2016, മേയ് 4, ബുധനാഴ്‌ച

[ശബരി എന്ന നിഷാദ സ്ത്രീയുടെ പുത്രന്റെ കഥയാണിത്
നായാട്ടിന്റെ ഇടവേളയിൽ രാജാവിനാൽ ഭൊഗിക്കപ്പെട്ട്
നിഷാദ യുവതിക്ക് ജനിച്ച പുത്രൻ ...
നിഷാദ രക്തത്തിന്റെ അശുദ്ധി ദേവരക്തം എന്നൊരു കളവു പറഞ്ഞു മറച്ചു പിതാവ് കൂട്ടിക്കൊണ്ടു പോയെങ്കിലും .. സത്യം വെളിപ്പെട്ട നേരം
വര്ണ വിശ്വാസത്തിന്റെ ഭ്രാന്തിൽ ഏറ്റവും വിശ്വസ്തർ ആയിരുന്ന മൂന്നു സ്നേഹിതരോടൊപ്പം കാടിന്റെ നടുവിൽ ചതിയിൽ കൊല്ലപ്പെട്ടു പോയ നിഷാദൻ ......
തന്റെ ഗുരുപുത്രി കാത്തിരിക്കുന്നു എന്ന് അറിയുമ്പോ അവള്ക്കുള്ള സന്ദേശവും
അവൻ അമ്മയോട് പറഞ്ഞുപോകുന്നു ...... ഇതവന്റെ മരണത്തിനു
തൊട്ട് മുൻപ് അമ്മയോട് പറയാൻ ആഗ്രഹിച്ചതാവാം ]
===============================================
.
അമ്മേ ശബരീ .......
തോറ്റു പോയമ്മേ ഈ നിഷാദൻ ..
രക്തശുദ്ധി അളക്കുന്ന മനുവിന്റെ മാപിനിയിൽ ..
എന്നും നിഷാദ രക്തം അശുദ്ധം തന്നെ ...
ഈ കൊടും വനത്തിൽ ശത്രുവിന്റെ ഒളിയമ്പാൽ ..
ഒഴുകിപ്പരക്കുന്നതു എന്റെ രക്തം ....
.
അമ്മേ ശബരീ ...........
കാടിന്റെ ശീതള ഛായ വിട്ടു ..
കൊട്ടാരക്കെട്ടിലെ കെട്ടിമൂടിയ ഇരുളിലേക്ക്
എന്നെ കൂട്ടുന്ന നേരം ..
അവരെന്നിലെ നിഷാദ രക്തത്തിന് ..
പകരം ദേവരക്തം എന്ന് കളവു ചൊല്ലി ..
അമ്മയില്ലാത്തവനായമ്മേ ഞാൻ ..
സ്വവർഗഭോഗ സന്തന്തിയെന്നവർ !!
.
അമ്മേ ശബരീ .........
സ്നേഹത്തിന്റെ തേനും ...
ഒരുമയുടെ വയമ്പും കൂട്ടിയരചൂട്ടിയ ..
അമ്മയുടെ മുലപ്പാലിന്നും മധുരിക്കുന്നു നാവിൽ ...
അതിരിലെ വേലിക്കെട്ടുകൾ മാത്രം ഉണ്ടാക്കുന്ന..
കൊട്ടാരക്കെട്ടിലെ ഇരുണ്ട കോണുകൾ ..
അവർക്ക് വേണ്ടത് പുലിപ്പാല് മാത്രം ..
തോറ്റു പോയമ്മേ ഈ നിഷാദൻ ....
.
അമ്മേ ശബരീ ....
കണ്ണായി കരളായി കാത്തവർ ...
അവരെ നീ കാണുന്നുണ്ടോ അമ്മേ .....
എന്നുടലിലേക്ക് വന്ന അമ്പുകളെല്ലാം ...
വീണു പോവും വരെ അവരുടലിൽ കൊരുത്തെടുത്തു ..
വലതു വന്നവന്റെ മെയ്വഴക്കവും ...
ഇടതു വന്നവന്റെ മന്ത്രങ്ങളും ...
കൂട്ട് നിന്നവന്റെ നാലാം വേദവും ...
പിന്നിൽ നിന്ന് വന്ന അമ്പുകള് കാണാതെ പോയമ്മേ ...
എനിക്കും മുന്നേ അവര് പോയമ്മേ .....
അവരെനിക്കു വേണ്ടി മരിച്ചിട്ടും ...
നിഷാദൻ വീണു പോയമ്മേ .......
.
അമ്മേ ശബരീ ..............
ശാസ്ത്രമോതി തന്നവന്റെ ആലയം വരെ ഒന്ന് പോണം ...
ചങ്കു നീറി കാത്തിരിക്കുന്നോളോട് നീ പറയണം അമ്മേ ...
നിഷാദൻ വീണു പോയെന്നു ....
നിഷാദൻ തോറ്റു പോയെന്നു .......
നിഷാദൻ ഇനി വരില്ലെന്ന് ........
മനുവിന്റെ മാപിനിയിൽ ആശുദ്ധരക്തം പൂണ്ടു പോയതിനു ..
മനുഷ്യ ജന്മങ്ങളിൽ അശുദ്ധി കാണാതെ പോയതിനു ...
ഒളിയമ്പുകളാൽ അവസാനിച്ചു പോയി നിഷാദൻ ....
.
അമ്മേ ശബരീ ഞാൻ മടങ്ങട്ടെ .........
അവരെന്നെ കാത്തിരിക്കുന്നുണ്ട് ......
ഇടവും വലവും ഒപ്പവും കാത്ത എന്റെ കൂട്ടുകാർ ..
എന്നാലും അമ്മേ .......
രാജരക്തത്തിൽ കാമം തിളച്ച നായാട്ടിടവേളയിൽ ..
വഴിപ്പെട്ടു പോയതിനു ഞാൻ കുറ്റം പറയില്ല ....
പക്ഷെ .......
ജനനവേളയിലെന്നെ കൊല്ലാതെ വിട്ടത് ......
ഔദാര്യമായിരുന്നമ്മേ ഉതകാതെ പോയ ഔദാര്യം ...
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........
അമ്മേ ശബരീ ....
ഞാൻ മടങ്ങട്ടെ അമ്മേ ..............
ഈ മണ്ണിലേക്കും .........
ഉറ്റവരുടെ മനസിലെക്കും ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ