2016 മേയ് 4, ബുധനാഴ്‌ച

ചീട്ടുകൊട്ടാരങ്ങൾ കെട്ടിപ്പൊക്കി
കിനാവിന്റെ ലോകത്ത് ജീവിക്കുന്നവർ അറിയുന്നില്ല
ചീഞ്ഞു പോകുന്ന ചിന്തകളുടെ കൂമ്പാരം
വളം ആകുന്നതെന്തിനെന്നു ..........
പിന്തിരിഞ്ഞു നടക്കാൻ ആവാത്തവണ്ണം
ചതിയുടെ ആഴത്തിലേക്ക് നടക്കുന്നവർ
വിശ്വസിക്കാവുന്ന കരങ്ങളെ ഒക്കെ വെട്ടി നീക്കി
നിങ്ങളെ ഒറ്റപ്പെടുത്തുന്ന തന്ത്രവും തിരിച്ചറിയില്ല
അനാവശ്യ വിദ്വേഷങ്ങൾ കുത്തി വയ്ക്കുന്ന അനുചരവ്രുന്തം
അവരുടെ മേലാലരുടെ കൌടില്യമാണ് നടപ്പാക്കുക
ഇനിയും വൈകിയിട്ടില്ല വളരെ കുറച്ചു സമയം ബാക്കിയുണ്ട്
====================================
കല്ലുരുട്ടി മലകയറട്ടെ
താഴേക്കിട്ടു ചിരിക്കാൻ
എന്റെ വാക്കിനു കിട്ടുന്ന വില !!!!
മരണത്തോളം പോന്ന
ഒഴിഞ്ഞു പോകലുകളിൽ
ഒരു വിരാമ ചിഹ്നം കൊണ്ടല്ല
നീ എന്നെ അടയാളപ്പെടുത്തെണ്ടത് !!
.
ഏറ്റവും അഗാധമായ ഇരുളിന്റെ ഗഹ്വരങ്ങളിൽ
പുനർജനിച്ച ഫീനീക്സ് പക്ഷിയുടെ വിടർന്ന
ചിറകുകളിലെ വർണ്ണത്തൂവൽ ?
.
ഏതോ ജലാശയത്തിനുള്ളിൽ മറഞ്ഞു
ശരിയായ കാലം കാത്തിരിക്കുന്ന
അഗ്നി പടർത്തുന്നൊരു വ്യാളി ?
..
മനോഹരമായ ഒരു കിനാവിന്റെ തോട്ടം
അലയുന്ന ഒറ്റക്കൊമ്പൻ കുതിരയുടെ
അഴകുള്ള അലസത ?
.
അതൊന്നും അല്ലാ ......
ഒരു ആലിംഗനത്തിലും .....
ഒരു ചുംബനത്തിലും ......
ഒരു നല്ലവാക്കിലും ....
വിടർന്നു പോകുന്ന വസന്തം ...
എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ..
ഏറ്റവും സാധാരണമായൊരു കിനാവിന്റെ
കാവൽക്കാരനാണ് ഞാൻ .....
.
കത്തിപ്പോയ ഒരു നിഘണ്ടു ....
തേഞ്ഞു പോയൊരു തൂലികത്തുമ്പ്‌ ...
കൈകാലുകളിലെ ചോരയിറ്റുന്ന ചങ്ങലപ്പാട് ..
അമാവാസിയിൽ ഒരു അമർത്തിയ തേങ്ങൽ ..
ഇങ്ങനെ ഒക്കെ വേണം നിങ്ങളെന്നെ
രേഖപ്പെടുത്തേണ്ടത് .....
എന്തെന്നാൽ രേഖപ്പെടുത്തലുകൾ ..
സത്യസന്ധം ആയിരിക്കണം !!
വെള്ള മൾബെറിയുടെ ഇലകൾ
ആവേശത്തോടെ കരണ്ട് തീർത്ത്‌
ഉറങ്ങാൻ പോയ പുഴുക്കളുണ്ട് ......
കൊക്കൂണുകൾക്കുള്ളിൽ വെന്തു മരിച്ചു പോയവ ..
ബോംബിക്സ് മോറിയുടെ നൂറ്റാണ്ടുകൾ
നീണ്ട ആ ത്യാഗമാവണം .....
പട്ടുടയാടകൾ ഇത്രയും നേർത്തതായതിനു കാരണം !!!
ഞാനും മടങ്ങട്ടെ
എന്റെ കൊക്കൂണിലേക്ക് ...
നാളെ എനിക്കും ചിറകുകൾ മുളയ്ക്കും
എന്റെ ആകാശം എനിക്ക് തിരികെ കിട്ടും
അതോ ?
തിളയ്ക്കുന്ന ജലത്തിലെ സമാധിയാവുമൊ ?
സ്വയം എരിഞ്ഞു വിളക്കാവാൻ
പോന്ന വലുപ്പം മനസിനില്ലാത്തത് കൊണ്ടാവാം
അല്ലെങ്കിൽ ....
ഞാൻ മാത്രം ഇരുളിലാവുന്നത് എന്തിനു ?
.
ഉയരങ്ങളെ പേടിക്കുന്നത് കൊണ്ടാവാം
എന്റെ ചിറകുകൾ വിടരാതെ പോകുന്നതും
എന്റെ ആകാശം എനിക്ക്
കിനാവായി അവശേഷിക്കുന്നതും !!
.
മനസൊരു ആയുധപ്പുരയാവുന്നത്
അമർഷം നിയന്ത്രിക്കാൻ ആവാതെ പോകുന്നത്
എന്റെ നിയോഗം എന്ന് ഞാൻ അറിയാഞ്ഞല്ല
എന്നാലും യുദ്ധഭൂവിൽ എന്റെ കൈ വിറയ്ക്കുന്നതെന്തു?
.
തൂലികയുടെ മഷി വറ്റിപ്പോയി ...
ഇനിയൊരു അക്ഷരവും തെളിവോടെ എഴുതാൻ
അതിനാവുകയില്ല ......
വേനലാണ് മനസ്സിൽ കൊടും വേനൽ ..
.
.

[ ഇനിയില്ല നേരമെൻ പകലസ്തമിക്കുന്നു
ഇനിയില്ലെനിക്കൊരു രാവും ..........
നിറയുന്ന മൌനം നിറച്ച ചഷകങ്ങളിൽ
നിന്നും വിഷം കുടിച്ചേ പോണം ....
ചതിയും വഞ്ചനയും ഇല്ലാത്ത .....
മനുഷ്യരുള്ള ഒരു കാലത്തേക്ക് ..
മനുഷ്യരുള്ള ഒരു ലോകത്തേക്ക് പിൻവാങ്ങണം ..
ഉണ്ടായിരുന്നില്ല ഒരിക്കലുമെന്ന വണ്ണം
അഴിഞ്ഞു അഴിഞ്ഞങ്ങു പോകണം ....]
ഞാനും കൊതിക്കുന്നുണ്ട് ....
നിനക്കും എനിക്കും ഇടയിലെ ആ നിശബ്ദ ദൂരം ..
ഇല്ലാതെ പോകണം എന്നും ...
നമുക്ക് നാമായി മാറാൻ ആവണം എന്നും ...
ഞാൻ ആഗ്രഹിക്കുന്നുണ്ട് ...
.
നിലാവ് പൂത്തു നിന്ന നേരത്ത് ...
ഒരു നനുത്ത സ്പർശമായി .....
നിന്നെ ഞാൻ അറിഞ്ഞിരുന്നു സെലീനിയ ...
സെലീനിയ ചാന്ദ്രദേവതേ .......
നിനക്കും എനിക്കും വേണ്ടി മാത്രം ആയിട്ടൊരു ഭ്രമണ പഥം ?
.
സെലീനിയ ...
നിന്നിലേക്ക്‌ എത്താൻ എനിക്ക് വഴികൾ അറിയാതെ പോകുന്നു
നിന്നെ അറിയാനും ...
എന്നാലും സെലീനിയ ...
നിന്നിൽ നിന്നടരാൻ എനിക്കാവുകയില്ല ...
.
സെലീനിയാ ...
ഒടുങ്ങാത്ത പ്രണയവും ......
അനന്ത വിഹായസിൽ ആവോളം പറന്നു നടക്കാൻ ചിറകും ..
ഞാൻ നിനക്ക് നൽകും
എന്റെ പക്കൽ നിനക്കായി തരാൻ അത് മാത്രമേ ഉള്ളൂ സെലീനിയ ..
.
ഞാൻ കാത്തിരിക്കാം ....
നീയെന്നും ഞാനെന്നും ഉള്ളതിനപ്പുറം ...
നാമെന്നു നാം തിരിച്ചറിയുന്ന ആ നിമിഷത്തിനു
ജീവന്റെ നിറങ്ങൾ തെളിയുന്ന നാളിൽ
നാം നമ്മെ കണ്ടെത്തും എന്ന് തന്നെ കിനാവ്‌ കണ്ട് ...
എനിക്കൊന്നും നഷ്ടമായില്ല !!
========================
എന്റെ ചിറകുകളും ...
ഞാൻ പറന്ന ആകാശവും ...
എന്റെ കിനാക്കളും ..
ഞാൻ കണ്ട ആഴിയുടെ ആഴങ്ങളും ..
എന്റെ നിറങ്ങളും എന്റെ പൂക്കളും ..
എന്റെ ശലഭങ്ങളും ..
ഈണവും ഗാനവും ....
എനിക്കൊന്നും നഷ്ടമായില്ല !!
ഇത്തിരി നേരം കാഴ്ച മങ്ങിയിരുന്നു ..
ഞാൻ ഒന്നും കണ്ടിരുന്നില്ല ...
ഒക്കെ നഷ്ടമായെന്നു കരുതിയതും നേര് ...
.
നീ അറിയുക ....
============================
എന്റെ വസന്തം തിരികെ വന്നിരിക്കുന്നു ..
എന്റെ കിനാവിടങ്ങളിൽ ....
ഇന്നും മനോഹരമായൊരു ഗാനം കേട്ടിരുന്നു ..
എന്നെ പൊതിഞ്ഞു നില്ക്കുന്ന ...
സുഗന്ധ പൂരിതമായ ഒരു സ്നേഹവും ..
അതിന്റെ കുളിരും .....
.
ഇല്ലാ .....
===============================
എനിക്കൊന്നും നഷ്ടമായിട്ടില്ല .....
നഷ്ടമായത് നിനക്കല്ലേ ?
നിന്റെ ചിറകുകൾ എവിടെ ?
നിന്റെ ആ നീലാകാശം എവിടെ ?
നിന്റെ നിരഭംഗിയുള്ള വാടിയെവിടെ ?
നിന്റെ ചിരിയെവിടെ ?
നിന്റെ മൊഴിയെവിടെ ?
നിന്റെ ചുറ്റും ചിറകടിച്ചിരുന്ന വാക്കുകളെവിടെ ?
നിന്റെ ഭൂമി ചുട്ടു പൊള്ളി ഒരു മരുഭൂമി ആയിരിക്കുന്നു !!
നിന്റെ ആകാശം ശൂന്യമായിരിക്കുന്നു ...
നഷ്ടമായതെല്ലാം നിനക്കല്ലേ ?
.
നീ അറിയണം .....
===================================
എന്റെ കിനാവിടത്തിൽ ...
എനിക്കായി അവൾ പാടുന്നുണ്ട് ....
ചിറകടിക്കുന്ന വാക്കുകളും ..
ചിരിയുടെ മുത്തുകളും .....
കൊണ്ടവൾ വിരിയിക്കുന്ന വസന്തമുണ്ട്...
എന്റെ ആകാശം ശൂന്യമല്ലാ .....
ഒരായിരം പക്ഷികൾ ചിറകടിക്കുന്ന ..
എന്റെ ആകാശമോ .....
മുത്തും പവിഴവും നിറഞ്ഞ എന്റെ ആഴിപ്പരപ്പോ ..
നിനക്കിനി മേൽ കാണാൻ ആയെന്നു വരില്ല ..
എന്തെന്നാൽ ...
ഇടുങ്ങിയ മനസുകളിൽ തടവിലായവർക്ക് ..
വിശാല ലോകം എന്തെന്നറിയാൻ ആവില്ല ...
വാഗ്ദെവത ശപിച്ചവർക്ക് ..
ഗാനം മെനയാനാവില്ല .....
=================================
എന്നാലും നിന്നോട് എനിക്ക് സഹതാപം മാത്രം ...
ചിറകു മുളച്ചൊരു ശലഭമായി എന്നെങ്കിലും
നിനക്കും പറക്കാൻ ആകട്ടെ വീണ്ടും ..
എന്റെ എന്റെ എന്ന് കരുതിയ ഒരു ഇന്നലെയുടെ ...
മൃത്യുവിധിക്കപ്പെട്ട ഓർമകളുടെ നന്ദി ....
മൃത്യുവിധിക്കപ്പെട്ട ഓർമകളുടെ നന്ദി ....
[ശബരി എന്ന നിഷാദ സ്ത്രീയുടെ പുത്രന്റെ കഥയാണിത്
നായാട്ടിന്റെ ഇടവേളയിൽ രാജാവിനാൽ ഭൊഗിക്കപ്പെട്ട്
നിഷാദ യുവതിക്ക് ജനിച്ച പുത്രൻ ...
നിഷാദ രക്തത്തിന്റെ അശുദ്ധി ദേവരക്തം എന്നൊരു കളവു പറഞ്ഞു മറച്ചു പിതാവ് കൂട്ടിക്കൊണ്ടു പോയെങ്കിലും .. സത്യം വെളിപ്പെട്ട നേരം
വര്ണ വിശ്വാസത്തിന്റെ ഭ്രാന്തിൽ ഏറ്റവും വിശ്വസ്തർ ആയിരുന്ന മൂന്നു സ്നേഹിതരോടൊപ്പം കാടിന്റെ നടുവിൽ ചതിയിൽ കൊല്ലപ്പെട്ടു പോയ നിഷാദൻ ......
തന്റെ ഗുരുപുത്രി കാത്തിരിക്കുന്നു എന്ന് അറിയുമ്പോ അവള്ക്കുള്ള സന്ദേശവും
അവൻ അമ്മയോട് പറഞ്ഞുപോകുന്നു ...... ഇതവന്റെ മരണത്തിനു
തൊട്ട് മുൻപ് അമ്മയോട് പറയാൻ ആഗ്രഹിച്ചതാവാം ]
===============================================
.
അമ്മേ ശബരീ .......
തോറ്റു പോയമ്മേ ഈ നിഷാദൻ ..
രക്തശുദ്ധി അളക്കുന്ന മനുവിന്റെ മാപിനിയിൽ ..
എന്നും നിഷാദ രക്തം അശുദ്ധം തന്നെ ...
ഈ കൊടും വനത്തിൽ ശത്രുവിന്റെ ഒളിയമ്പാൽ ..
ഒഴുകിപ്പരക്കുന്നതു എന്റെ രക്തം ....
.
അമ്മേ ശബരീ ...........
കാടിന്റെ ശീതള ഛായ വിട്ടു ..
കൊട്ടാരക്കെട്ടിലെ കെട്ടിമൂടിയ ഇരുളിലേക്ക്
എന്നെ കൂട്ടുന്ന നേരം ..
അവരെന്നിലെ നിഷാദ രക്തത്തിന് ..
പകരം ദേവരക്തം എന്ന് കളവു ചൊല്ലി ..
അമ്മയില്ലാത്തവനായമ്മേ ഞാൻ ..
സ്വവർഗഭോഗ സന്തന്തിയെന്നവർ !!
.
അമ്മേ ശബരീ .........
സ്നേഹത്തിന്റെ തേനും ...
ഒരുമയുടെ വയമ്പും കൂട്ടിയരചൂട്ടിയ ..
അമ്മയുടെ മുലപ്പാലിന്നും മധുരിക്കുന്നു നാവിൽ ...
അതിരിലെ വേലിക്കെട്ടുകൾ മാത്രം ഉണ്ടാക്കുന്ന..
കൊട്ടാരക്കെട്ടിലെ ഇരുണ്ട കോണുകൾ ..
അവർക്ക് വേണ്ടത് പുലിപ്പാല് മാത്രം ..
തോറ്റു പോയമ്മേ ഈ നിഷാദൻ ....
.
അമ്മേ ശബരീ ....
കണ്ണായി കരളായി കാത്തവർ ...
അവരെ നീ കാണുന്നുണ്ടോ അമ്മേ .....
എന്നുടലിലേക്ക് വന്ന അമ്പുകളെല്ലാം ...
വീണു പോവും വരെ അവരുടലിൽ കൊരുത്തെടുത്തു ..
വലതു വന്നവന്റെ മെയ്വഴക്കവും ...
ഇടതു വന്നവന്റെ മന്ത്രങ്ങളും ...
കൂട്ട് നിന്നവന്റെ നാലാം വേദവും ...
പിന്നിൽ നിന്ന് വന്ന അമ്പുകള് കാണാതെ പോയമ്മേ ...
എനിക്കും മുന്നേ അവര് പോയമ്മേ .....
അവരെനിക്കു വേണ്ടി മരിച്ചിട്ടും ...
നിഷാദൻ വീണു പോയമ്മേ .......
.
അമ്മേ ശബരീ ..............
ശാസ്ത്രമോതി തന്നവന്റെ ആലയം വരെ ഒന്ന് പോണം ...
ചങ്കു നീറി കാത്തിരിക്കുന്നോളോട് നീ പറയണം അമ്മേ ...
നിഷാദൻ വീണു പോയെന്നു ....
നിഷാദൻ തോറ്റു പോയെന്നു .......
നിഷാദൻ ഇനി വരില്ലെന്ന് ........
മനുവിന്റെ മാപിനിയിൽ ആശുദ്ധരക്തം പൂണ്ടു പോയതിനു ..
മനുഷ്യ ജന്മങ്ങളിൽ അശുദ്ധി കാണാതെ പോയതിനു ...
ഒളിയമ്പുകളാൽ അവസാനിച്ചു പോയി നിഷാദൻ ....
.
അമ്മേ ശബരീ ഞാൻ മടങ്ങട്ടെ .........
അവരെന്നെ കാത്തിരിക്കുന്നുണ്ട് ......
ഇടവും വലവും ഒപ്പവും കാത്ത എന്റെ കൂട്ടുകാർ ..
എന്നാലും അമ്മേ .......
രാജരക്തത്തിൽ കാമം തിളച്ച നായാട്ടിടവേളയിൽ ..
വഴിപ്പെട്ടു പോയതിനു ഞാൻ കുറ്റം പറയില്ല ....
പക്ഷെ .......
ജനനവേളയിലെന്നെ കൊല്ലാതെ വിട്ടത് ......
ഔദാര്യമായിരുന്നമ്മേ ഉതകാതെ പോയ ഔദാര്യം ...
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........