2016, മേയ് 4, ബുധനാഴ്‌ച

[ കൂട്ടുകാരോട് ഒരു വാക്ക്....തികച്ചും സ്വതന്ത്രമായ ഒരു രചനായണിത് ...ദയവായി വായിക്കണം നിങ്ങള്‍ ... എന്നിട്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത് ]
തലയോട്ടിയുടെ ഇടങ്ങളില്‍ ..............
============================
.
ː- ഇമ്മാനുവേല്‍ ... എന്റെ പ്രിയ സ്നേഹിതാ
ː- എന്താണ് ജുദാ ...
ː- ഇമ്മാനുവേല്‍ നാം പരാജയപ്പെട്ടു എന്നുറപ്പാണോ ?
ː- അതെ ജുദാ നാം പരാജയപ്പെട്ടു .. നമ്മുടെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയി ജുദാ ... നോക്ക് പന്ത്രണ്ട് ഗോത്രങ്ങള്‍ അയി പിരിഞ്ഞു നിന്ന് ഇപ്പോഴും പോരടിക്കുന്ന ഈ ജനത്തിനെ ഒന്നിച്ചു നിര്‍ത്താന്‍ നമുക്കാവില്ല ... നാം അവരുടെ ഇടയില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ ഒക്കെയും കഴിവ് കുറഞ്ഞവരോ ആത്മവിശ്വാസം ഇല്ലാതെ പോയവരോ ആയിരിക്കുന്നു .. അവര്‍ക്ക് നാളെയെ കുറിച്ചു പ്രതീക്ഷ നഷ്ടമായിരിക്കുന്നു ജുദാ ...
ː- ഇമ്മാനുവേല്‍ നീ എന്താണ് ഉദ്ദേശിക്കുന്നത് ...
ː- ജുദാ നീ അറിയുന്നില്ലേ വിവരങ്ങള്‍ അസാമാന്യ ശേഷിയോടെ പുറപ്പെട്ടു വരുന്ന പടയുടെ കാലടിയോച്ചകള്‍ നീ കേള്‍ക്കുന്നില്ലേ ജുദാ ? അവര്‍ നമ്മോടുള്ള ശത്രുത ഈ ജനത്തിന്റെ മേല്‍ ചൊരിയും ... ഇവരുടെ കഷ്ടതകള്‍ ഇരട്ടിക്കും ജുദാ തെരഞ്ഞെടുക്കപ്പെട്ടവരെ ഒക്കെ അവര്‍ കൊന്നൊടുക്കും .. നമ്മുടെ സാധ്യതകള്‍ അവസാനിച്ചിരിക്കുന്നു ജുദാ നമുക്ക് മുന്നില് അധികം വഴികള്‍ അവശേഷിക്കുന്നില്ല തന്നെ .. ഒരു ചെറുത്തു നില്‍പ്പ് പ്രായോഗികം അല്ലാ ജുദാ നിനക്ക് മനസിലാകുന്നുണ്ടോ ...
ː- അറിയാം ഇമ്മാനുവേല്‍ ... നാം ചെറുത്തു നില്ക്കാന്‍ ശ്രമിച്ചാല്‍ കുറെ അധികം ആളുകള് നമ്മോടൊപ്പം ഉണ്ടാവും ഉറപ്പ് പക്ഷെ ശരിയായ പരിശീലനവും ശക്തമായ ആയുധ സന്നാഹങ്ങളും ഉള്ള സൈന്യത്തോട് എതിരിടാന്‍ അത് മതിയാവില്ല ... ഫലത്തില്‍ നമ്മെ അനുകൂലിക്കുന്നവര്‍ നാം ബലി കൊടുക്കുന്നതിനു തുല്യം ആവും അത് .. പക്ഷെ ഇമ്മാനുവേല്‍ നമുക്കെന്തു ചെയ്യാന്‍ ആവും ?
ː- സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു ... ഒഴിഞ്ഞു പോകാന്‍ നമുക്കാവില്ല ജുദാ ഈ നഗരം വളയപ്പെട്ടു കഴിഞ്ഞിരിക്കുന്നു ചാരന്മാര്‍ എങ്ങും ഉണ്ട് .. എന്താണ് വേണ്ടതെന്നു എനിക്ക് ഒരു വഴിയും തോന്നുന്നില്ല ജുദാ ...
ː- ഇമ്മാനുവേല്‍ ... നമുക്കൊരു ഒത്തു തീര്‍പ്പിന് ശ്രമിക്കരുതോ ? ഈ ജനത്തിന്റെ ജീവനെങ്കിലും നമുക്ക് രക്ഷിക്കാന്‍ ആയേക്കും ...
ː- ജുദാ നീ എന്താണ് ഉദ്ദേശിക്കുന്നത് പ്രിയ സ്നേഹിതാ ....
ː- ഇമ്മാനുവേല്‍ പീലാത്തോസ് ഒരു നല്ല മനുഷ്യനാണ് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ കഴിയുന്ന ആള് തന്നെ ആണ് ... അയാളുടെ പിന്തുണ കിട്ടിയാല്‍ നമുക്കൊരു പക്ഷെ നമ്മുടെ ശത്രുക്കളും ആയി ഒരു ഒത്തു തീര്‍പ്പില്‍ എത്താന്‍ ആയേക്കും .....
ː- പക്ഷെ എങ്ങനെ ആരു സംസാരിക്കും ജുദാ .... നമുക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലല്ലോ ... ഇനി അഥവാ സംസാരിച്ചിട്ടു ഫലവത്തായില്ലെങ്കില്‍ ഈ സംസാരിക്കുന്ന ആളിനെ ഒറ്റുകാരന്‍ എന്ന് വിളിക്കില്ലേ നമ്മുടെ കൂട്ടത്തില്‍ ഉള്ളവര്‍ ? .. അതൊരു വലിയ സാഹസം ആവില്ലേ ജുദാ ആരു ശ്രമിച്ചാലും ..
ː- ഇമ്മാനുവേല്‍ .... മാറ്റാരെയും ഇതില്‍ ഇടപെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല ... ഞാന്‍ പോകും ഇമ്മാനുവേല്‍ ... എന്ത് തന്നെ വന്നാലും ഞാന്‍ സഹിക്കാന്‍ തയാറാണ് ...
ː- ജുദാ ..... നീയോ .... അത് വേണ്ടാ
ː- വേണം ഇമ്മാനുവേല്‍ ....... ഈ നന്ദികെട്ട ജനത്തിന്റെ ജീവന്‍ രക്ഷിക്കണം .. ഒരായിരത്തിന്റെ ബലി ഒഴിവാക്കാന്‍ ഒരു അവസാന ശ്രമം ..
ː- ജുദാ .... ബാല്യകാലം മുതല്‍ തന്നെ നാം ഒന്നിച്ചുണ്ട് ... ജുദാ നമുക്ക് പരസ്പരം അറിയാവുന്നത് പോലെ മാറ്റാര്‍ക്കും നമ്മെ അറിയാന്‍ ആവുകയും ഇല്ലാ .. സുഹൃത്തെ ഇനിയുള്ള വഴികളില്‍ നീ ഒപ്പം ഇല്ലാതെ എനിക്കെങ്ങനെ ചലിക്കാന്‍ ആവും ജുദാ ... ഒരുവേള നിന്റെ ശ്രമം പരാജയം ആയാല്‍? ... ഈ ജനതയുടെ മുന്നില്‍ നീ ഒറ്റുകാരനാവും ... അവര്‍ നിന്നെ പുച്ഛിക്കും ജുദാ .. തലമുറകളോളം ശാപമായി അവശേഷിക്കും ... വേണ്ട ജുദാ നമുക്ക് മറ്റു വഴികള്‍ നോക്കാം സുഹൃത്തെ ... ജന്മം മുതല്‍ ആരോരും ഇല്ലാതെ പോയവനാണ്‌ ഈ ഇമ്മാനുവല്‍ ... എനിക്കാകെ ഉണ്ടായിരുന്നത് നീ മാത്രമാണ് ജുദാ നീ പോകരുത് ...
ː- ഇമ്മാനുവേല്‍ നീ പറഞ്ഞതാണ് സത്യം ... നമുക്ക് പരസ്പരം അറിയും പോലെ ആര്‍ക്കും നമ്മെ അറിയില്ലാ ഇമ്മാനുവേല്‍ ... അത് കൊണ്ട് തന്നെ ഈ വിഷയം സംസാരിക്കാന്‍ മറ്റൊരാളെ ഇടപെടുത്തുവാന്‍ എനിക്ക് കഴിയില്ല ... സുഹൃത്തേ ... എനിക്ക് മറ്റാരെയും വിശ്വാസമില്ല എന്നതാണ് സത്യം .. നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കണം ഇമ്മാനുവേല്‍ .. ഞാന്‍ കൃത്യമായ ഒരു ഉടമ്പടി ഉണ്ടാക്കി തിരികെ വരും .. ഇല്ലെങ്കില്‍ ജുദാ ജീവിച്ചിരിപ്പില്ലാ എന്ന് കരുതണം ഇമ്മാനുവേല്‍ .. പിന്നെ കുറ്റപ്പെടുത്തലുകളും ചീത്തപ്പേരും .. അത് ഞാന്‍ കാര്യമാക്കുന്നില്ല ഇമ്മാനുവേല്‍ .. ഈ നന്ദികെട്ട ജനതയുടെ ആക്രോശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല തന്നെ .... നമ്മുടെ ലക്‌ഷ്യം വലുതാണ്‌ .. ഈ ജനതയുടെ .. ആയിരക്കണക്കിന് നിസഹായരായ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ ഇമ്മാനുവല്‍ അതിനു വേണ്ടി ഞാന്‍ ബലിയാടായാലും എനിക്ക് അതില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ .. ഞാന്‍ വരട്ടെ ...
---------------------------------------------------------------------------------------------------
തലയോട്ടികളുടെ ഇടത്തേക്ക് ഇമ്മലുവല്‍ കുരിശു ചുമന്നു നടന്നു പോയി .... ജുദായുടെ പ്രിയ തോഴന്‍ ... അവന്‍ അവന്റെ അവസാന പൊതുയാത്ര നടത്തുന്ന നേരം അരിമാത്യക്കാരന്‍ ജൊസഫ് ജുദായുടെ നിര്‍ദേശം അനുസരിച്ചു കാത്തിരുന്നു ... കല്ലറയില്‍ വിശേഷപ്പെട്ട രഹസ്യ മരുന്നുമായി വൈദ്യന്മാരും കാത്തിരുന്നു .. പീലാത്തോസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു ആശങ്കയോടെ അതിന്റെ പൂര്‍ണത കാത്തിരുന്നു ... ഇടിവെട്ടി മഴ പെയ്തു ..... ഭൂകമ്പം ഉണ്ടായി ... പ്രകൃതി ഇമ്മാനുവേലിന്റെ വിപ്ലവത്തിന് അവസാന രംഗം കുറിച്ചു
.
നിഗൂഡമായ ഒരിടത്ത് ഇരുന്നു ജുദാ പുഞ്ചിരിച്ചു ...... തന്റെ പ്രിയ സ്നേഹിതനെ തന്നെ കൂടെപ്പിറപ്പിനെക്കാളും സ്നേഹിച്ച ഇമ്മാനുവേല്‍ മൂന്നു ദിവസത്തിനകം സുഖം പ്രാപിക്കും എന്നും അതിനു ശേഷം തങ്ങളുടെ യാത്ര തുടങ്ങാം എന്നും അയാള്‍ കണക്കു കൂട്ടി ....... വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി ... അവസാനമായി യാത്രാമൊഴി ചൊല്ലുവാന്‍ അമ്മയെ ഒന്ന് കാണാന്‍ അനുവദിക്കണം എന്ന ഇമ്മാനുവേലിന്റെ ആവശ്യവും അവന്‍ സാധ്യമാക്കാന്‍ വേണ്ടത് ചെയ്തിരുന്നു ... എല്ലാം തന്റെ പദ്ധതി പ്രകാരം നടക്കണേ എന്ന് തന്നെ അവന്‍ ആഗ്രഹിച്ചു .....
------------------------------------------------------------------------------------------------
ː- ജുദാ പ്രിയ കൂട്ടുകാരാ ..........
ː- ഇമ്മാനുവേല്‍ .............
ː- നീ ഒക്കെ ഭംഗിയാക്കി ജുദാ ..... എങ്ങും ഒരു പിഴവും സംഭവിച്ചില്ല പക്ഷെ .....
ː- എന്ത് പക്ഷെ ഇമ്മാനുവേല്‍ ?
ː- എല്ലാവരും നിന്നെ ചതിയന്‍ എന്നും ഒറ്റുകാരന്‍ എന്നും വിളിക്കുന്നു ജുദാ ... തലമുറകളോളം ആ ശാപം നിലനില്ക്കും നിന്റെ കുടുംബത്തിന്റെ പേരിനൊപ്പം .......എനിക്ക് വേണ്ടി നീ തലയെറ്റിയ ഈ ശാപം ..
ː- ഇമ്മാനുവേല്‍ ഇത് നിനക്ക് വേണ്ടി അല്ലാ കൂട്ടുകാരാ ...... നാമിത് ചെയ്തിരുന്നില്ലാ എങ്കില്‍ ഈ ജനത ഒട്ടാകെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തേനെ ജുദാ ... റോമന്‍ സൈനിക ശക്തി നമുക്കറിയുന്നതല്ലേ ...... പിന്നെ എന്റെ കാര്യം ... ഇന്നത്തോടെ ജുദാ അവസാനിച്ചു പോകും ....... ചരിത്രം ജുദായെ ചതിയനെന്നോ ഒറ്റുകാരന്‍ എന്നോ കുട്ടപ്പെടുത്തിയെക്കാം ഒരായിരം ശവശരീരങ്ങളെക്കാലും വലുതല്ലല്ലോ ഇമ്മാനുവേല്‍ ഈ ചീത്തപ്പേര് ...... പിന്നെ ആരും ഇനി മേല്‍ ജുദായെ അന്വേഷിക്കയില്ല ... പീലാത്തോസ് എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ... ജുദാ ഇന്ന് കൊല്ലപ്പെടും .... പീലാത്തോസ് അത് ഔദ്യോഗികമായി സ്ഥിരീകരിക്കും .... ഈ ജനത ജുദായെ മറക്കും ഇമ്മാനുവേല്‍
ː- ജുദാ നീ എല്ലാം ആലോചിച്ചിരിക്കുന്നു കൂട്ടുകാരാ .....
ː- ഇമ്മാനുവേല്‍ ......... ഇന്നല്ലെങ്കില്‍ നാളെ ജനത നിന്റെ വാക്കുകള തിരിച്ചറിയും .. അന്ന് അവര്‍ നിന്നെ കേള്‍ക്കാതെ ഇരുന്നതിനു സ്വയം ശപിക്കും ഇമ്മാനുവേല്‍ ........ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒച്ചകള്‍ ആദ്യമാദ്യം നിഷേധിക്കപ്പെടും എങ്കിലും പിന്നെയത് ജനം നെഞ്ചിലെറ്റും ഇമ്മാനുവേല്‍ നമുക്ക് കാത്തു നില്കാന്‍ സമയമില്ല ....... ഒത്തിരി ഒത്തിരി ദൂരമുണ്ട് ....... ഹിന്ദുക്കുഷ് പര്‍വത നിരകടന്നു ഹിമാലയത്തിലേക്ക് ആയിരക്കണക്കിന് കാതം ദൂരമുണ്ട് ഇമ്മാനുവേല്‍ ...... നമുക്ക് പോകാം സുഹൃത്തെ ഇനി ശാന്തതയുടെ നാളുകള്‍ ... ഇനി ശാന്തതയുടെ നാളുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ