2016, മാർച്ച് 9, ബുധനാഴ്‌ച

ഒറ്റക്കുതിരയെ കെട്ടിയ വണ്ടി ആ മലനിരയിലെ പാതയിലേക്ക് പ്രവേശിക്കുമ്പോ അവൾ പിന്നിൽ മൌനിയായിരുന്നു .... കുതിരയെ നിയന്ത്രിക്കുന്ന തിരക്കിൽ തിരക്കിൽ അവനും .........
ഓർമകളുടെ കുത്തൊഴുക്കിൽ അവൾ സ്വയം നഷ്ടപ്പെടുത്തിയിരുന്നു .. പെരുവഴിയിൽ തനിച്ചാക്കി ഉപേക്ഷിച്ചു പോയ തന്റെ പഴയ സാരഥി .... അവനെ എന്ത് മാത്രം ഞാൻ വിശ്വസിച്ചിരുന്നു ... അവനായി മാത്രം മനസർപ്പിച്ചു ....... എന്നിട്ടും ഹിംസ്ര മൃഗങ്ങള വേട്ടയാടുന്ന ആ ഘോര വനത്തിൽ അവനെന്നെ തനിയെ ഉപേക്ഷിച്ചു പോയി ... അവനു അവന്റെ വാഹനത്തിൽ പുതിയ പുതിയ യാത്രികർ വേണം ..... മദം, ഉന്മാദം കാമം, ലഹരി .... അവളറിയാതെ അവളുടെ തൊണ്ടയിൽ നിന്നും ഒരു ഗദ്ഗദ ശബ്ദം ... വണ്ടിയോടിച്ചിരുന്നവൻ തിരിഞ്ഞു നോക്കി ... അവൾ കരയുകയാണോ അതോ പണിപ്പെട്ടു കണ്ണുനീര് പിടിച്ചു നിർത്തുകയാണോ ... അവൻ മൌനിയായി ഇരുന്നു ... എന്ത് പറയും ഇവളോട്‌ ... എങ്ങനെ ആശ്വസിപ്പിക്കണം ... അറിയാൻ ആവുന്നില്ലല്ലോ എന്നോർത്തു അവനും ദുഖിച്ചു ... പക്ഷെ ഈ കണ്ണുനീർ അത് തന്നെ വല്ലാണ്ട് തളർത്തുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു ... അവൾ തനിക്കാരാണ് ... അവളോട്‌ തനിക്കുള്ള വികാരം എന്താണ് .. പ്രണയമാണോ?
അല്ലാ തനിക്കാരെയും ഇനി പ്രണയിക്കാൻ ആവില്ലല്ലോ ... ഒരായുസ്സിന്റെ പ്രണയം മുഴുവനും നല്കി താനും പ്രണയിച്ചിരുന്നു ..... ഈ വണ്ടിയിൽ അവളായിരുന്നു അന്ന് യാത്രക്കാരി കളിച്ചും ചിരിച്ചും ... യാത്രക്കിടയിൽ അവളിറങ്ങി പോയത് സത്യത്തിൽ എന്തിനായിരുന്നു എന്ന് ഇന്നും തനിക്കറിയില്ല എന്ന് മാത്രം അവനോർത്തു അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു ... തനിക്കു തന്റെ ഈ യാത്രക്കാരിയെ സമാധാനിപ്പിക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞു അവൻ മൂകനായി തല കുമ്പിട്ടു കുതിരയെ നിയന്ത്രിച്ചു കൊണ്ടേയിരുന്നു ...
മലയോരം വിട്ടു മനോഹരമായ താഴ്വാരത്തെ പച്ചപ്പ്‌ വകഞ്ഞു കീറിയ പോലെ ഉള്ള ആ പാതയിലായിരുന്നു അപ്പോൾ അവർ ഇരുവശത്തും പൂത്തു നില്ക്കുന്ന മരങ്ങളോ പാടുന്ന പക്ഷിയോ ഇരുവരും ശ്രദ്ധിച്ചിരുന്നില്ല .. മനസ്സിൽ കദനം തൂങ്ങിയ വിരഹവും പേറി രണ്ടു പേര് ...
അവൾ ഇടയ്ക്കൊന്നു അവനെ നോക്കി .. ആരാണിവൻ? എന്തിനാണ് ഇവൻ ആ വഴിയെ വന്നത് ? സാരഥി ഉപേക്ഷിച്ച താൻ ഇനി എന്ത് എന്നാലോചിച്ചു നിന്ന നിമിഷത്തിൽ ഇവനെന്തിനാ വഴി വന്നു ? ഒന്നുകിൽ ഇവന് ഭ്രാന്താണ് അല്ലെങ്കിൽ ഇവനൊരു ഒറ്റുകാരനാണ്!! ആ ചിന്ത അവളുടെ മനസ്സിൽ ഒരു ഭീതി ഉണർത്തി .. അവളവനെ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി ... തല കുമ്പിട്ടു കുതിരയെ നിയന്ത്രിക്കുന്ന അവന്റെ മുഖം തനിക്കു കാണാൻ ആവുന്നില്ലല്ലോ .. ഇവൻ മിത്രമാണോ ശത്രുവോ .. അറിയാൻ ആവുന്നില്ലല്ലോ ...
പുഴയോരത്തെ വന്മരത്തിന്റെ ചുവട്ടിൽ പൂക്കളും ഇലകളും വീണു കിടന്നു .. അവിടെ തണലിൽ ആണ് കുതിരവണ്ടി നിർത്തി അവർ ഇറങ്ങിയത്‌ .. അവൻ ചുള്ളിയും മറ്റും പെറുക്കി ഒരു അടുപ്പ് കൂട്ടി എന്തോ തിളപ്പിക്കുന്ന തിരക്കിലായിരുന്നു അവളാകട്ടെ വെറുതെ ആ പുഴയുടെ ഒഴുക്കും നോക്കി മിണ്ടാതെ ..... അവളുടെ മനസ്സിൽ ഭീതിയും സങ്കടവും അലയടിചിരുന്നത് ഇപ്പൊ ഒരു വിധം ശാന്തമായി കഴിഞ്ഞു .. അവൾ തിരിഞ്ഞു അവനെ നോക്കി അവൻ ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധിച്ചിരിക്കുന്നു അവളെ നോക്കുന്നു പോലും ഇല്ലാ ..... അവൾ തിരിഞ്ഞു വീണ്ടും പുഴയിലേക്ക് നോക്കി .. അവളുടെ തലയ്ക്കു മുകളിൽ മരച്ചിലയിൽ ഇണക്കിളികൾ കൊക്കുരുമ്മി പ്രണയിച്ചു ...
.
ഇതാ ഇത് കഴിക്കു ... ഒരു കോപ്പയിൽ പകർന്ന പാനീയം വച്ച് നീട്ടി അവൻ പറഞ്ഞു .. അവളതു വാങ്ങി എങ്കിലും അവളുടെ മനസ്സിൽ ആശങ്ക ഉണ്ടായിരുന്നു ഇതെന്താവാം ഇനി മയക്കി കിടത്തി ........ അത് അറിഞ്ഞ പോലെ അവൻ അവളോട്‌ പറഞ്ഞു .. വേണ്ടാ സംശയം വേണ്ടാ .. നിനക്കെന്നെ വിശ്വസിക്കാം ഞാൻ പകുതി വഴിയിൽ യാത്രികരെ ഇറക്കി വിടില്ലാ എന്റെ ഒപ്പം ഉള്ള യാത്ര ഒരു വാക്കാണ്‌ .. അവസാന ശ്വാസം വരെ ഒപ്പം ഉണ്ടാകുമെന്ന വാക്ക് .. അവൾ പെട്ടെന്ന് പ്രതികരിച്ചു .. വേണ്ടാ എന്റെ യാത്ര ഇവിടെ ഈ പുഴയോരത്ത് അവസാനിക്കുന്നു .. ഇനി നിനക്ക് പോകാം നിന്റെ വഴികളിലേക്ക് ...
അവനൊന്നു ചിരിച്ചു ......നോക്കൂ യാത്രക്കാരീ ഞാൻ നിങ്ങളെ ഒപ്പം കൂട്ടിയത് എനിക്ക് പോകാൻ ഇടങ്ങളില്ല എന്നത് കൊണ്ടാണെന്ന് നിങ്ങൾ ഇനിയെങ്കിലും അറിയണം ... ഈ കുതിരവണ്ടിയും ഞാനും ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു നടക്കുന്നതിലും ഭേദം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കാൻ എനിക്കായാൽ അതൊരു സൗഭാഗ്യം ആവും എന്ന് കരുതിയാണ് നിങ്ങളെ ഞാൻ ഒപ്പം കൂട്ടിയത് ... സംശയം വേണ്ടാ എനിക്ക് ഭ്രാന്ത് ഉണ്ട് പക്ഷെ അത് ആരെയും ഉപദ്രവിക്കാൻ പാകത്തിൽ ഉള്ളതല്ല ...... അതെനിക്ക് കിട്ടിയ ഒരു പ്രണയ സമ്മാനമാണ് അവളെ മറക്കാതെ ഇരിക്കാൻ അവളുടെ ഓർമ്മകൾ എന്നിൽ എന്നും നിറഞ്ഞു നിൽക്കാൻ ഞാൻ ഈ ഭ്രാന്തു സൂക്ഷിക്കുന്നു എന്ന് മാത്രം ...... പിന്നെ നിങ്ങൾക്ക് തോന്നാം ഞാൻ ഒരു ഒറ്റുകാരനോ മാംസദാഹിയൊ ആണെന്ന് അതും വേണ്ടാ ...... കാമവും പ്രണയവും മരിച്ച മനസിനെ ഇന്നലെ ഈ പുഴയോരത്ത് വച്ച് ദഹിപ്പിച്ചു ഒഴുക്കി വിട്ടു തിരികെ വന്നതാണ് ... എനിക്ക് നിങ്ങളോട് പ്രണയമോ കാമമോ ഒന്നും ഇല്ലാ നിങ്ങൾ എന്റെ ലക്‌ഷ്യം ആകുന്നതു പോലും അവസ്തകളിലെ സമാനതകൾ കൊണ്ടാണ് എന്ന് അറിയണം .. എനിക്കറിയാം ഉപേക്ഷിക്കപ്പെട്ട യാത്രക്കാരിയുടെ മനസ് ... കാരണം ഞാനും ഒറ്റപ്പെട്ടു പോയവനാണ് ..
അവൾ കോപ്പയിലെ പാനീയം കുടിച്ചു കൊണ്ട് മൌനം അണിഞ്ഞിരുന്നു .. അവളുടെ മനസ്സിൽ കദനം നിറഞ്ഞു കണ്ണുകള ഈറനായി .. ദൂരെ നോക്കി അവന്റെ കാഴ്ചയിൽ നിന്നും കണ്ണ് നീര് മറച്ചു വച്ച് അവൾ . അവൻ മെല്ലെ എഴുന്നേറ്റു വണ്ടിക്കരികിലേക്ക് പോയി .. കരയട്ടെ ഒക്കെ പെയ്തൊഴിയട്ടെ .. തറയിലെ പൊഴിഞ്ഞു കിടന്ന പൂവുകൾ എടുത്തു അവൻ മല കോർത്ത്‌ കൊണ്ട് ഇരുന്നു ......
എത്ര നേരം അങ്ങനെ പോയി എന്നറിയില്ല ..
അവളുടെ അടുത്തേക്ക്‌ വീണ്ടും അവൻ വന്നു ..... എഴുന്നേല്ക്കുക ..വരിക ആ പുഴയിലെ വെള്ളത്തിൽ നീ മുഖം കഴുകി വെടിപ്പാക്കണം മനസിലെ ദുഖങ്ങളെ ഈ മാല അണിയിച്ചു ഒഴുക്കി വിടണം ....... ഇവിടെ നിന്നും വീണ്ടും നമ്മുടെ യാത്ര പുനരാരംഭിക്കുമ്പോൾ നിന്റെ മനസ്സിൽ ദുഃഖങ്ങൾ ഉണ്ടാവരുത് .അവൾ അവനെ നോക്കി മെല്ലെ പറഞ്ഞു ...എനിക്കാവുന്നില്ല ...... ഒന്നും മറക്കാൻ എനിക്കാവുന്നില്ല ... എനിക്കതിനാവുമെന്നു തോന്നുന്നില്ല .......
അവൻ പെട്ടെന്ന് പ്രതികരിച്ചു ...അങ്ങനെ അല്ല .. ഓർമകളിൽ നിന്നും ചോര ചിന്തുന്നതിനെ ഒഴിവാക്കണം കൂട്ടുകാരീ .. എനിക്കറിയാവുന്ന ഇടത്തോളം നീ പ്രണയം ഉപയോഗിച്ച് തീർന്നു പോയ ഒരു മനസിന്റെ ഉടമയാണ് .. എനിക്കത് മനസിലാകും ഞാനും അതെ അവസ്ഥയിലുള്ള മനസ് സൂക്ഷിക്കുന്നവനാണ് ...... ഒരിക്കൽ ഒരിക്കൽ ആ ചോര ചിന്തുന്ന ഓർമകളെ ഈ പുഴയിൽ അർപ്പിച്ചു പോകാൻ നിനക്ക് ആയാൽ ... നിനക്കും ഈ ലോകം മനോഹരമായി തോന്നും ... നിനക്കും അവകാശങ്ങളുണ്ട് കൂട്ടുകാരീ ..... ഈ മനോഹാരിത ആസ്വദിക്കാൻ നിനക്കും അവകാശമുണ്ട് ..... കദനത്തിന്റെ കയങ്ങളിൽ ചുറ്റി തിരിഞ്ഞു സ്വയം അവസാനിക്കാതെ വരിക ......... എനിക്ക് പ്രണയം ഇല്ല കാമവും ..... പക്ഷെ എന്റെ ബാക്കി ഉള്ള ജീവൻ കൊണ്ട് നിനക്കൊരു താങ്ങായി സഹയാത്രികനായി തുടരാൻ എനിക്കാവും ഉറപ്പ് ..... വരിക ...... ഈ യാത്ര അവസാനിക്കരുത് ..... വരിക ഈ യാത്ര തുടരേണ്ടതുണ്ട് ............
.
താഴ്വാരത്തെ പച്ചപ്പും പൂക്കളും ശലഭങ്ങളും കണ്ടു അവൾ അത്ഭുതപ്പെട്ടു ഈ ലോകത്തിനു ഇത്രേം മനോഹാരിത ഉണ്ടെന്നു വീണ്ടും അവൾ കണ്ടെത്തുന്ന ആ നിമിഷങ്ങളിൽ അവളുടെ മുഖം അവന്റെ ചുമലിൽ വിശ്രമിച്ചു അവൾക്കറിയാമായിരുന്നു ആ നിമിഷങ്ങളിൽ അവർക്ക് ഇരുവർക്കും ബാല്യമെന്നും ബാല്യത്തിന്റെ നിഷ്കളങ്ക ഭാവം അല്ലാതെ മറ്റൊന്നും അവരിൽ അവശേഷിച്ചിരുന്നില്ല എന്നും .........................
.
ചുവന്ന മാലയണിയിച്ചു ഒഴുക്കി വിട്ട കദനത്തിന്റെ ഓർമ്മകൾ അപ്പോൾ ആ പുഴയിലെ കയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരുന്നു ...... ഇനി ഒരിക്കലും പൊന്തി വരാത്ത വണ്ണം ........
രണ്ടു കൊച്ചു കുട്ടികൾ കലപിലാ ശബ്ദിച്ചു കൊണ്ട് കുതിരവണ്ടിയിൽ മലയിറങ്ങി പോയത് കണ്ടവരുണ്ട് ......... അവരിന്നും അത് പറഞ്ഞു ചിരിക്കാരും ഉണ്ടത്രേ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ