ്ടി വസന്തം കൊണ്ട് വന്ന വനദേവതയ്ക്ക് അവനതു തിരികെ സമർപ്പിക്കണം ...... എന്നിട്ടാ പാദങ്ങളിൽ അവസാനിക്കണം അത് വരെ എങ്കിലും ജീവിച്ചിരിക്കണം .......
അത് വരെ എങ്കിലും ജീവിച്ചിരിക്കണം ........
അത് വരെ എങ്കിലും ..............

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

പാഴ്മരപ്പാട്ട് [യാത്രാമൊഴി ] -----------


തായ് വേരു കൈവിട്ട പൂമരം ഭൂവിന്റെ മാറിലേക്കങ്ങു
ചരിഞ്ഞു പോയി ...
കൊച്ചിളം കാറ്റിലും തുള്ളിക്കളിക്കുന്ന ഇലകളും എല്ലാം
കരിഞ്ഞു പോയി ....
ഒരുപാട് ശലഭങ്ങൾ കൊതിയോടെ നോക്കിയാ പൂക്കളും
എല്ലാം പൊഴിഞ്ഞു പോയി ...
ചേക്കേറാൻ വന്നൊരു അവസാന പക്ഷിയും ചിറകടിച്ചെങ്ങൊ
പറന്നു പോയി .....
.................................................
കൊതിയോടെ കൂട്ടമായ്‌
അവസാന പങ്കിനായ്
ഒരുപാട് ആളുകൾ
കാത്തു നിന്നു .......
മഴുവൊന്നുയർന്നു ആ പൂമര തായ്തടി നെടുകെ പിളർന്നു
കടന്നു പോയി ..
അവസാന ചില്ലയും പലതായ് നുറുക്കിയാ ചെറുകൂട്ടം
മെല്ലെ പിരിഞ്ഞു പോയി ..
...............................................
തായ് വേരു കൈവിട്ട പൂമരം പാഴ്മരം അഗ്നിയിൽ മെല്ലെ
എരിഞ്ഞു പോകും .....
തണലിന്റെ ഓർമയും തേനുണ്ട നന്ദിയും പൂവിൻ സുഗന്ധവും
മാഞ്ഞു പോകും .....
ഒരു വിത്ത്‌ പോലും ഈയവനിയിൽ ബാക്കിയായ് അവശേഷിപ്പിക്കാ ത്ത
പാഴോർമയാകും .......
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ എരിഞ്ഞു പോകും ...........
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ മറഞ്ഞു പോകും ......

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഒരുവേളയാരുമൊർക്കാഞ്ഞ കൊണ്ടാവാം
ഒടുവിൽ എന്നൊരു നേരം ഇങ്ങെത്തുമെന്നും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
ജനനം മുതൽക്കേ നമ്മോടൊപ്പം എന്നും
പിരിയാതെ പോന്നോരാ നിഴലും മറയും ..
എന്തിനോ വേണ്ടി നാം പടവെട്ടി നേടിയ
നേട്ടങ്ങൾ ഒക്കെയും പാഴായി മാറും
കണ്ണുനീരുറ്റി നാം കദനമെന്നൊതിയ
വേദനയോക്കെയും മാഞ്ഞ് പോയീടും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
.
വിറയാർന്ന ചുണ്ടിനാൽ ചുംബനം
നിറവാർന്ന മനസിനാൽ പ്രണയവും
പകയോടെ തമ്മിൽ നാം പടവെട്ടി
അന്യോന്യം അവസാനിപ്പിക്കുവാൻ
വെറി പൂണ്ട നാളും ...
ആരുടെ ഒക്കെയോ ഓർമകളിൽ
ആരുടെയൊക്കെയോ ഓർമകളിൽ
ചെറു മിന്നലായ് പിന്നെയും
ഇത്തിരി നാൾ കൂടി ..
മറവിയുടെ കോണിലെ ചില്ലിട്ട
ചിത്രങ്ങൾക്കൊന്നിനു ഛായ
നമ്മുടെതായെക്കാം ...
.
ഒരുവേളയാരുമൊർക്കാഞ്ഞ കൊണ്ടാവാം
ഒടുവിൽ എന്നൊരു നേരം ഇങ്ങെത്തുമെന്നും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
തിരികെ
ഈ മണ്ണിലെ
ഘടകങ്ങൾ ആവും ...
.
[ ചിരിക്കാൻ ആവണം ........ സ്നേഹിക്കാൻ ആവണം ..... ഒടുവിലീ മണ്ണിൽ മടങ്ങുന്നതിൻ മുന്നേ ............]
ഈ ഇരവിൽ ...ഈ ഇരുളിൽ
ഞാൻ നക്ഷത്രങ്ങളെ നോക്കി കാണുന്നുണ്ട്
അവയൊക്കെ മങ്ങി പോയിരിക്കുന്നു
ഞാൻ ഒരു രാപ്പാടിയെ കേൾക്കുന്നുണ്ട്
അതിന്റെ ഒച്ച ഇടറിപ്പോയിരിക്കുന്നു
നിലാവുപേക്ഷിച്ച നരച്ച മാനവും
ഇല അനങ്ങാത്ത നിശ്ചലമായ മരങ്ങളും
മരവിച്ചു പോയ മനസും .....
.
.
പക്ഷെ ഒന്നെനിക്കറിയാം
പ്രഭാതം അകലെ അല്ലാ എന്നും
വെള്ളിവെളിച്ചവും ഇളം കാറ്റും
ഇനിയും ബാക്കിയുണ്ടെന്നും
നിന്റെ പ്രണയത്തിൽ അതൊക്കെയും
ചേര്ത്തു വച്ചിരിക്കുന്നത്
എനിക്ക് വേണ്ടി ആണെന്നും
എനിക്കുറപ്പുണ്ട്
എന്തിനാണ് നീ പ്രണയിക്കുന്നത്‌ ?
ഒന്നറിയണം നീ ..
ഇടയ്ക്കൊന്നു താളം മുറിഞ്ഞ
എന്റെ ഹൃദയത്തോട് ..
ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു ..
നിന്റെ മനസിലെ പ്രണയം
മരിക്കാതെ കാക്കുവോളം
ഞാൻ മിടിച്ചു കൊണ്ടിരിക്കാം
എന്ന്
ഹൃദയം ഉറപ്പു തന്നതിന്റെ പേരിലാണ്
ആശുപത്രി വഴിയിൽ നിന്നും ഞാൻ
തിരികെ പോന്നത്
എനിക്കിങ്ങനെ ആകാനെ കഴിയൂ
പ്രണയം എന്റെ മതമാണ്‌ ..
ഒരു ചുംബനം കൊണ്ട് വിടരുന്ന പൂവുകളുണ്ട് ....
ഒരു തലോടലിൽ മയങ്ങുന്ന നോവുകളുണ്ട്
ഔദാര്യങ്ങളുടെ പെരുമഴയിൽ
കുതിരുന്ന മണ്ണിൽ നിന്നും
കിളിർത്തു വരുന്ന
വൻ മരങ്ങളുണ്ട്
നീയാണോ
ഞാനാണോ
എന്നതിനപ്പുറം
ഒരു ചുംബനത്തിൽ ഒത്തിരി വായിക്കാനുണ്ട്
വന്മരങ്ങളുടെ കീഴെ വളർന്ന ചില
പാഴ്ചെടികളുണ്ട് ..
പ്രകാശ സംശ്ലേഷണ സാധ്യത
തീരെ ഇല്ലാത്ത ചിലത് ..
വന്മരങ്ങളെ ചുറ്റി പടർന്ന വള്ളിപ്പടർപ്പും ഉണ്ട്
സ്വയം എത്താൻ ആവാത്ത ഉയരങ്ങൾ
മരങ്ങളിലൂടെ കണ്ടെത്തിയവ ....
നിന്റെ പ്രണയം എന്ന വന്മരത്തിലൂടെ
തന്നെ ആണ് ഞാൻ ആകാശം കണ്ടത്
നിന്നിൽ പടരാനാവാതെ പോയാൽ
അന്ന് മുതൽ ഞാനും ഒരു പാഴ്ചെടി തന്നെ
പ്രകാശ സംശ്ലേഷണം ഇല്ലാതെ
മുരടിച്ച് മുരടിച്ച് ....................

എല്ലാ തെറ്റിനും മാപ്പ് എന്റെ നികൊലീനാ ...... ________________________________


ഞാൻ ഒരു വിഡ്ഢിയാണ് നികൊലീനാ .... വെറും വിഡ്ഢി ... ഏറ്റവും പെണ്ണായ നിന്റെ പ്രണയം നഷടപ്പെടുത്തിയത് എന്റെ തെറ്റുകളാണ് നികൊലീനാ .. ഞാൻ വിഡ്ഢി മാത്രം അല്ല കുറ്റവാളി കൂടിയാണ് .....
.
ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,
ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം
നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും,
രാവില്‍ നിലാവ് വന്നിരിക്കാം..
ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല ,
നീ എന്നില്‍ നിറയും വരെയും
സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി,
ചിന്തകള്‍ ആമ്പലിന്‍ പൊയ്ക
പ്രണയമിതോ എന്‍ പ്രേയസി,
ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..
(പാബ്ലോ നെരൂദ ഓ എൻ വീ യിലൂടെ മലയാളം പറയുന്നു !!)
.
എന്റെ നികൊലീനാ നീ പറഞ്ഞത് സത്യമാണ്
നീ എന്റെ എന്നുറപ്പായ ശേഷം ഞാൻ എന്റെ കടമകൾ മറന്നു ...
നിന്റെ കൈകളിൽ എന്റെ മുഖം ഒളിപ്പിച്ചു ഈ ലോകത്തെ മറന്നു ....
അതിനു നീ എന്നെ ശിക്ഷിച്ചു ശരി ഞാൻ കുറ്റവാളി സമ്മതിക്കുന്നു .. മാപ്പ് ..
.
എന്റെ നികൊലീന സത്യമാണ് നീ പറയുന്നത് ......
സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു,
മുന്തിരി തോട്ടങ്ങള്‍ കണ്ടു..
കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും..
അരുവിയിന്‍ ഉറവയും കണ്ടു..
താഴ്വാരം, പനിനീര്‍ പൂക്കളാല്‍
പുതച്ച്ചുരങ്ങുന്നതും കണ്ടു
മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ
ചുവന്നൊരു ഹൃദയവും കണ്ടു..
പ്രണയമിതോ എന്‍ പ്രേയസി,
നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..
( പാബ്ലോ നെരൂദ .. ഓ എൻ വീയിലൂടെ മലയാളം എഴുതുന്നു )
.
നികൊലീനാ
നീ അറിയണം
നീ പോയി എന്ന് തോന്നിയ നിമിഷം
ഉന്മാദത്തിന്റെ വാൻ തിരകൾ എന്റെ മനസിനെ കീഴ്പേടുതിയതും
ഞാൻ അതിന്റെ ചൂടിൽ ചൂരിൽ എന്തൊക്കെയോ ചെയ്തു കൂട്ടിയതും
മാപ്പ് തരിക നികൊലീന ...... നീ ഇല്ലാതെ ഞാൻ ഇല്ലാ .......
കിനാവിന്റെ കൊട്ടാരങ്ങളിൽ
നീയും ഞാനും
ഒരുമിച്ചു കണ്ട നിമിഷങ്ങൾ .........
ഓരോ നിമിഷവും ഞാൻ നിന്റെ ഗന്ധവും
ഓരോ നിമ്ഷവും ഞാൻ നിന്റെ സാന്നിധ്യവും അറിഞ്ഞിരുന്നു എന്റെ ജീവിതത്തിൽ
നീ തെന്നെ ആണ് എന്നെ പുനർ നിർമ്മിച്ചത്‌ നികൊലീനാ നീ തന്നെ ആണ് ...
എല്ലാം എന്റെ തെറ്റായിരുന്നു
നിന്നെ അറിയാതെ പോയത്
നിന്നിൽ അലിയാൻ ആവാതെ പോയത്
നീയാണ് ഞാൻ എന്നറിയാതെ പോയത്
എന്റെ നികൊലീനാ
എനിക്ക് മാപ്പ് തരിക
തെറ്റ് കുറ്റങ്ങൾ ഒഴിവാക്കി ഒരു തവണ കൂടി എനിക്ക് നീ ജീവന തരിക
പെണ്ണെ
ഞാൻ ഇവിടെ മരിക്കുന്നുണ്ട്
ഓരോ നിമിഷവും നീ ഇല്ലാ എന്നറിഞ്ഞു
നിന്നെ മണത്തു
തോറ്റു തോറ്റു
നികൊലീനാ
തിരികെ വരിക
എല്ലാ തെറ്റും എന്റെയാണ്
എന്റെ മാത്രം
എനിക്കൊരു തവണ കൂടി അവസരം തരിക
ദയവായി .........

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

തോറ്റു പോയവന്റെ സുവിശേഷം

നീ എന്ന ഒറ്റത്തുരുത്തു
തേടി അലഞ്ഞു ഒടുവിൽ
ആഴിയിൽ അവസാനിച്ചു പോയ
എന്നെ തിരഞ്ഞു
ആരും വരേണ്ടതില്ല
ഞാൻ ഉണ്ടായിരുന്നില്ല
ഇനി ഉണ്ടാകുകയുമില്ല