2016, മാർച്ച് 9, ബുധനാഴ്‌ച

ഭ്രാന്ത് ......
======================
സ്വന്തം ചെവി മുറിച്ചു നല്കിയ മണ്ണെണ്ണ വിളക്കില്‍ സ്വന്തം കൈ എരിച്ചു കളയാന്‍ ശ്രമിച്ച വാന്‍ഗോഗ് ..... നിന്റെ ഭ്രാന്തൊരു ഭ്രാന്തായിരുന്നില്ല എന്ന് ലോകം പറയാന്‍ ഒത്തിരി ഒത്തിരി കാലം എടുത്തിരുന്നു .. ലോകം അങ്ങനെ ആയിരുന്നു എന്നും ..
അങ്ങനെ പ്രണയവും ഭ്രാന്തും ഇടകലര്‍ന്നൊരു ചിന്തയുടെ ഇടനാഴിയിലേക്ക്‌ എത്തിപ്പെട്ടത് ''സുന്ദരിച്ചെല്ലമ്മ '' യുടെ ഓര്‍മ മനസ്സില്‍ വന്നപ്പോള്‍ ആണ് ...
ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ .. തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു അവരെ അറിയുന്നവര്‍ക്ക് ... കൌതുകമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തായിരുന്നു കുസൃതിക്കാരായ കുട്ടികള്‍ക്ക്!
സുന്ദരിയും വിദ്യാസമ്പന്നയും ആയിരുന്നു അധ്യാപികയായ ചെല്ലമ്മ .. സ്ത്രീകള് നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാളിന്റെ മുന്നില് അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തില്‍ അഭിനയിച്ചു .. നാടകാനന്തരം നാടക പ്രവര്‍ത്തകര്‍ക്ക് മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ കസവു നേരിയതു സമ്മാനം നല്കി ഒപ്പം ചെല്ലമ്മയ്ക്കും കിട്ടി ഒന്ന് .. ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു പോയി ചെല്ലമ്മയുടെ മനസിനെ .. താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി ആ മനസ് ... രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ .... കൊച്ചു കുട്ടികളുടെ കല്ലേറും ഭൂരിപക്ഷത്തിന്റെ '''ഭ്രാന്തിച്ചെല്ലമ്മ '' എന്ന വിളിപ്പേരും അവരുടെ പ്രണയഭക്തി നിറഞ്ഞൊഴുകിയ മനസിനെ അലട്ടിയിരുന്നോ .. ഇടയ്ക്ക് മനസിന്റെ സമനില്ല തെറ്റി ആളുകളോട് വഴക്കടിക്കുന്ന ശകാരിക്കുന്ന ചെല്ലമ്മയെ കണ്ട ഓര്‍മയുണ്ട് ... ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വണ്ണം ......
.
പറഞ്ഞു വന്നത് പ്രണയം അങ്ങനെ ഒക്കെ ആണ് എന്ന് പറയാനാണ് .. സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം എങ്കിലും രാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല ... അവരോടുള്ള വികാരം എന്തായിരുന്നു എന്നും അറിയില്ലാ ... ഉത്സവ ദിവസങ്ങളില്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ഏറെ അകലേക്ക്‌ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ചെല്ലമ്മ ആ വിഷയത്തിലേക്ക് ചില വെളിച്ചം തരുന്നുണ്ട് .. തെരുവില്‍ അലഞ്ഞ പ്രണയം മാത്രമായിരുന്നുവോ ചെല്ലമ്മയുടെ ഭ്രാന്ത് .... എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞ ''സുന്ദരിച്ചെല്ലമ്മ '' .......
കൈ നിറയെ കുപ്പിവള ചാര്‍ത്തി .. വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു ... തന്നെ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം .....
.
പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടും ഇല്ലാ ആരും ......... ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും ... മറ്റു അസംഘ്യം പ്രണയ കഥകളും അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും ....... പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ..... ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണ്നീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ ആ പ്രണയത്തിനു വേണ്ടി ......
ഇതൊക്കെ ആര്‍ക്കറിയാം ......
ചെല്ലമ്മയും ചിത്തിര തിരുനാളും പോയി ........
മരണാനന്തര ജീവിതം എന്നൊന്ന് ശരിക്കും ഉണ്ടായിരുന്നു എങ്കില്‍ എന്നാശിച്ചു പോകുന്നത് ഈ സമയത്താണ് ..........
അങ്ങനെ ഒന്നുണ്ടെങ്കില്‍ അവിടെയും ഇത് പോലെ ഒരു ലോകമെങ്കില്‍ ചെല്ലമ്മ അവിടെയും അവഗണിക്കപ്പെട്ടു തെരുവില്‍ കാത്തു നില്‍ക്കുകയാകുമൊ ?
.
[ഇന്ത്യ ടുഡേ ന്യൂസ്‌ ഇങ്ങനെ ആയിരുന്നു ]
July 31, 1996 | UPDATED 10:20 IST
Kerala: Sundari Chellamma's story is the stuff romance is made of. The aged woman who lived outside the Padmanabha Swamy temple in Thiruvananthapuram died unlamented last fortnight.
Nearly five decades ago, she worked as a school teacher, but an encounter with the Maharaja of Travancore, Chithira Thirunal, changed her life forever.
For Chellamma, it was love at first sight, but her obsession cost Chellamma her job and family. Driven to madness by her unrequited love, she died with the king's name on her lips - and his picture in her rag bag.
ഉപേക്ഷിക്കപ്പെട്ട മനസുകളിൽ നിന്ന്
ഉറപൊട്ടുന്ന സ്നേഹമുണ്ട് .......
ആർക്കെന്നൊ എന്തിനെന്നോ അറിയാതെ
ഒഴുകി പടരുന്ന ആർദ്രമായ സ്നേഹം ....
അതിലൊന്ന് മറ്റൊന്നിനെ കണ്ടു മുട്ടിയാൽ
പിന്നെ ഒഴുക്കിന്റെ നേരമാണ് .....
ക്ഷമിക്കുക .........
നീ എന്ന ശിഥില ചിന്തയ്ക്കോ ....
പൊട്ടിപ്പോയ എന്റെ കിനാവുകൾക്കോ നല്കാൻ ..
എന്റെ പക്കൽ സമയമില്ല ....
കാലം എന്നെ ഏല്പിച്ച ഒരു നിധിയുണ്ട് .......
ഉന്മാദിക്കു മാത്രം കാവലാകാൻ ആവുന്ന ഒന്ന് .....
എന്റെ കണ്ണുകൾ നിറയുകയോ ...
എന്റെ ചുവടുകൾ പതറുകയൊ ഇല്ലിനി .......
വീണ്ടെടുപ്പിന്റെ കാലമാണ് .......
ഈ ചിതറിയ തുണ്ടുകളിൽ നിന്നും എന്നെ വീണ്ടെടുക്കുന്ന കാലം .....
അലോസരപ്പെടുത്തുന്ന ഓർമകളുമായി ആരും വരരുത് .......
എനിക്കിതു പുനർ ജന്മ കാലം
ഒറ്റക്കുതിരയെ കെട്ടിയ വണ്ടി ആ മലനിരയിലെ പാതയിലേക്ക് പ്രവേശിക്കുമ്പോ അവൾ പിന്നിൽ മൌനിയായിരുന്നു .... കുതിരയെ നിയന്ത്രിക്കുന്ന തിരക്കിൽ തിരക്കിൽ അവനും .........
ഓർമകളുടെ കുത്തൊഴുക്കിൽ അവൾ സ്വയം നഷ്ടപ്പെടുത്തിയിരുന്നു .. പെരുവഴിയിൽ തനിച്ചാക്കി ഉപേക്ഷിച്ചു പോയ തന്റെ പഴയ സാരഥി .... അവനെ എന്ത് മാത്രം ഞാൻ വിശ്വസിച്ചിരുന്നു ... അവനായി മാത്രം മനസർപ്പിച്ചു ....... എന്നിട്ടും ഹിംസ്ര മൃഗങ്ങള വേട്ടയാടുന്ന ആ ഘോര വനത്തിൽ അവനെന്നെ തനിയെ ഉപേക്ഷിച്ചു പോയി ... അവനു അവന്റെ വാഹനത്തിൽ പുതിയ പുതിയ യാത്രികർ വേണം ..... മദം, ഉന്മാദം കാമം, ലഹരി .... അവളറിയാതെ അവളുടെ തൊണ്ടയിൽ നിന്നും ഒരു ഗദ്ഗദ ശബ്ദം ... വണ്ടിയോടിച്ചിരുന്നവൻ തിരിഞ്ഞു നോക്കി ... അവൾ കരയുകയാണോ അതോ പണിപ്പെട്ടു കണ്ണുനീര് പിടിച്ചു നിർത്തുകയാണോ ... അവൻ മൌനിയായി ഇരുന്നു ... എന്ത് പറയും ഇവളോട്‌ ... എങ്ങനെ ആശ്വസിപ്പിക്കണം ... അറിയാൻ ആവുന്നില്ലല്ലോ എന്നോർത്തു അവനും ദുഖിച്ചു ... പക്ഷെ ഈ കണ്ണുനീർ അത് തന്നെ വല്ലാണ്ട് തളർത്തുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു ... അവൾ തനിക്കാരാണ് ... അവളോട്‌ തനിക്കുള്ള വികാരം എന്താണ് .. പ്രണയമാണോ?
അല്ലാ തനിക്കാരെയും ഇനി പ്രണയിക്കാൻ ആവില്ലല്ലോ ... ഒരായുസ്സിന്റെ പ്രണയം മുഴുവനും നല്കി താനും പ്രണയിച്ചിരുന്നു ..... ഈ വണ്ടിയിൽ അവളായിരുന്നു അന്ന് യാത്രക്കാരി കളിച്ചും ചിരിച്ചും ... യാത്രക്കിടയിൽ അവളിറങ്ങി പോയത് സത്യത്തിൽ എന്തിനായിരുന്നു എന്ന് ഇന്നും തനിക്കറിയില്ല എന്ന് മാത്രം അവനോർത്തു അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു ... തനിക്കു തന്റെ ഈ യാത്രക്കാരിയെ സമാധാനിപ്പിക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞു അവൻ മൂകനായി തല കുമ്പിട്ടു കുതിരയെ നിയന്ത്രിച്ചു കൊണ്ടേയിരുന്നു ...
മലയോരം വിട്ടു മനോഹരമായ താഴ്വാരത്തെ പച്ചപ്പ്‌ വകഞ്ഞു കീറിയ പോലെ ഉള്ള ആ പാതയിലായിരുന്നു അപ്പോൾ അവർ ഇരുവശത്തും പൂത്തു നില്ക്കുന്ന മരങ്ങളോ പാടുന്ന പക്ഷിയോ ഇരുവരും ശ്രദ്ധിച്ചിരുന്നില്ല .. മനസ്സിൽ കദനം തൂങ്ങിയ വിരഹവും പേറി രണ്ടു പേര് ...
അവൾ ഇടയ്ക്കൊന്നു അവനെ നോക്കി .. ആരാണിവൻ? എന്തിനാണ് ഇവൻ ആ വഴിയെ വന്നത് ? സാരഥി ഉപേക്ഷിച്ച താൻ ഇനി എന്ത് എന്നാലോചിച്ചു നിന്ന നിമിഷത്തിൽ ഇവനെന്തിനാ വഴി വന്നു ? ഒന്നുകിൽ ഇവന് ഭ്രാന്താണ് അല്ലെങ്കിൽ ഇവനൊരു ഒറ്റുകാരനാണ്!! ആ ചിന്ത അവളുടെ മനസ്സിൽ ഒരു ഭീതി ഉണർത്തി .. അവളവനെ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി ... തല കുമ്പിട്ടു കുതിരയെ നിയന്ത്രിക്കുന്ന അവന്റെ മുഖം തനിക്കു കാണാൻ ആവുന്നില്ലല്ലോ .. ഇവൻ മിത്രമാണോ ശത്രുവോ .. അറിയാൻ ആവുന്നില്ലല്ലോ ...
പുഴയോരത്തെ വന്മരത്തിന്റെ ചുവട്ടിൽ പൂക്കളും ഇലകളും വീണു കിടന്നു .. അവിടെ തണലിൽ ആണ് കുതിരവണ്ടി നിർത്തി അവർ ഇറങ്ങിയത്‌ .. അവൻ ചുള്ളിയും മറ്റും പെറുക്കി ഒരു അടുപ്പ് കൂട്ടി എന്തോ തിളപ്പിക്കുന്ന തിരക്കിലായിരുന്നു അവളാകട്ടെ വെറുതെ ആ പുഴയുടെ ഒഴുക്കും നോക്കി മിണ്ടാതെ ..... അവളുടെ മനസ്സിൽ ഭീതിയും സങ്കടവും അലയടിചിരുന്നത് ഇപ്പൊ ഒരു വിധം ശാന്തമായി കഴിഞ്ഞു .. അവൾ തിരിഞ്ഞു അവനെ നോക്കി അവൻ ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധിച്ചിരിക്കുന്നു അവളെ നോക്കുന്നു പോലും ഇല്ലാ ..... അവൾ തിരിഞ്ഞു വീണ്ടും പുഴയിലേക്ക് നോക്കി .. അവളുടെ തലയ്ക്കു മുകളിൽ മരച്ചിലയിൽ ഇണക്കിളികൾ കൊക്കുരുമ്മി പ്രണയിച്ചു ...
.
ഇതാ ഇത് കഴിക്കു ... ഒരു കോപ്പയിൽ പകർന്ന പാനീയം വച്ച് നീട്ടി അവൻ പറഞ്ഞു .. അവളതു വാങ്ങി എങ്കിലും അവളുടെ മനസ്സിൽ ആശങ്ക ഉണ്ടായിരുന്നു ഇതെന്താവാം ഇനി മയക്കി കിടത്തി ........ അത് അറിഞ്ഞ പോലെ അവൻ അവളോട്‌ പറഞ്ഞു .. വേണ്ടാ സംശയം വേണ്ടാ .. നിനക്കെന്നെ വിശ്വസിക്കാം ഞാൻ പകുതി വഴിയിൽ യാത്രികരെ ഇറക്കി വിടില്ലാ എന്റെ ഒപ്പം ഉള്ള യാത്ര ഒരു വാക്കാണ്‌ .. അവസാന ശ്വാസം വരെ ഒപ്പം ഉണ്ടാകുമെന്ന വാക്ക് .. അവൾ പെട്ടെന്ന് പ്രതികരിച്ചു .. വേണ്ടാ എന്റെ യാത്ര ഇവിടെ ഈ പുഴയോരത്ത് അവസാനിക്കുന്നു .. ഇനി നിനക്ക് പോകാം നിന്റെ വഴികളിലേക്ക് ...
അവനൊന്നു ചിരിച്ചു ......നോക്കൂ യാത്രക്കാരീ ഞാൻ നിങ്ങളെ ഒപ്പം കൂട്ടിയത് എനിക്ക് പോകാൻ ഇടങ്ങളില്ല എന്നത് കൊണ്ടാണെന്ന് നിങ്ങൾ ഇനിയെങ്കിലും അറിയണം ... ഈ കുതിരവണ്ടിയും ഞാനും ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു നടക്കുന്നതിലും ഭേദം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കാൻ എനിക്കായാൽ അതൊരു സൗഭാഗ്യം ആവും എന്ന് കരുതിയാണ് നിങ്ങളെ ഞാൻ ഒപ്പം കൂട്ടിയത് ... സംശയം വേണ്ടാ എനിക്ക് ഭ്രാന്ത് ഉണ്ട് പക്ഷെ അത് ആരെയും ഉപദ്രവിക്കാൻ പാകത്തിൽ ഉള്ളതല്ല ...... അതെനിക്ക് കിട്ടിയ ഒരു പ്രണയ സമ്മാനമാണ് അവളെ മറക്കാതെ ഇരിക്കാൻ അവളുടെ ഓർമ്മകൾ എന്നിൽ എന്നും നിറഞ്ഞു നിൽക്കാൻ ഞാൻ ഈ ഭ്രാന്തു സൂക്ഷിക്കുന്നു എന്ന് മാത്രം ...... പിന്നെ നിങ്ങൾക്ക് തോന്നാം ഞാൻ ഒരു ഒറ്റുകാരനോ മാംസദാഹിയൊ ആണെന്ന് അതും വേണ്ടാ ...... കാമവും പ്രണയവും മരിച്ച മനസിനെ ഇന്നലെ ഈ പുഴയോരത്ത് വച്ച് ദഹിപ്പിച്ചു ഒഴുക്കി വിട്ടു തിരികെ വന്നതാണ് ... എനിക്ക് നിങ്ങളോട് പ്രണയമോ കാമമോ ഒന്നും ഇല്ലാ നിങ്ങൾ എന്റെ ലക്‌ഷ്യം ആകുന്നതു പോലും അവസ്തകളിലെ സമാനതകൾ കൊണ്ടാണ് എന്ന് അറിയണം .. എനിക്കറിയാം ഉപേക്ഷിക്കപ്പെട്ട യാത്രക്കാരിയുടെ മനസ് ... കാരണം ഞാനും ഒറ്റപ്പെട്ടു പോയവനാണ് ..
അവൾ കോപ്പയിലെ പാനീയം കുടിച്ചു കൊണ്ട് മൌനം അണിഞ്ഞിരുന്നു .. അവളുടെ മനസ്സിൽ കദനം നിറഞ്ഞു കണ്ണുകള ഈറനായി .. ദൂരെ നോക്കി അവന്റെ കാഴ്ചയിൽ നിന്നും കണ്ണ് നീര് മറച്ചു വച്ച് അവൾ . അവൻ മെല്ലെ എഴുന്നേറ്റു വണ്ടിക്കരികിലേക്ക് പോയി .. കരയട്ടെ ഒക്കെ പെയ്തൊഴിയട്ടെ .. തറയിലെ പൊഴിഞ്ഞു കിടന്ന പൂവുകൾ എടുത്തു അവൻ മല കോർത്ത്‌ കൊണ്ട് ഇരുന്നു ......
എത്ര നേരം അങ്ങനെ പോയി എന്നറിയില്ല ..
അവളുടെ അടുത്തേക്ക്‌ വീണ്ടും അവൻ വന്നു ..... എഴുന്നേല്ക്കുക ..വരിക ആ പുഴയിലെ വെള്ളത്തിൽ നീ മുഖം കഴുകി വെടിപ്പാക്കണം മനസിലെ ദുഖങ്ങളെ ഈ മാല അണിയിച്ചു ഒഴുക്കി വിടണം ....... ഇവിടെ നിന്നും വീണ്ടും നമ്മുടെ യാത്ര പുനരാരംഭിക്കുമ്പോൾ നിന്റെ മനസ്സിൽ ദുഃഖങ്ങൾ ഉണ്ടാവരുത് .അവൾ അവനെ നോക്കി മെല്ലെ പറഞ്ഞു ...എനിക്കാവുന്നില്ല ...... ഒന്നും മറക്കാൻ എനിക്കാവുന്നില്ല ... എനിക്കതിനാവുമെന്നു തോന്നുന്നില്ല .......
അവൻ പെട്ടെന്ന് പ്രതികരിച്ചു ...അങ്ങനെ അല്ല .. ഓർമകളിൽ നിന്നും ചോര ചിന്തുന്നതിനെ ഒഴിവാക്കണം കൂട്ടുകാരീ .. എനിക്കറിയാവുന്ന ഇടത്തോളം നീ പ്രണയം ഉപയോഗിച്ച് തീർന്നു പോയ ഒരു മനസിന്റെ ഉടമയാണ് .. എനിക്കത് മനസിലാകും ഞാനും അതെ അവസ്ഥയിലുള്ള മനസ് സൂക്ഷിക്കുന്നവനാണ് ...... ഒരിക്കൽ ഒരിക്കൽ ആ ചോര ചിന്തുന്ന ഓർമകളെ ഈ പുഴയിൽ അർപ്പിച്ചു പോകാൻ നിനക്ക് ആയാൽ ... നിനക്കും ഈ ലോകം മനോഹരമായി തോന്നും ... നിനക്കും അവകാശങ്ങളുണ്ട് കൂട്ടുകാരീ ..... ഈ മനോഹാരിത ആസ്വദിക്കാൻ നിനക്കും അവകാശമുണ്ട് ..... കദനത്തിന്റെ കയങ്ങളിൽ ചുറ്റി തിരിഞ്ഞു സ്വയം അവസാനിക്കാതെ വരിക ......... എനിക്ക് പ്രണയം ഇല്ല കാമവും ..... പക്ഷെ എന്റെ ബാക്കി ഉള്ള ജീവൻ കൊണ്ട് നിനക്കൊരു താങ്ങായി സഹയാത്രികനായി തുടരാൻ എനിക്കാവും ഉറപ്പ് ..... വരിക ...... ഈ യാത്ര അവസാനിക്കരുത് ..... വരിക ഈ യാത്ര തുടരേണ്ടതുണ്ട് ............
.
താഴ്വാരത്തെ പച്ചപ്പും പൂക്കളും ശലഭങ്ങളും കണ്ടു അവൾ അത്ഭുതപ്പെട്ടു ഈ ലോകത്തിനു ഇത്രേം മനോഹാരിത ഉണ്ടെന്നു വീണ്ടും അവൾ കണ്ടെത്തുന്ന ആ നിമിഷങ്ങളിൽ അവളുടെ മുഖം അവന്റെ ചുമലിൽ വിശ്രമിച്ചു അവൾക്കറിയാമായിരുന്നു ആ നിമിഷങ്ങളിൽ അവർക്ക് ഇരുവർക്കും ബാല്യമെന്നും ബാല്യത്തിന്റെ നിഷ്കളങ്ക ഭാവം അല്ലാതെ മറ്റൊന്നും അവരിൽ അവശേഷിച്ചിരുന്നില്ല എന്നും .........................
.
ചുവന്ന മാലയണിയിച്ചു ഒഴുക്കി വിട്ട കദനത്തിന്റെ ഓർമ്മകൾ അപ്പോൾ ആ പുഴയിലെ കയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരുന്നു ...... ഇനി ഒരിക്കലും പൊന്തി വരാത്ത വണ്ണം ........
രണ്ടു കൊച്ചു കുട്ടികൾ കലപിലാ ശബ്ദിച്ചു കൊണ്ട് കുതിരവണ്ടിയിൽ മലയിറങ്ങി പോയത് കണ്ടവരുണ്ട് ......... അവരിന്നും അത് പറഞ്ഞു ചിരിക്കാരും ഉണ്ടത്രേ !!

ചില്ല് പൊട്ടിയ മണൽ ഘടികാരം പോലാണ് ജീവിതം ..
ഊർന്നു പോയ്ക്കൊണ്ടേ ഇരിക്കുന്നുണ്ട് ...
ഒക്കെ പോട്ടെ നോക്കാം എന്ന് കരുതാൻ ആവില്ലല്ലോ ..
സെക്കണ്ടുകൾ ചെരുമ്പോ മിനിട്ടുകളാവും ..
മിനിട്ടുകൾ മണിക്കൂറും മണിക്കൂറുകൾ ദിവസവവും ..
ദിവസങ്ങൾ മാസങ്ങളും മാസങ്ങൾ വർഷങ്ങളും ...
ഓരോ നിമിഷവും ഊർന്നു പോകുന്ന മണൽതരികൾപോലെ ..
ജീവിതം അങ്ങ് പോയോഴിയും .......
ഞാൻ ഞാൻ എന്ന് കരുതി മറ്റൊന്നും കാണാതെ..
അറിയാതെ ജീവിച്ചു പോകാം അതും ഒരു വഴിയാണ് ..
എന്നാൽ നാളെ ഈ മണലു മൊത്തം ചോർന്നു പോയി കഴിയുമ്പോ ..
നമ്മളൊക്കെ ഒരു ചില്ലിട്ട ചിത്രം ആയി അവശേഷിക്കുമ്പോ ..
മറ്റുള്ളവരുടെ ഓർമകളിൽ നാം പുനർ ജനിക്കും..
അവിടെ നാം എന്താവും എന്ന് മാത്രം ഓർക്കുക ..
എങ്ങനെ ആവും ആളുകൾ നമ്മെ അടയാളപ്പെടുത്തുക ..
'''എന്നെ എങ്ങനെ ആവും നിങ്ങൾ അടയാളപ്പെടുത്തുക?''
'''അഥവാ എങ്ങാനും ഞാൻ നിങ്ങളുടെ ഓർമയിൽ ഉണ്ടെങ്കിൽ ?''

2016, മാർച്ച് 7, തിങ്കളാഴ്‌ച

ആദി വേടൻ

''കാട്ടിൽ ഇരിക്കണ കരിമൂർക പാമ്പിനേം തച്ചും കൊന്നങ്ങു വേടൻ''
ഡും ഡും ......... ഡും ഡും ............ ഡും ഡും ...............
.
ആദി വേടൻ തെയ്യം നാട് തീണ്ടാൻ ഇറങ്ങിയതാണ് ഉറഞ്ഞാടി ഗുരുസി എടുത്ത് ...
.
ഇടതൂർന്ന മരങ്ങൾക്കിടയിലെ കരിയിലകളെ ചവുട്ടി ഒതുക്കി ... ശിഘരമൊടിച്ചു വഴിവെട്ടി വെട്ടി വേടൻ ... പാലപൂക്കുന്ന കാട്ടിനുള്ളിൽ അവൾ .....
'ചോര' 'ചോര' 'ചോര' ....... അവളുറഞ്ഞു ...
''നിന്നിലേക്കായിരുന്നു എന്റെ യാത്ര '' വേടൻ അവളെ നമസ്കരിച്ചു ....
''ചാവ് വേണം ചവം വേണം '' ...... അവളുടെ കണ്ണിൽ രൗദ്ര ഭാവം !
'' ആരുടെ ? '' ..... വേടനു ജിജ്ഞാസ ...
'' നിന്റെ ..നിന്റെ ..നിന്റെ '' .......
'' എന്റെയോ ! നിന്നെ മാത്രം ഉപാസിക്കുന്ന എന്റെയോ ?'' .. വേടൻ അമ്പരന്നു ..
'' അതെ നിന്റെ തന്നെ എന്നാലേ എന്റെ കലിയടങ്ങൂ ''' ...അവളുറഞ്ഞു വീണ്ടും
'' എന്തിനു .. എന്തിനു ... ഞാൻ എന്ത് തെറ്റ് ചെയ്തു ''' .. വേടന്റെ ദൈന്യം ..
പൊട്ടിച്ചിരിച്ചവള് മറഞ്ഞു .............
.
ഒരു സീല്ക്കാര ശബ്ദത്തോടെ കൂർതൊരമ്പു അവന്റെ നെഞ്ച് തുളച്ചു പോയി ...
കരിയിലകളുടെ മേലെ നിണം പടർത്തി വേടൻ ..........
.
.
'' എഴുന്നേൽക്ക് ............ '' വേടൻ കണ്ണ് തുറന്നു ....അമ്പു കൊണ്ട മുറിവിൽ നിന്നും അപ്പോഴും നിണം ഒഴുകുന്നുണ്ടായിരുന്നു ...
'' എഴുന്നേൽക്ക് ............'' വീണ്ടും അതെ സ്വരം .....
'' എന്തിനു ?'' .... ഇടറി പൊളിഞ്ഞ ഒച്ചയിൽ വേടൻ ..
'' വരിക എന്റെ ഒപ്പം .. എനിക്ക് വേണം നിന്നെ '''
'' എന്തിനു ? ... എന്തിനു ? ... '''
'' എന്റെതാക്കാൻ എന്റെ സന്തോഷം ഇനി നീയാവട്ടെ ''
'' അപ്പോൾ എന്റെ നിയോഗം എന്ത് ?''
'' ഒന്നുമില്ല ഇടവേളകളിൽ ഞാൻ വരും .. നീ കാത്തിരിക്കണം നിനക്ക് എന്നൊരു നിയൊഗമില്ല ഉണ്ടാവില്ലാ എല്ലാം എന്റെ എന്റെ എന്റെ മാത്രം '''
'' വേണ്ടാ വയ്യാ ... ഇനിയും ഉരുകാൻ എനിക്കാവില്ലാ എന്നെ ഒഴിവാക്കുക '''
'' ഈ മുറിവ് തനിയെ ഉണക്കി വരിക നീ ... എന്റെ സന്തോഷം എന്റെ എന്റെ എന്റെ എന്റെ എന്റെ ......''
വേടൻ തിരിഞ്ഞു നടന്നു വേച്ചു വേച്ചു ....... ഇടറിയ പാദങ്ങളോടെ അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു .........
'' നിനക്ക് വേറെ വഴികളുണ്ടാകാതെ പോട്ടെ ..... ഞാൻ കൊതിച്ചതെല്ലാം ഞാൻ നേടിയിട്ടുണ്ട് ...... നീയും വരും ഒരു നാൾ ''' പിന്നിൽ ആരുടെയോ ശാപം .. നിറഞ്ഞ കണ്ണുകളോടെ വേടൻ ഇടയ്ക്ക് വീണും ഇഴഞ്ഞും മുന്നോട്ടു തന്നെ പോയി ...
വീണ്ടും ഒരമ്പിന്റെ സീൽക്കാരം .......
.
.
ചിലമ്പിളകുന്ന ശബ്ദം .... ഒരു കൊച്ചു കാറ്റിന്റെ തലോടൽ ... ദള മർമരം പോലെ ശബ്ദം .....മോക്ഷം മോക്ഷം മോക്ഷം ....... വേടൻ വീണു കിടന്നു ... പക്ഷെ എന്തോ എവിടെയോ ഒരു നേരത്ത വെട്ടം അടഞ്ഞ കണ്ണുകളിലേക്കു മെല്ലെ മെല്ലെ .....
''' നീ അവസാനിക്കുന്നില്ല '' വേടൻ കണ്ണ് തുറന്നു ശബ്ദത്തിന്റെ ഉറവിടം തേടി ....
വെട്ടം നിറഞ്ഞ വെട്ടം മാത്രം ..... കണ്ണ് നീരിന്റെ ദേവത !!
'' വീണു പോകരുത് നീ ... എഴുന്നേൽക്ക് ഈ പാതയിൽ ഞാനും ഉണ്ട് ''' വേടൻ അത്ഭുതത്തോടെ നിന്നു .....
'' എനിക്കെന്തിനു പാത ? കാണുക ശരം ഏറ്റു മുറിഞ്ഞ എന്റെ ഹൃത്തിനെ .. അതിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലല്ലോ '' വേടൻ ചോദിക്കുന്നുണ്ട് ...
ദേവത പൊട്ടിച്ചിരിച്ചു ..... '''ഹൃദയമേ കളവു പോയവൾ ഞാൻ..... കുറഞ്ഞ പക്ഷം മുറിവെററതൊന്നു നിനക്ക് സ്വന്തം ആയി ഉണ്ടല്ലോ ''' ദേവത വീണ്ടും ചിരിച്ചു ...
വേടനും ദേവതയും മൂന്നിരവും മൂന്നു പകലും സംസാരിച്ചു കൊണ്ടേയിരുന്നു ...
.
തന്റെ കൂരയ്ക്ക് ചുറ്റും പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്ന ആ ദേവതയ്ക്ക് വേണ്ടി വേടൻ തന്റെ ഹൃദയം വരിഞ്ഞു മുറുക്കി കെട്ടി ............
കാട്ടുപാതയിൽ കാറ്റു കുണ്ങ്ങുന്നുണ്ട് .......
അമ്പേന്തി വില്ലേന്തി വേടനുണ്ട് ........ അവന്റെ പക്കലാ തിളങ്ങുന്ന മഴുവുണ്ട്
അവന്റെ കൂരയ്ക്ക് ചുറ്റും പൂക്കാലം വീണ്ടും വിരുന്നു വരുന്ന നേരത്തും അവൻ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കരുതലോടെ സൂക്ഷ്മതയോടെ .......
വനദേവതയുടെ ഹൃദയം വീണ്ടെടുക്കണം .... തനിക്കു വേണ്ടി വസന്തം കൊണ്ട് വന്ന വനദേവതയ്ക്ക് അവനതു തിരികെ സമർപ്പിക്കണം ...... എന്നിട്ടാ പാദങ്ങളിൽ അവസാനിക്കണം അത് വരെ എങ്കിലും ജീവിച്ചിരിക്കണം .......
അത് വരെ എങ്കിലും ജീവിച്ചിരിക്കണം ........
അത് വരെ എങ്കിലും ..............